ഉപരാഷ്ട്രപതിയെ ഇന്നറിയാം

Posted on: August 5, 2017 12:01 am | Last updated: August 5, 2017 at 10:36 am

പതിനഞ്ചാമത് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. എന്‍ ഡി എ സ്ഥാനാര്‍ഥിയായ മുന്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും പ്രതിപക്ഷപാര്‍ട്ടികളുടെ പൊതുസ്ഥാനാര്‍ഥിയായ മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ ഗോപാല്‍കൃഷ്ണ ഗാന്ധിയും തമ്മിലാണ് മത്സരം. രാവിലെ പത്തിന് തുടങ്ങുന്ന തിരഞ്ഞെടുപ്പ് വൈകീട്ട് അഞ്ച് വരെ നീളും. വൈകുന്നേരത്തോടെ ഫലം പ്രഖ്യാപിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. രാജ്യസഭയിലെയും ലോക്സഭയിലെയും അംഗങ്ങള്‍ അടങ്ങുന്ന 790 പേരുള്ള ഇലക്ടറല്‍ കോളജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുക. രഹസ്യ ബാലറ്റ് വഴിയാണ് തിരഞ്ഞെടുപ്പ്. സ്ഥാനാര്‍ഥികളുടെ പേര് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പറുകളാണ് നല്‍കുക. പ്രത്യേക പേന ഉപയോഗിച്ചാണ് വോട്ടെടുപ്പ്. മറ്റേത് പേന ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തിയാലും ആ വോട്ട് അസാധുവാകും.

ഇലക്ടറല്‍ കോളജില്‍ 430 പേരുടെ പിന്തുണയാണ് വെങ്കയ്യ നായിഡുവിനുള്ളത്. ഇതിന് പുറമേ എ ഐ എ ഡി എം കെ, വൈ എസ് ആര്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും എന്‍ ഡി എക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്സഭയില്‍ മികച്ച ഭൂരിപക്ഷമുള്ളതിനാല്‍ എന്‍ ഡി എ സ്ഥാനാര്‍ഥി വെങ്കയ്യ നായിഡു വിജയം ഉറപ്പിച്ചിട്ടുണ്ട്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ ഡി എയെ പിന്തുണച്ച ബിജു ജനതാദള്‍, ജെ ഡി യു പാര്‍ട്ടികള്‍ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഗോപാല്‍കൃഷ്ണ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
അതിനിടെ വോട്ട് രേഖപ്പെടുത്തുന്നത് കൃത്യമായി പഠിപ്പിക്കുന്നതിന് എന്‍ ഡി എ അംഗങ്ങള്‍ക്ക് ഇന്നലെ ബി ജെ പി പരിശീലനം നല്‍കി. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടുകള്‍ അസാധുവായ പശ്ചാത്തലത്തിലാണ് പരിശീലനം നല്‍കിയത്.