Connect with us

National

ഗൊരഖ്പൂര്‍ ദുരന്തം: ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ഗൊരഖ്പൂരിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എഴുപതിലേറെ കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ സ്വമേധയാ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന ഹരജിക്കാരന്റെ ആവശ്യവും കോടതി തള്ളി. അതേസമയം, ഹര്‍ജിക്കാരനോട് ഹൈക്കോടതിയെ സമീപിക്കാമെന്ന് കോടതി നിര്‍ദേശിച്ചു.

ഗൊരഖ്പൂര്‍ വിഷയത്തില്‍ സുപ്രീം കോടതി നേരിട്ട് ഇടപെടണമെന്നും പ്രത്യേക അന്വേഷണസംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്നുമായിരുന്നു ഹരജിക്കാരന്റെ ആവശ്യം. എന്നാല്‍ വിഷയത്തില്‍ സുപ്രീം കോടതിക്ക് ഇടപെടാനാകില്ലെന്നും, ഹര്‍ജിക്കാരന് ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബഞ്ചാണ് ഹരജി പരിഗണിച്ചത്.

കഴിഞ്ഞ ഒരാഴ്ച്ക്കിടെ നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 70 ലേറെ കുട്ടികളാണ് ആശുപത്രിയില്‍ മരണപ്പെട്ടത്. എന്നാല്‍ കുട്ടികള്‍ മരിച്ചത് ഓക്‌സിജന്റെ കുറവ് മൂലമല്ലെന്നും ജപ്പാന്‍ ജ്വരവും മസ്തിഷ്‌ക ജ്വരവും ബാധിച്ചാണെന്നുമാണ് സംസ്ഥാന സര്‍ക്കാറിന്റെ വാദം.

 

Latest