എഐഎഡിഎംകെ ലയനം: പനീര്‍ സെല്‍വം ഉപമുഖ്യമന്ത്രി; ശശികല പുറത്ത്

Posted on: August 21, 2017 4:39 pm | Last updated: August 22, 2017 at 7:12 am

ചെന്നൈ: തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെയില്‍ ഐക്യം പുലര്‍ന്നു. ജയലളിതയുടെ വിയോഗശേഷം വിരുദ്ധചേരിയില്‍ നീങ്ങിയ ഒ പനീര്‍സെല്‍വം പക്ഷവും എടപ്പാടി പളനി സ്വാമി പക്ഷവും തമ്മില്‍ ലയിച്ചു. ഐക്യധാരണ അനുസരിച്ച് ഒ പനീര്‍ സെല്‍വം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ധനകാര്യ വകുപ്പും അദ്ദേഹത്തിനാണ്. പാര്‍ട്ടിയുടെ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ പദവിയും അദ്ദേഹത്തിന് നല്‍കി.

വി കെ ശശികലയെ എഐഎഡിഎംകെയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കുക എന്നതുള്‍പ്പെടെ ഒപിഎസ് പക്ഷത്തിന്റെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതോടെയാണ് ഐക്യം സാധ്യമായത്. ജനറല്‍ ബോര്‍ഡി യോഗം ഉടന്‍ ചേര്‍ന്ന ശേഷം ശശികലയെ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കുമെന്ന് പാര്‍ട്ടി നേതാവ് മുനി സ്വാമി അറിയിച്ചു.

ഇരു പക്ഷവും തമ്മിലുള്ള ധാരണ അനുസരിച്ച് ഒ പിഎസ് പക്ഷത്തെ മൂന്ന് പേരെ മന്ത്രിമാരാക്കും. ഇതുപ്രകാരം മുന്‍ വിദ്യാഭ്യാസ മന്ത്രി പാണ്ഡ്യരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

ചെന്നൈ റോയപ്പേട്ടയിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രിസീഡിയം ചെയര്‍മാന്‍ ഇ മധുസൂദനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇരുപക്ഷവും ലയിക്കാന്‍ തീരുമാനിച്ചത്. യോഗത്തിന് ശേഷം എടപ്പാടി പളനി സ്വാമിയും ഒ പനീര്‍ ശെല്‍വവും പരസ്പരം ഹസ്തദാനം ചെയ്തു. പാര്‍ട്ടിയെ പിളര്‍ത്താന്‍ ആര്‍ക്കും കഴിയില്ലെന്ന് യോഗത്തിന് ശേഷം പനീര്‍ സെല്‍വം പറഞ്ഞു.

ലയനത്തിന് ശേഷം പാര്‍ട്ടിയെ നയിക്കാന്‍ 15 അംഗ ഉന്നതാധികാര ഭരണസമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. പനീര്‍ സെല്‍വമാണ് ഇതിന്റെ അധ്യക്ഷന്‍. കെ പി മുനി സ്വാമിയും വൈദ്യ ലിംഗവും ഉപാധ്യക്ഷനമാരാണ്.

ജയലളിതയുടെ മരണത്തോടെയാണ് എഐഎഡിഎംകെയില്‍ തര്‍ക്കം ഉടലെടുത്തത്. അധികാരക്കസേര ഉറപ്പിക്കാന്‍ ജലയളിതയുടെ തോഴിയായിരുന്ന ശശികല നടത്തിയ നീക്കങ്ങള്‍ പാര്‍ട്ടിയെ പിളര്‍ത്തുകയായിരുന്നു. ജയലളിത മരിച്ച ഉടന്‍ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്ത ജയലളിതയുടെ വിശ്വസ്തന്‍ പനീര്‍ സെല്‍വത്തെ പുറത്താക്കാന്‍ പിന്നീട് ശശികല കരുക്കള്‍ നീക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയില്‍ എത്തിയ ശശികല മുഖ്യമന്ത്രി പദത്തിന് വേണ്ടി നീക്കം നടത്തുന്നതിനിടെയാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാകുന്നത്. തുടര്‍ന്ന് പനീര്‍സെല്‍വത്തെ നീക്കി എടപ്പാടി പളനി സ്വാമിയെ മുഖ്യമന്ത്രി പദത്തില്‍ അവരോധിക്കുകയായയിരുന്നു.