ക്രമസമാധാന തകര്‍ച്ചയില്ലെന്ന് മുഖ്യമന്ത്രി; സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

Posted on: August 7, 2017 12:52 pm | Last updated: August 7, 2017 at 5:35 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്ന് ആരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ക്രമസമാധാന തകര്‍ച്ചയും രാഷ്ട്രീയ കൊലപാതകങ്ങളും നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

കേന്ദ്രം ഭരിക്കുന്നവരും സംസ്ഥാനം ഭരിക്കുന്നവരും മത്സരിച്ച് കൊല്ലുകയാണെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ കെ മുരളീധരന്‍ ആരോപിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമുണ്ടായ 18 രാഷ്ട്രീയകൊലപാതകങ്ങളില്‍ പതിനേഴ് എണ്ണത്തിലും ബിജെപിയും സിപിഎമ്മും ഉള്‍പ്പെട്ടിട്ടുണ്ട്. മെഡിക്കല്‍ കോഴ ആരോപണത്തോടെ പ്രതിരോധത്തിലായ ബിജെപി അതിനെ മറികടക്കുന്നതിനാണ് പുതിയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി പ്രക്ഷോഭങ്ങള്‍ നടത്തുന്നത്. ഒരു പണിയുമില്ലാതിരിക്കുന്ന കേന്ദ്രമന്ത്രിമാര്‍ക്ക് കേരളത്തില്‍ വന്നുനിരങ്ങാന്‍ അവസമുണ്ടാക്കിയത് എല്‍ഡിഎഫ് സര്‍ക്കാറാണെന്നും മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രി രാഷ്ട്രതന്ത്രജ്ഞന്റെ നിലവാരത്തിലേക്ക് ഉയരണമെന്നും അല്ലെങ്കില്‍ അക്രമങ്ങള്‍ ആവര്‍ത്തിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഗവര്‍ണര്‍ വിളിച്ചപ്പോള്‍ വരാന്‍ പറ്റില്ലെന്ന് മുഖ്യമന്ത്രി പറയണമായിരുന്നു. ഗവര്‍ണറുടെ മുന്നിലെ മുഖ്യമന്ത്രിയുടെ ഇരിപ്പ് കേരളത്തിന് അപമാനമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ആരോപണം അടിസ്ഥാനരഹിതമെന്ന് കെ മുരളീധരന്റെ അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. അക്രമങ്ങളുണ്ടാകുമ്പോള്‍ പോലീസ് കൈയുംകെട്ടി നോക്കിനില്‍ക്കുന്നുവെന്ന് പറയുന്നത് യുക്തിരഹിതവും അടിസ്ഥാനമില്ലാത്തതുമായ ആരോപണമാണ്. ഏത് കക്ഷിയില്‍ പെട്ടയാളായാലും മുഖം നോക്കാതെ നടപടിയെടുക്കും. രാജ്യത്ത് മെച്ചപ്പെട്ട ക്രമസമാധാന നിലയുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.