ദിലീപിന്റെ വിവാഹത്തിന് താന്‍ സാക്ഷിയായിട്ടില്ലെന്ന് അബി

Posted on: August 3, 2017 2:02 pm | Last updated: August 3, 2017 at 2:02 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് മഞ്ജുവാര്യരെ വിവാഹം കഴിക്കും മുമ്പ് ബന്ധുവായ മറ്റൊരു യുവതിയെ വിവാഹം കഴിച്ചിരുന്നുവെന്നും ആ വിവാഹത്തിന് താന്‍ സാക്ഷിയായെന്നുമുള്ള ചില ചാനലുകളുടെ വാര്‍ത്ത തള്ളി നടനും മിമിക്രി കലാകാരനുമായ അബി.

താന്‍ ഇങ്ങനെയൊരു വിവാഹത്തിന് സാക്ഷിയായിട്ടില്ലെന്നും വാര്‍ത്ത നല്‍കിയ ചാനലുകളോട് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുവെന്നും അബി പറഞ്ഞു. പോലീസ് സംഘം ചോദ്യം ചെയ്യാന്‍ തന്നെ വിളിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മഞ്ജുവാര്യരെ വിവാഹം കഴിക്കും മുമ്പ് അകന്ന ബന്ധുവായ യുവതിയെ ദിലീപ് ആദ്യം രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നുവെന്നായിരുന്നു വാര്‍ത്തകള്‍. ആലുവ ദേശം രജിസ്ട്രാര്‍ ഓഫീസിലാണ് വിവാഹം നടന്നതെന്നും അബി വിവാഹത്തിന് സാക്ഷിയായിരുന്നുവെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. 1998ലാണ് ദിലീപ് മഞ്ജുവാര്യരെ വിവാഹം കഴിച്ചത്. 2015ല്‍ വിവാഹ ബന്ധം വേര്‍പെടുത്തി. പിന്നീട് കാവ്യാ മാധവനെ വിവാഹം കഴിക്കുകയായിരുന്നു.