മതംമാറ്റവും പെരുപ്പിച്ച കണക്കും

Posted on: August 22, 2017 8:06 am | Last updated: August 22, 2017 at 10:18 am

മലപ്പുറത്ത് സംഘടിത മതം മാറ്റമെന്ന ആരോപണവുമായി ബി ജെ പി വീണ്ടും വന്നിരിക്കുന്നു. ഹാദിയ കേസുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ പി ടി ഐ യോട് സംസാരിക്കവെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് ആഹിര്‍ ആണ് മലപ്പുറം ജില്ലയില്‍ വ്യാപകമായ രീതിയില്‍ മതംമാറ്റം നടക്കുന്നതായി ആരോപിച്ചത്. വര്‍ഷാന്തം ആയിരം പേര്‍ ഇവിടെ ഹൈന്ദവ, ക്രിസ്തീയ മതങ്ങളില്‍ നിന്ന് ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുണ്ടത്രെ. ഇതേക്കുറിച്ചു അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരള സര്‍ക്കാറിനോട് കേന്ദ്രം ആവശ്യപ്പെട്ടെങ്കിലും മറുപടിയൊന്നുമുണ്ടായില്ലെന്നും ഹന്‍സ്‌രാജ് ആഹിര്‍ കുറ്റപ്പെടുത്തി. ദാരിദ്ര്യമാണോ തൊഴിലില്ലായ്മയാണോ ഭീഷണിയാണോ മതംമാറ്റത്തിന് കാരണമെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.
കേരളത്തിലെ വിശേഷിച്ചും മലപ്പുറത്തെ ഇസ്‌ലാമിലേക്കുള്ള മതപരിവര്‍ത്തന കണക്കുകള്‍ പെരുപ്പിച്ചു കാട്ടി മതവിദ്വേഷം വളര്‍ത്താനും വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനും സംഘ്പരിവാര്‍ ശക്തികള്‍ അടുത്തിടെയായി കൊണ്ടുപിടിച്ച ശ്രമത്തിലാണ്. സംസ്ഥാനത്ത് ജനനനിരക്ക് മുസ്‌ലിംകളില്‍ കൂടുതലാണെന്നും ഈ സ്ഥിതി തുടര്‍ന്നാല്‍ അഞ്ച് വര്‍ഷത്തിനകം ഹിന്ദുക്കള്‍ ന്യൂനപക്ഷമായി തീരുമെന്നും ഒരു മുസ്‌ലിംവിരുദ്ധ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത് മുന്ന് മാസം മുമ്പാണ്. തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ജനന മരണ നിരക്കുകളെ അടിസ്ഥാനമാക്കിയെന്ന അവകാശവാദത്തോടെയായിരുന്നു വാര്‍ത്ത. 2015 ജൂലൈയില്‍ കോഴിക്കോട്ട് നടന്ന ബി ജെ പി സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റായിരുന്ന വി മുരളീധരന്‍ അവതരിപ്പിച്ച പ്രമേയത്തിലും മുസ്‌ലിം ജനസംഖ്യ വര്‍ധിച്ചുവരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. 2001ല്‍ 44 ശതമാനമായിരുന്ന ന്യൂനപക്ഷ സമുദായം പത്തു വര്‍ഷം കൊണ്ട് 52ശതമാനത്തിലെത്തിയെന്നും 2001 ല്‍ 56 ശതമാനമുണ്ടായിരുന്ന ഭൂരിപക്ഷ സമൂഹം ഇപ്പോള്‍ 48 ശതമാനത്തിലേക്ക് താഴ്‌ന്നെന്നുമായിരുന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്.

ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെന്ന പോലെ കേരളത്തിലും ആളുകള്‍ ഇസ്‌ലാം ആശ്ലേഷിക്കുന്നുവെന്നത് വസ്തുതയാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ടു സംഘ്പരിവാര്‍ കേന്ദ്രങ്ങളും മറ്റും പറയുന്ന കണക്കുകള്‍ അതിശയോക്തിപരമാണ്. ഇതര മതസ്ഥരെ ഇസ്‌ലാമിനെതിരെ തിരിക്കാനും പ്രകോപനം സൃഷ്ടിക്കാനും കണക്കുകള്‍ പെരുപ്പിച്ചു കാട്ടുകയാണിവര്‍. ഭീഷണിയോ പ്രലോഭനങ്ങളോ അല്ല ഇതിന് പ്രേരകം. നിര്‍ബന്ധിതമോ ആസൂത്രിതമോ ആയ മതപരിവര്‍ത്തനം നടക്കുന്നില്ലെന്ന് ഡി ജി പിയും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും നേരത്തെ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയതാണ്. 2009 അവസാനത്തില്‍ ഉയര്‍ന്നു വന്ന ലൗ ജിഹാദ് ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സംഘടിത മതംമാറ്റ ശ്രമം നടക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ ഹൈക്കോടതി നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഡി ജി പിയും ഇന്റലിജന്‍സ് ബ്യൂറോയും അത്തരം മതംമാറ്റങ്ങള്‍ ഇവിടെയില്ലെന്ന് കണ്ടെത്തിയത്.

