1,268 ഫലസ്തീന്‍ പൗരന്മാരെ ഇസ്‌റാഈല്‍ അറസ്റ്റ് ചെയ്തു

Posted on: August 11, 2017 1:54 am | Last updated: August 11, 2017 at 12:55 am

രാമല്ല: കഴിഞ്ഞ രണ്ട് മാസത്തിനിടെ 1,268 ഫലസ്തീന്‍ പൗരന്‍മാരെ ഇസ്‌റാഈല്‍ അറസ്റ്റ് ചെയ്തതായി മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമായി. അധിനിവിഷ്ട ഫലസ്തീനില്‍ നിന്ന് ഇത്രയും പേരെ ചുരുങ്ങിയ കാലയളവിനിടെ അറസ്റ്റ് ചെയ്യുന്നത് ഇതാദ്യമാണ്. ജയിലിലടക്കപ്പെട്ടവരുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്ന അദ്ദമീര്‍, ഗാസാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ മീസാന്‍ എന്നിവയാണ് വിശദമായ കണക്ക് പുറത്തു വിട്ടത്. ജൂണില്‍ വെസ്റ്റ്ബാങ്കില്‍ നിന്നും ഗാസാ മുനമ്പില്‍ നിന്നും ജറുസലമില്‍ നിന്നുമായി 388 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ 70 കുട്ടികളും ആറ് സ്ത്രീകളും ഉള്‍പ്പെടും.

ജൂലൈയില്‍ അറസ്റ്റിലായവര്‍ 144 കുട്ടികളും 18 സ്ത്രീകളും അടക്കം 880 ഫലസ്തീന്‍ പൗരന്‍മാരാണെന്നും സംഘടനകള്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ജൂലൈ 14ന് ശേഷം അല്‍ അഖ്‌സാ പള്ളിക്ക് ചുറ്റും അരങ്ങേറിയ സംഘര്‍ഷമാണ് അറസ്റ്റിലാകുന്നവരുടെ എണ്ണം കുതിച്ചുയരുന്നതിന് കാരണം. അതിന് മുമ്പ് തന്നെ അനാവശ്യ അറസ്റ്റുകള്‍ വര്‍ധിച്ചത് സംഘര്‍ഷം ഉണ്ടാക്കാന്‍ ബോധപൂര്‍വം ഇസ്‌റാഈല്‍ ശ്രമിക്കുന്നുവെന്നതിന്റെ തെളിവാണ്.