ഇന്ത്യന്‍ സൈന്യത്തെ ആധുനികവത്കരിക്കാന്‍ യു എസിന്റെ സഹായ വാഗ്ദാനം

Posted on: August 14, 2017 7:52 am | Last updated: August 13, 2017 at 11:53 pm

വാഷിംഗ്ടണ്‍: ഇന്ത്യന്‍ സൈന്യത്തെ ആധുനികവത്കരിക്കുന്നതിന് ഒരു ഉന്നത അമേരിക്കന്‍ കമാന്‍ഡര്‍ അമേരിക്കയുടെ സഹായം വാഗ്ദാനം ചെയ്തു. ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ഇന്ത്യയുടെ സൈനിക ശേഷി പ്രബലവും അര്‍ഥപൂര്‍ണവുമായ വഴികളില്‍ മെച്ചപ്പെടുത്താനാകുമെന്നും ഇദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു ദശകത്തിനിടക്ക് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ വ്യാപാരം ഏകദേശം 15 ബില്യണ്‍ ഡോളര്‍വരും. ഇത് കുറച്ച് വര്‍ഷത്തിനുള്ളില്‍ കുതിച്ചുയരുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കയില്‍നിന്നും പോര്‍ വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള പുതിയ സൈനിക ഹാഡ്‌വേറുകള്‍, ആളില്ലാ വിമാനങ്ങള്‍, വിമാന വാഹിനികള്‍ എന്നിവ വാങ്ങാന്‍ ഇന്ത്യക്ക് പദ്ധതിയുണ്ട്. ഇന്ത്യന്‍ സൈന്യത്തെ ആധുനികവത്കരിക്കാന്‍ അമേരിക്ക തയ്യാറാണെന്നാണ് താന്‍ വിശ്വസിക്കുന്നത്.

അമേരിക്കയുടെ സുപ്രധാന പ്രതിരോധ പങ്കാളിയായാണ് ഇന്ത്യയെ കാണുന്നതെന്നും യു എസ് പസഫിക്ക് കമാന്‍ഡിന്റെ കമാന്‍ഡര്‍ അഡ്മിറല്‍ ഹാരി ഹാരിസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇന്ത്യയും അമേരിക്കയുമായി ശക്തമായ പ്രതിരോധ ബന്ധം ഉണ്ടാകേണ്ടതുണ്ട്. വര്‍ഷങ്ങളായി മലബാര്‍ സൈനിക അഭ്യാസങ്ങളില്‍ ഇരു രാജ്യങ്ങളും പങ്കാളികളാണ്. ജപ്പാനും ഇതില്‍ പങ്കാളിയാകുന്നത് ഏറെ സന്തോഷമുള്ളതാണ്. അമേരിക്ക,
ജപ്പാന്‍, ഇന്ത്യ എന്നിങ്ങനെയുള്ള കൂട്ടായ്മ സുപ്രധാനമാണ്. ഇതില്‍ ആസ്‌ത്രേലിയയും പങ്കാളിയാകണമെന്നും ഹാരിസ് പറഞ്ഞു.

ഇന്ത്യന്‍ സമുദ്രത്തില്‍ ഇന്ത്യ-അമേരിക്ക സംയുക്ത നാവിക പട്രോളിംഗ് നടത്താനുള്ള അമേരിക്കന്‍ നീക്കത്തിനെ എതിര്‍ത്തുകൊണ്ടുള്ള ഇന്ത്യയുടെ തീരുമാനം സംബന്ധിച്ച ചോദ്യത്തിന് അമേരിക്കക്ക് നിരാശയില്ലെന്ന് ഹാരിസ് മറുപടി പറഞ്ഞു. ഇത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.