ഹോളോബ്രിക്‌സ്, ഫ്‌ളോര്‍ ടൈല്‍സ് എന്നിവയുടെ ജി എസ് ടി നിരക്ക് കുറക്കണമെന്ന് കേരളം

Posted on: August 9, 2017 7:40 am | Last updated: August 9, 2017 at 12:41 am

തിരുവനന്തപുരം: നിര്‍മാണ വസ്തുക്കളായ ഹോളോബ്രിക്‌സ്, ഫ്‌ളോര്‍ ടൈല്‍സ് എന്നിവയുടെ ജി എസ് ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറക്കണമെന്ന് കേരളം ആവശ്യപ്പെടും. സെപ്തംബര്‍ ഒന്‍പതിന് ചേരുന്ന ജി എസ് ടി കൗണ്‍സിലില്‍ യോഗത്തില്‍ ഇക്കാര്യം ആവശ്യപ്പെടുമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് അറിയിച്ചു.

സംസ്ഥാനത്ത് ഒരു കാരണവശാലും എം ആര്‍ പിക്ക് മുകളില്‍ ജി എസ് ടി അനുവദിക്കില്ല. ഇത് ലംഘിച്ച നാല്‍പതോളം പേര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. നിലവിലുള്ള സ്‌റ്റോക്കിന്റെ കാര്യത്തില്‍ ഇടപെടാന്‍ കഴിയില്ല. പുതിയ സ്റ്റോക്ക് വരുമ്പോള്‍ നികുതിയില്‍ ആനുപാതികമായി കുറവുണ്ടാകണം. ഇത് പാലിച്ചില്ലെങ്കില്‍ ആന്റ് പ്രോഫിറ്ററിംഗ് (കൊള്ള ലാഭം തടയല്‍) വ്യവസ്ഥ പ്രകാരം നടപടി എടുക്കും. ആന്റി പ്രോഫിറ്റേറി അഥോറിറ്റിയുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുവാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തും.
വിതരണം ചെയ്യപ്പെടുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി നിരക്കിലെ കുറവും വ്യാപാരികള്‍ക്ക് ലഭിക്കുന്ന ഇന്‍പുട്ട് ടാക്‌സ് ക്രഡിറ്റിന്റെ ആനുപാതിക ആനുകൂല്യവും ഉപഭോക്താവിന് വിലക്കുറവിലൂടെ ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ് അതോറിറ്റിയുടെ ലക്ഷ്യം. ഒരു ചെയര്‍മാനും നാല് ടെക്‌നിക്കല്‍ അംഗങ്ങളും ചേര്‍ന്നതാണ് അതോറിറ്റി. ഇതിനു പുറമെ ആന്റി പ്രോഫിറ്ററി പരിശോധിക്കാനുള്ള സ്റ്റാന്‍ഡിംഗ് കമ്മിറ്റിയും സംസ്ഥാനതലത്തില്‍ സ്‌ക്രീനിംഗ് കമ്മിറ്റികളും ഉണ്ട്. സംസ്ഥാനതലത്തില്‍ ലഭിക്കുന്ന ഉപഭോക്താക്കളുടെ പരാതികള്‍ സ്‌ക്രീനിംഗ് കമ്മിറ്റികള്‍ പരിശോധിച്ച് ശിപാര്‍ശകള്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമായിട്ടില്ലെങ്കില്‍ വിലയില്‍ കുറവു വരുത്താനും ഉപഭോക്താവിന് കൈമാറ്റം ചെയ്യപ്പെടാത്ത ആനുകൂല്യങ്ങള്‍ 18 ശതമാനം പലിശ നിരക്കില്‍ ഉപഭോക്താവിന് നല്‍കുവാനുള്ള ഉത്തരവുകള്‍ നല്‍കാനും അധികാരമുണ്ട്. ഇതിനു പുറമെ, പിഴയും ജി എസ് ടി രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യുന്നതിനുള്ള ഉത്തരവും നല്‍കാം.

സിനിമാ തിയേറ്ററുകളില്‍ നേരത്തെ 25 ശതമാനമായിരുന്നു ജി എസ് ടി. പുതിയ വ്യവസ്ഥ പ്രകാരം 18 ശതമാനമാണ് ജി എസ് ടി വരേണ്ടത്. എന്നാല്‍, ഇപ്പോള്‍ ചെയ്യുന്നത് പഴയ നിരക്കിനൊപ്പം 18 ശതമാനം ജി എസ് ടി കൂടി ഈടാക്കുകയാണ് ചെയ്യുന്നത്. ഇത് അനുവദിക്കില്ല. ഇ പി ജയരാ
ജന്‍, വി കെ സി മമ്മദ് കോയ, പി കെ ശശി, സി കെ ഹരീന്ദ്രന്‍, മഞ്ഞളാംകുഴി അലി, വി ഡി സതീശന്‍, എ എം ആരിഫ്, പി സി ജോര്‍ജ്, രമേശ് ചെന്നിത്തല തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. വാറ്റ് നിയമപ്രകാരം സംസ്ഥാനത്ത് രജിസ്‌ട്രേഷന്‍ ഉണ്ടായിരുന്ന വ്യാപാരികളില്‍ 85 ശതമാനത്തോളം വ്യാപാരികളും ജി എസ് ടിയിലേക്ക് മൈഗ്രേറ്റ് ചെയ്തിട്ടുണ്ട്. ചരക്ക് ഗതാഗതത്തില്‍ ട്രാക്ക് ചെയുന്നതിനുള്ള ഇ-വേ ബില്‍ സമ്പ്രദായം ഉടന്‍ നടപ്പിലാകും.
കഴിത്ത സാമ്പത്തിക വര്‍ഷം 57.55 കോടി രൂപ സര്‍ക്കാര്‍ കെട്ടിടങ്ങളുടെ ഓഫീസ് വാടക ഇനത്തില്‍ ചെലവഴിച്ചതായി മന്ത്രി അറിയിച്ചു. കരാറുകാര്‍ക്ക് 1118.48 കോടിരൂപ കുടിശ്ശിക നല്‍കാനുണ്ട്. പൊതുമരാമത്ത് നിരത്ത്, പാലം വിഭാഗത്തില്‍ 628.05 കോടി രൂപയും കെട്ടിട വിഭാഗത്തില്‍ 388.83 കോടി രൂപയും ജലവിഭ വകുപ്പില്‍ 102.10 കോടി രൂപയും കുടിശികയുണ്ട്. കയര്‍ മേഖലയില്‍ 2,90,523 പേര്‍ ജോലി ചെയ്യുന്നു. കയര്‍ സഹകരണ സംഘങ്ങളില്‍ 2,54,320 പേരും സ്വകാര്യ സംരംഭകരായി 2,647 പേരും വീടുകളില്‍ ജോലി ചെയ്യുന്ന 33,646 പേരും ഉണ്ട്. റോജി എം ജോണ്‍, സണ്ണി ജോസഫ്, ഒ രാജഗോപാല്‍ എന്നിവരെ മന്ത്രി അറിയിച്ചു.