സുഹൃത്തുക്കളില്‍ നിന്നോ, അയല്‍വാസികളില്‍ നിന്നോ ഇസ്‌ലാമിനെ മനസ്സിലാക്കിയും ആശയങ്ങളുടെ മഹിമ ബോധ്യപ്പെട്ടുമാണ് മറ്റുള്ളവര്‍ ഇസ്‌ലാമിലേക്ക് കടന്നുവരുന്നത്. 40 വര്‍ഷത്തോളം ക്രൈസ്തവ സഭയിലെ കന്യാസ്ത്രീയായിരുന്ന എറണാകുളത്തെ സിറ്റര്‍ റാച്ചേല്‍ ഇതിനിടെ സഭാ വസ്ത്രം ഉപേക്ഷിച്ചു ഇസ്‌ലാമിലേക്ക് വന്നു. സുഹൃത്തുക്കളില്‍ നിന്ന് ഖുര്‍ആനിനെക്കുറിച്ചു കേട്ട് അതേക്കുറിച്ചു പഠിക്കാന്‍ ഔത്സുക്യമുണ്ടായപ്പോഴാണ് മതം മാറിയതെന്ന് അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കമലാസുരയ്യയെ പോലെ പ്രമുഖരും ഇതുപോലെ സ്വമേധയാ ഇസ്‌ലാമിലേക്ക് കടന്നു വന്നിട്ടുണ്ട്. ആഗോള പ്രശസ്ത എഴുത്തുകാരിയായ അവരുടെ പരിവര്‍ത്തനം പ്രലോഭനങ്ങള്‍ക്ക് വഴിപ്പെട്ടാണെന്ന് വരുത്തിത്തീര്‍ക്കാന്‍ നിര്‍വാഹമില്ലാത്തത് കൊണ്ടായിരിക്കണം ഇതുമായി ബന്ധപ്പെട്ടു ഒരു പ്രണയ കഥ മെനഞ്ഞുണ്ടാക്കിയത്.
മൗലികാവകാശങ്ങളില്‍ പെട്ടതാണ് രാജ്യത്ത് മതസ്വാതന്ത്ര്യം. ഏത് മതത്തില്‍ വിശ്വസിക്കാനും ആചാരങ്ങള്‍ അനുഷ്ഠിക്കാനും ഇന്ത്യന്‍ ഭരണഘടന പൗരന്മാരെ അനുവദിക്കുന്നുണ്ട്. ഒരു മതത്തില്‍ ജനിച്ച വിശ്വാസിക്ക് പിന്നീട് മറ്റൊരു മതമാണ് ശരിയെന്ന് ബോധ്യപ്പെട്ടാല്‍ അതിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതും അനുവദിക്കപ്പെട്ടതാണ്. അടുത്ത ദിവസം ഡല്‍ഹിയില്‍ ഒരു ചടങ്ങില്‍ പ്രസംഗിക്കവെ, തന്റെ സര്‍ക്കാര്‍ പൂര്‍ണമായ മതസ്വാതന്ത്ര്യം നല്‍കുമെന്നും ശരിയെന്ന് തോന്നുന്ന മതങ്ങളില്‍ വിശ്വസിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും പ്രധാനമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. എല്ലാ വിശ്വാസങ്ങളെയും സ്വാഗതം ചെയ്യുകയും ബഹുമാനിക്കുകയും ചെയ്യുകയെന്നതാണ് ഇന്ത്യയുടെ പാരമ്പര്യമെന്നും അദ്ദേഹം പറഞ്ഞു. പിന്നെന്തിനാണ് ഇസ്‌ലാമിലേക്കുള്ള മതപരിവര്‍ത്തനത്തില്‍ കേന്ദ്രമന്ത്രിയും സംഘ്പരിവാറും ഉത്ക്കണ്ഠപ്പെടുന്നത്? എന്തുകൊണ്ടാണ് സഹിഷ്ണുതാ മനോഭാവം സംഘ് പരിവാറിന് ഇല്ലാതെ പോകുന്നത്?