Connect with us

National

കരസേനക്ക് ഇനി അപ്പാച്ചെ

Published

|

Last Updated

ന്യൂഡല്‍ഹി: കരസേനക്ക് കരുത്ത് പകരാന്‍ യു എസ് നിര്‍മിത ആറ് അപ്പാച്ചെ പോര്‍ ഹെലിക്കോപ്റ്ററുകള്‍ വാങ്ങുന്നതിന് തയ്യാറെടുക്കുന്നു. ഇതിനായി കേന്ദ്ര പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (ഡി എ സി ) അനുമതി നല്‍കി. ദീര്‍ഘകാലമായി അനുമതി നല്‍കാതിരുന്ന നിര്‍ദേശത്തിനാണ് ഇപ്പോള്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. കരസേനയുടെ ചരിത്രത്തിലാദ്യമായാണ് അപ്പാച്ചെ പോര്‍ ഹെലിക്കോപ്റ്ററുകള്‍ വാങ്ങുന്നത്. ആറ് മാസത്തിനകം ഹെലിക്കോപ്റ്ററുകള്‍ സ്വന്തമാക്കുന്നതിന് കരാര്‍ തയ്യാറാക്കാനാണ് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിനായി 4,168 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

നിലവില്‍ അമേരിക്ക, ഇസ്‌റാഈല്‍, നെതര്‍ലാന്‍ഡ് തുടങ്ങിയ ചുരുക്കം ചില രാജ്യങ്ങളുടെ സൈന്യം മാത്രമാണ് അപ്പാച്ചെ പോര്‍ ഹെലിക്കോപ്റ്ററുകള്‍ ഉപയോഗിക്കുന്നത്. ആറ് മാസത്തിനുള്ളില്‍ കരാര്‍ തയ്യാറാക്കിയാല്‍ 2021 ഓടെ സൈന്യത്തിന് അപ്പാച്ചെ ഹെലിക്കോപ്റ്ററുകള്‍ സ്വന്തമാകും. 2015ല്‍ 22 അപ്പാച്ചെ, ചിനൂക്ക് ഹെലിക്കോപ്റ്ററുകള്‍ ബോയിംഗില്‍ നിന്ന് ഇന്ത്യ വാങ്ങിയിരുന്നു. മൂന്ന് യു എസ് ബില്ല്യണ്‍ ഡോളറിന്റെ കരാറിലാണ് ഇത് സ്വന്തമാക്കിയിരുന്നത്. എന്നാല്‍, ആദ്യമായാണ് കരസേനക്ക് മാത്രമായി അപ്പാച്ചെ കോപ്റ്ററുകള്‍ വാങ്ങുന്നത്.
ശത്രുവിന് കനത്ത ആഘാതം വരുത്തുന്ന ബോയിംഗ് എ എച്ച് 64 അപ്പാച്ചെ ഹെലിക്കോപ്റ്ററുകളില്‍ രണ്ട് പോരാളികള്‍ക്കാണ് ഇരിക്കാന്‍ കഴിയുക. രാത്രികാലകളില്‍ ലക്ഷ്യസ്ഥാനങ്ങള്‍ കൃത്യമായി ദൃശ്യമാകുന്നതിനുള്ള സംവിധാനം, പര്‍വതങ്ങളുടെ ദൂരം തിരിച്ചറിയുന്നതിന് നോസ് മൗണ്ടന്‍ സെന്‍സര്‍ സിസ്റ്റം, എഴുപതില്‍പ്പരം റോക്കറ്റുകള്‍ കൊണ്ടുപോകുന്നതിനുള്ള സജ്ജീകരണം എന്നിവ അടങ്ങിയതാണ് അപ്പാച്ചെ ഹെലിക്കോപ്റ്ററുകള്‍. ഏത് കാലാവസ്ഥയിലും ഇത് ഉപയേഗിക്കാന്‍ സാധിക്കുമെന്നതും കോപ്റ്ററിന്റെ പ്രത്യേകതയാണ്. ഹെലിക്കോപ്റ്ററുകള്‍ക്ക് പുറമെ അനുബന്ധ ഉപകരണങ്ങള്‍, പരിശീലനം, ആയുധം എന്നിവ കരാര്‍ പ്രകാരം ലഭ്യമാകും.

അമേരിക്കന്‍ സേനയില്‍ എണ്ണൂറില്‍പ്പരം അപാച്ചെ കോപ്റ്ററുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. 1989ല്‍ പാനമയിലാണ് ഇത്തരം വിമാനങ്ങള്‍ ആദ്യമായി ഉപയോഗിച്ചത്. എ എച്ച് 64 ഇ വിഭാഗത്തില്‍പ്പെട്ടതാണ് ഹെലിക്കോപ്റ്ററുകള്‍. ഇന്ത്യക്കു വേണ്ടി റഷ്യയില്‍ നിര്‍മാണം പുരോഗമിക്കുന്ന ഗ്രിഗറോവിച്ച് ക്ലാസ്സ് കപ്പലുകള്‍ക്ക് ആവശ്യമായ രണ്ട് ഗ്യാസ് ടര്‍ബൈനുകള്‍ ഉക്രൈനില്‍ നിന്ന് വാങ്ങാനുള്ള അനുമതിയും ഡി എ സി നല്‍കി. 490 കോടി രൂപയാണ് ഗ്യാസ് ടര്‍ബൈനുകള്‍ വാങ്ങാന്‍ നീക്കിവെച്ചിരിക്കുന്നത്.
പാക്കിസ്ഥാനും ചൈനയും അതിര്‍ത്തിയില്‍ നിരന്തരമായി പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്ന സൗഹചര്യത്തിലാണ് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ വലിയ തുക ചെലവഴിച്ച് സൈന്യത്തെ സജ്ജമാക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സൈന്യത്തിന്റെ പക്കല്‍ ശക്തമായൊരു യുദ്ധം നേരിടുന്നതിനുള്ള ആയുധങ്ങളില്ലെന്ന സി എജി റിപ്പോര്‍ട്ടും നേരത്തെ പുറത്തുവന്നിരുന്നു.

Latest