എല്ലാ സര്‍വകലാശാലകളിലും അക്കാദമിക്ക് മാസ്റ്റര്‍ പ്ലാന്‍ തിരുവനന്തപുരം: എല്ലാ സര്‍വകലാശാലകളിലും

Posted on: August 19, 2017 12:23 am | Last updated: August 19, 2017 at 12:23 am

അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ കൊണ്ടുവരുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. കോഴിക്കോട് സര്‍വകലാശാല ഇതു സംബന്ധിച്ച് പ്രാരംഭ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഉന്നതവിദ്യാഭ്യാസ വകുപ്പിലെ ഓരോ കോളജിലും ഒരു ഡിപ്പാര്‍ട്ട്‌മെന്റ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും. കൂടാതെ, ഒരു കോളജില്‍ നിന്ന് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ജേര്‍ണല്‍ ഉണ്ടാകണമെന്ന് നിഷ്‌ക്കര്‍ഷിച്ചിട്ടുമുണ്ട്. സര്‍വകലാശാല സിലബസുകളിലെ അംഗീകാരമില്ലാത്ത കോഴ്‌സുകള്‍ പരിഷ്‌ക്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയെ മികവിന്റെ കേന്ദ്രമാക്കുന്നതിന് 240.9 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. അധ്യാപകരുടെ നിസഹകരണം മൂലം സ്വകാര്യ രജിസ്‌ട്രേഷന്‍ വിദ്യാര്‍ഥികളുടെയും സ്വാശ്രയ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെയും പരീക്ഷാ മൂല്യ നിര്‍ണയം വൈകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പരീക്ഷാപേപ്പര്‍ മൂല്യനിര്‍ണയം ജോലിയുടെ ഭാഗമാക്കി ഉത്തരവായതിനാല്‍ മൂല്യനിര്‍ണയത്തിന് പ്രത്യേക പ്രതിഫലം നല്‍കേണ്ടതില്ലെന്നും തീരുമാനമായതായി മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വിവിധ ലാന്റ് ട്രൈബ്യൂണലുകളിലായി 1,07,126 കേസുകള്‍ തീര്‍പ്പാക്കാതെ കിടക്കുന്നതായി സി ദിവാകരനെ മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ 2.43 ലക്ഷം ഗുണഭോക്താക്കളെ തിരഞ്ഞെടുത്തിട്ടുണ്ടെന്ന് എം രാജഗോപാലിനെ മന്ത്രി അറിയിച്ചു. ഇതില്‍ 54,398 പേര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം നല്‍കി. മറ്റുള്ള അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു.