വ്യാജ കറന്‍സികള്‍ ഏറ്റവും കൂടുതല്‍ പിടികൂടിയത് ഗുജറാത്ത് അതിര്‍ത്തിയില്‍ നിന്നെന്ന് കേന്ദ്രസര്‍ക്കാര്‍

Posted on: August 8, 2017 9:05 pm | Last updated: August 9, 2017 at 10:42 am

ന്യൂഡല്‍ഹി: രാജ്യത്ത് നോട്ട് അസാധുവാക്കിയതിന് ശേഷം വിവിധ അതിര്‍ത്തി മേഖലകളില്‍നിന്നു 2.55 കോടിയുടെ വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ പിടികൂടിയെന്ന് കേന്ദ്രസര്‍ക്കാര്‍. ഏറ്റവും കൂടുതല്‍ തുക പിടികൂടിയത് ഗുജറാത്ത് അതിര്‍ത്തിയില്‍ നിന്നാണെന്നും കേന്ദ്ര ആഭ്യന്തരസഹമന്ത്രി ലോക്‌സഭയെ അറിയിച്ചു. 2016 നവംബര്‍ ഒന്‍പത് മുതല്‍ 2017 ജൂലൈ 14 വരെയുള്ള ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ നിരത്തിയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

നവംബര്‍ എട്ടിന് രാത്രിയാണ് 500, 1000 നോട്ടുകള്‍ അസാധുവാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയത്. 23,429 വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകളാണ് വിവിധ രാജ്യാന്തര അതിര്‍ത്തികളില്‍ നിന്നും പിടികൂടിയത്. ഇതില്‍ അസാധുവാക്കിയ 500,1000 രൂപയുടെ വ്യാജനോട്ടുകളും ഉള്‍പ്പെടുന്നു. നോട്ട് അസാധുവാക്കലിന് ശേഷം പുറത്തിറക്കിയ പുതിയ 2000, 500 രൂപയുടെ വ്യാജ നോട്ടുകളും പിടികൂടിയവയിലുണ്ട്.

ഗുജറാത്തില്‍ 1.37 കോടിയുടെ വ്യാജ നോട്ടുകളാണ് പിടികൂടിയത്. തൊട്ടു പിന്നില്‍ മിസോറാം (55 ലക്ഷം)മാണുള്ളത്. ബംഗാള്‍ അതിര്‍ത്തിയില്‍ നിന്നും 44 ലക്ഷവും പഞ്ചാബ് അതിര്‍ത്തിയില്‍ നിന്നും 5.60 ലക്ഷം എന്നിങ്ങനെയാണ് പിടികൂടിയ തുകയുടെ കണക്ക്.