വ്യാജ രസീറ്റില്‍ പിരിവ് നല്‍കാത്തതിന് വ്യാപാരിക്ക് ബിജെപി നേതാവിന്റെ വധഭീഷണി

  • സുഭാഷിനെതിരെയുള്ള ആരോപണം പരിശോധിച്ചതിന് ശേഷം നടപടിയുണ്ടാകുമെന്ന് കുമ്മനം രാജശേഖരന്‍.
  • പിരിവ് പാര്‍ട്ടിയുടെ അറിവോടെയല്ലെന്ന് എംടി രമേശ്.
Posted on: August 5, 2017 12:46 pm | Last updated: August 5, 2017 at 6:17 pm

കൊല്ലം: ബിജെപിയുടെ പാര്‍ട്ടി ഫണ്ടിലേക്ക് 5000 രൂപ സംഭാവന നല്‍കാന്‍ വിസമ്മതിച്ച കുടിവെള്ള കച്ചവടക്കാരനെ ബി.ജെ.പി നേതാവ് ഭീഷണിപ്പെടുത്തിയതായി പരാതി. ചവറയില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് കരാറെടുത്തിരിക്കുന്ന മനോജ് എന്നയാളെയാണ് ബി.ജെ.പി കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുഭാഷ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഈ മാസം 28നായിരുന്നു സംഭവം.

ചവറ മണ്ഡലത്തിലെ സ്‌റ്റേറ്റ് ഫണ്ട് എന്ന പേരില്‍ 5000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭാരവാഹികള്‍ മനോജിനെ സമീപിച്ചു. എന്നാല്‍ 3000 രൂപയേ നല്‍കാനാവൂ എന്ന് മനോജ് വ്യക്തമാക്കി. പാര്‍ട്ടി തരുന്ന രസീതിലെ തുക നല്‍കാനാവില്ലെന്നും മനോജ് പറഞ്ഞു.

തുടര്‍ന്ന് സുഭാഷ മനോജിനെ ഫോണില്‍ വിളിക്കുകയും 5000 രൂപ നല്‍കണമെന്ന്ആവശ്യപ്പെടുകയും ചെയ്തു. അപ്പോഴും മനോജ് നിലപാട് മാറ്റിയില്ല. ഇതോടെ സുഭാഷ് ഫോണിലൂടെ മനോജിനോട് തെറിയഭിഷേകം നടത്തുകയും വധഭീഷണി മുഴക്കുകയുമായിരുന്നു. തുടര്‍ന്ന് മനോജ് ബി.ജെ.പി ജില്ലാ നേതൃത്വത്തിന് പരാതി നല്‍കി. ഇതോടെ ജില്ലാ നേതാക്കള്‍ ഒത്തുതീര്‍പ്പിനെത്തിയെന്നും മനോജ് പറഞ്ഞു.

സംഭവം വിവാദമായതോടെ ബിജെപി സംസ്ഥാന കമ്മിറ്റി വിഷയത്തില്‍ ഇടപെട്ടു.

സുഭാഷിനെതിരെയുള്ള ആരോപണം പരിശോധിച്ചതിന് ശേഷം നടപടിയുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആരോപണം പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. പിരിവ് പാര്‍ട്ടിയുടെ അറിവോടെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.