Connect with us

Kerala

സഊദിയില്‍ ഡോക്ടര്‍,നഴ്‌സ് നിയമനം: അംഗീകൃത ഏജന്‍സിയായി നോര്‍ക്ക റൂട്ട്‌സിനെ തിരഞ്ഞെടുത്തു

Published

|

Last Updated

തിരുവനന്തപുരം: സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ആശുപത്രികളിലേക്കും സ്ഥാപനങ്ങളിലേക്കും ഡോക്ടര്‍മാരെയും നഴ്‌സുമാരെയും മറ്റ് പാരാമെഡിക്കല്‍ ജീവനക്കാരെയും റിക്രൂട്ട് ചെയ്യുന്നതിനുള്ള അംഗീകൃത ഏജന്‍സിയായി നോര്‍ക്ക റൂട്ട്‌സിനെ തിരഞ്ഞെടുത്തു. ഇതു സംബന്ധിച്ച കരാറില്‍ നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. കെ എന്‍ രാഘവനും സഊദി ആരോഗ്യ മന്ത്രാലയം ഹ്യൂമന്‍ റിസോഴ്‌സ് മാനേജര്‍ ആയിദ് അല്‍ഹര്‍തിയും ഒപ്പു വച്ചു.

റിക്രൂട്ട്‌മെന്റുകള്‍ കൂടുതല്‍ സുരക്ഷിതവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായാണ് ഈ ദൗത്യം ഏറ്റെടുത്തതെന്ന് ഡോ. രാഘവന്‍ അറിയിച്ചു. കേരളത്തില്‍ നിന്നുള്ള തൊഴില്‍ അന്വേഷകര്‍ക്ക് കുറഞ്ഞ ചെലവില്‍ വിദേശ ജോലി നേടുന്നതിന് കരാര്‍ സഹായകമാകും. അവസരങ്ങള്‍ അനുസരിച്ച് കൂടുതല്‍ ആളുകളെ സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് സാധിക്കും. വിസ തട്ടിപ്പും അനധികൃത റിക്രൂട്ട്‌മെന്റുകളും തടയുന്നതിന് ഒരു പരിധിവരെ കരാര്‍ സഹായകമാകും.
കേരളത്തില്‍ നിന്ന് സഊദി സര്‍ക്കാറിന്റെ അംഗീകാരം ലഭിച്ച രണ്ടാമത്തെ റിക്രൂട്ട്‌മെന്റ് ഏജന്‍സിയാണ് നോര്‍ക്ക റൂട്ട്‌സ്.

വിദേശത്തെ തൊഴില്‍ സാഹചര്യങ്ങളനുസരിച്ച് മികവ് പുലര്‍ത്താനുള്ള പ്രത്യേക പരിശീലനവും നോര്‍ക്ക റൂട്ട്‌സ് നല്‍കുന്നുണ്ട്. തൊഴില്‍ അന്വേഷകര്‍ www.jobsnorka.gov.in ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
നിലവില്‍ സഊദിയിലെ നിരവധി സ്വകാര്യാശുപത്രികള്‍ നോര്‍ക്കയുമായി സഹകരിച്ചാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത് . ഇതുവരെ 1000 ല്‍ അധികം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത്തരത്തില്‍ മികച്ച ജോലി സാധ്യതകള്‍ കണ്ടെത്താന്‍ കഴിഞ്ഞു. യു എ ഇ ഒമാന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളിലെ ആരോഗ്യമന്ത്രാലയവുമായും ഉടന്‍ കരാറില്‍ ഏര്‍പ്പെടും.

Latest