പ്രവാസികള്‍ക്ക് പ്രോക്‌സി വോട്ടിംഗ്; എതിര്‍പ്പുമായി സി പി എം

Posted on: August 3, 2017 8:26 pm | Last updated: August 3, 2017 at 9:02 pm
SHARE

ന്യൂഡല്‍ഹി: എന്‍ ആര്‍ ഐ പൗരന്‍മാര്‍ക്ക് പകരക്കാര്‍ വോട്ട് ചെയ്യാനുള്ള (പ്രോക്‌സി വോട്ട്) നിര്‍ദേശത്തോട് വിയോജിപ്പ് രേഖപ്പെടുത്തി സി പി എം. പ്രവാസികള്‍ക്ക് പ്രോക്‌സിവോട്ട് നടപ്പാക്കുന്നതിനോട് യോജിപ്പില്ലെന്നും ഇത് പിന്‍വലിക്കണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചുരി പറഞ്ഞു.

പ്രോക്‌സി വോട്ടിംഗ് സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. പ്രോക്‌സി സംവിധാനത്തിന് പകരം പ്രവാസികള്‍ക്കു വോട്ടുചെയ്യാന്‍ ഇന്ത്യന്‍ എംബസികളില്‍ സൗകര്യമൊരുക്കണമെന്നും പാര്‍ലിമെന്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ യെച്ചുരി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യന്‍ എംബസികളില്‍ പ്രവാസികള്‍ക്ക് വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനം ഒരുക്കണം. അവിടെവെച്ച് അവര്‍ വോട്ട് രേഖപ്പെടുത്തട്ടെയെന്നും യെച്ചുരി വ്യക്തമാക്കി.

ഗള്‍ഫ് രാഷ്ട്രങ്ങളടക്കമുള്ളവിടങ്ങളില്‍ വലിയൊരളവില്‍ എജന്റുമാര്‍ വഴിയാണ് ഇന്ത്യന്‍ പൗരന്‍മാര്‍ പോയിട്ടുള്ളത്. പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ എജന്റുമാരോ, കമ്പനികളോയാണ് കൈവശംവെച്ചിരിക്കുന്നത്. ഇതുപയോഗിച്ച് അവര്‍ക്ക് വരളെ എളുപ്പത്തില്‍ പ്രവാസികളുടെ വോട്ടവകാശം സ്വന്തമാക്കാന്‍ സാധിക്കും. ഇത് തിരഞ്ഞെടുപ്പ് ഫലത്തയടക്കം വളച്ചൊടിക്കുന്ന രീതിയിലേക്ക് നയിക്കുമെന്നും യെച്ചുരി പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുനരാലോചനടത്തി തീരുമാനം പിന്‍വലിക്കുമെന്നാണ് പ്രതീക്ഷയെന്നും യെച്ചുരി കൂട്ടിച്ചേര്‍ത്തു.

പ്രാവാസികള്‍ക്കിടിയില്‍ ബി ജെ പി സജീവ പ്രവര്‍ത്തന നടത്തുന്നതിന്റെ ഫലമാണ് ക്യാബിനറ്റ് തീരുമാമെന്നും യെച്ചുരി പറഞ്ഞു. ബീഹാറില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് മൂന്നുപേരെ മര്‍ദിച്ച സംഭവത്തോടെ ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തിയെന്നതിനു വ്യക്തമായ സ്ഥിരീകരണമായതായി യെച്ചൂരി പറഞ്ഞു. ഇനി അവിടെ ഹിന്ദുത്വ നയങ്ങള്‍ മാത്രമേ നടപ്പാക്കുകയുള്ളൂ. അപ്പോഴും മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ തുടരുമെന്നും യച്ചൂരി കൂട്ടിച്ചേര്‍ത്തു.

സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്ര മന്ത്രിസഭ പ്രവാസികള്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് പ്രക്‌സിവോട്ട് സംവിധാനം കൊണ്ടുവരുന്നതിന് ജനാധിപത്യ നിയമത്തില്‍ ഭേതഗതി വരുത്താന്‍ അംഗീകാരം അംഗീകാരം നല്‍കിയത്. രാജ്യത്തിന് പുറത്ത് താമസിക്കുന്ന പൗരന്‍മാര്‍ക്ക് അവര്‍ നിര്‍ദേശിക്കുന്ന വ്യക്തികള്‍ വോട്ട് രേഖപ്പെടുത്തുന്ന സംവിധാനമാണ് പ്രക്‌സി വോട്ടിംഗ് സംവിധാനം. ജോലിചെയ്യുന്ന രാജ്യത്തു വച്ചുതന്നെ ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ പ്രവാസികളെ അനുവദിക്കുന്നതിനു ജനപ്രാതിനിധ്യ നിയമം (ആര്‍പിഎ) ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതിനായി 1950ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 20എ വകുപ്പും 1951ലെ നിയമത്തിലെ 60ാം വകുപ്പും ഭേദഗതി ചെയ്യണം. അതേസമയം, നീക്കം പ്രാബല്യത്തില്‍ വന്നാല്‍ 22 ലക്ഷം മലയാളികള്‍ക്ക് വിദേശത്തിരുന്നു വോട്ട് ചെയ്യാനാകും. വോട്ടര്‍പട്ടികയില്‍ പേരുണ്ടെങ്കിലും ശരാശരി പതിനായിരം മുതല്‍ പന്ത്രണ്ടായിരംവരെ പ്രവാസികള്‍മാത്രമേ ഇപ്പോള്‍ വോട്ടുചെയ്യാന്‍ നാട്ടിലെത്തുന്നുള്ളൂവെന്നാണ് കണക്ക്. നാട്ടിലെത്താന്‍വേണ്ട ഭാരിച്ച ചെലവാണ് വോട്ടിങ്ങിനെത്തുന്നതില്‍നിന്ന് അവരെ പിന്തിരിപ്പിക്കുന്നത്‌