രണ്ടാമതും ഉദ്ഘാടനം ചെയ്ത ജില്ല ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍ അടഞ്ഞുതന്നെ

Posted on: August 6, 2017 10:11 pm | Last updated: August 6, 2017 at 10:11 pm
cof

കാഞ്ഞങ്ങാട്: കൊട്ടിഘോഷിച്ച് രണ്ടാമതും ഉദ്ഘാടനം ചെയ്ത കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍ ഇപ്പോഴും അടഞ്ഞ നിലയില്‍. റോട്ടറി ക്ലബ്ബ് രണ്ടുവര്‍ഷം മുമ്പാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഡയാലിസിസ് യൂനിറ്റ് യന്ത്രങ്ങള്‍ നല്‍കിയത്.
ജില്ലയിലെ നൂറുകണക്കിന് വൃക്ക രോഗികള്‍ക്ക് ആശ്വാസപ്രദമാവുന്നതിനാണ് റോട്ടറി ക്ലബ്ബ് ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇത് നല്‍കിയത്. എന്നാല്‍ ആരോഗ്യവകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പിടിപ്പുകേടും അനാസ്ഥയും മൂലം ഒന്നരവര്‍ഷമായി ഇത് പൂട്ടിക്കിടക്കുകയാണ്.

ഇതുസംബന്ധിച്ച് പത്രങ്ങളില്‍ വാര്‍ത്തകള്‍ നിരന്തരം വന്നതിനെതുടര്‍ന്ന് ഏതാനും മാസം മുമ്പ് ഡയാലിസിസ് യൂനിറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കി ആവശ്യമായ ജീവനക്കാരെയും നിയമിച്ച് രണ്ടാമതും കൊട്ടിഘോഷിച്ച് സംസ്ഥാന ആരോഗ്യവകുപ്പിന്റെ പദ്ധതിയെന്ന പോലെ തന്നെ ഉദ്ഘാടനം നടത്തി. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇത് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ബന്ധപ്പെട്ട മേലുദ്യോഗസ്ഥന്‍ ഇതുപ്രവര്‍ത്തിപ്പിക്കാന്‍ ഉത്തരവ് കൊടുത്തില്ല. അതുകൊണ്ട് തുറന്ന് പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ഇതുസംബന്ധിച്ച് ചോദ്യങ്ങള്‍ക്ക് ജീവനക്കാരില്‍ നിന്നും ലഭിക്കുന്ന മറുപടി.
സെന്റര്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ജീവനക്കാര്‍ വെറുതെയിരുന്ന് മാസാമാസം ശമ്പളം കൈപ്പറ്റുകയാണ്.
ഇവിടെ നിന്നും സൗജന്യമായി ഡയാലിസിസ് സൗകര്യം ലഭിക്കുന്നതിന് നിരാലംബരായ നൂറ്റമ്പതോളം വൃക്കരോഗികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ നാലുരോഗികള്‍ ഇതിനോടകം രോഗം മൂര്‍ച്ഛിച്ച് മരണപ്പെട്ടു. എന്നിട്ടും അധികാരികള്‍ അനങ്ങാപ്പാറ നയം തുടരുന്നത് വൃക്കരോഗികളോടുള്ള കൊടും വഞ്ചനയാണ്.