കത്തിക്കുത്തില്‍ ഒളിവിലായിരുന്ന പ്രതി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

Posted on: August 7, 2017 11:05 pm | Last updated: August 7, 2017 at 11:05 pm

ഹരിപ്പാട്: തൃക്കുന്നപ്പുഴ കത്തിക്കുത്ത് കേസില്‍ ഒളിവിലായിരുന്ന കാപ്പ കേസിലെ പ്രതി ഉള്‍പ്പടെ മൂന്ന് പേര്‍ പോലീസ് പിടിയില്‍. ഇവരില്‍ നിന്ന് നാടന്‍ നിറ തോക്കും തിരയും പിടിച്ചെടുത്തു. പോലീസിനെ അക്രമിച്ച് കടന്നുകളയാന്‍ ശ്രമിച്ച കേസിലെ പ്രതികളായ കുമാരപുരം പൊത്തപ്പള്ളി നോര്‍ത്ത് കായല്‍ വാരത്ത് കിഷോര്‍ (32), പൊത്തപ്പള്ളി മാടത്തിങ്കല്‍ വീട്ടില്‍ പ്രശാന്ത് (26), തൃക്കുന്നപ്പുഴ മണികണ്ഠന്‍ചിറ നിഷ ഭവനത്തില്‍ കൊച്ചിരാജാവെന്ന് വിളിക്കുന്ന കിഷോര്‍ കുമാര്‍ (നിഷാന്ത്-30) എന്നിവരെയാണ് ഹരിപ്പാട് സി ഐ ടി മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

തൃക്കുന്നപ്പുഴ വാരിയംകാട് ജംഗ്ഷനില്‍ കഴിഞ്ഞ മാസം 28ന് രാത്രി 10 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബൈക്കില്‍ എത്തിയ പ്രതികള്‍ മൂന്ന് പേരും ചേര്‍ന്ന് വാരിയംകാട് ജംഗ്ഷനില്‍ വെച്ച് അഞ്ച് പേരെ കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഒരാളെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇയാളില്‍ നിന്നും മൊഴിയെടുത്ത പോലീസ് കണ്ടാലറിയാവുന്ന മൂന്ന് പേരുടെ പേരില്‍ വധശ്രമത്തിന് കേസെടുത്തു. ഇതോടെ ഒളിവില്‍ പോയ പ്രതികള്‍ വെട്ടിയാര്‍ ഭാഗത്തുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി പ്രതികളെ വളയുകയായിരുന്നു.
വെട്ടിയാര്‍ ടി എം വി എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പരിസരത്തെ റോഡില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. പിടിയിലാകുമെന്ന് ഉറപ്പായതോടെ പോലീസിനെ അക്രമിച്ച് കടന്നുകളയാന്‍ ശ്രമിച്ച പ്രതികളെ

മല്‍പിടുത്തത്തിലൂടെയാണ് കീഴടക്കിയത്. പിടികൂടുന്ന സമയം കിഷോറിന്റെ കൈയില്‍ നിന്ന് തിര നിറച്ച നാടന്‍ തോക്കും നിറക്കാനുള്ള മറ്റൊരു തിരയും പിടിച്ചെടുത്തു.
കിഷോറിനെ കഴിഞ്ഞ ഏപ്രിലില്‍ കാപ്പ നിയമ പ്രകാരം ഗുണ്ടാ ലിസ്റ്റില്‍ പെടുത്തി സെന്‍ട്രല്‍ ജയിലിലാക്കിയിരുന്നു. തൃക്കുന്നപ്പുഴ എസ് ഐ നിസാമുദ്ദീന്‍, സീനിയര്‍ സി പി ഒ ഉദയന്‍, സി പി ഒ മാരായ മണിക്കുട്ടന്‍, വിഷ്ണു, ഹോംഗാര്‍ഡ് ജയറാം എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.