Connect with us

Gulf

അബുദാബിയില്‍ വിനോദസഞ്ചാരികളില്‍ 30 ശതമാനം വര്‍ധന

Published

|

Last Updated

അബുദാബി: അബുദാബിയില്‍ ജൂണ്‍ മാസത്തില്‍ ഹോട്ടല്‍ അതിഥികളുടെ എണ്ണത്തില്‍ മുപ്പത് ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തെ അപേക്ഷിച്ചാണ് വര്‍ധനവ് രേഖപ്പെടുത്തിയിട്ടുള്ളത്. കൂടാതെ കഴിഞ്ഞ ആറുമാസത്തില്‍ ഏഴ് ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തിയതായും അബുദാബി ടൂറിസം കള്‍ചറല്‍ അതോറിറ്റി അറിയിച്ചു. ഈദുല്‍ ഫിത്വര്‍ കാലയളവില്‍ ഹോട്ടല്‍ അഥിതികളുടെ എണ്ണത്തില്‍ അബുദാബി മികച്ച വര്‍ധനവാണ് രേഖപ്പെടുത്തിയത്. ആദ്യആറ് മാസങ്ങളില്‍ 22.5 ലക്ഷം അതിഥികളാണ് എമിറേറ്റ് സന്ദര്‍ശിച്ചത്. എമിറേറ്റിലെ 165 ഹോട്ടലുകളും ഹോട്ടല്‍ അപ്പാര്‍ട്‌മെന്റുകളും ഈ വര്‍ഷം ആദ്യ പകുതിയില്‍ അതിഥികളുടെ എണ്ണത്തില്‍ 7 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. പ്രതീക്ഷിക്കുന്ന സന്ദര്‍ശകരെ ലഭിക്കുന്നു എന്ന കാര്യത്തില്‍ ഏറെ അഭിമാനമുണ്ടെന്ന് അബുദാബി ടൂറിസം ആന്‍ഡ് കള്‍ചറല്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ സെയ്ഫ് സഈദ് ഗോബാഷ് പറഞ്ഞു. രണ്ടാം പകുതിയില്‍ ഈ അവസരങ്ങള്‍ പരമാവധി വര്‍ധിപ്പിക്കുവാന്‍ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈദുല്‍ ഫിത്വര്‍ ദിവസങ്ങളില്‍ അബുദാബി സന്ദര്‍ശകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചു.

വിവിധ രാജ്യക്കാരായ വിനോദസഞ്ചാരികള്‍ തങ്ങളുടെ അവധിക്കാലം ചെലവഴിക്കാന്‍ അബുദാബിയെ തിരഞ്ഞെടുത്തതാണ് ഹോട്ടലുകളില്‍ അതിഥികള്‍ വര്‍ധിക്കാന്‍ കാരണം. സമ്മര്‍ സീസണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. വിനോദം സഞ്ചാരികള്‍ക്ക് ശ്രദ്ധേയമായ പ്രമോഷനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്, അദ്ദേഹം പറഞ്ഞു. ജൂണ്‍ മാസത്തിലെത്തിയ ഹോട്ടല്‍ അതിഥികളുടെ എണ്ണത്തില്‍ സഊദി സ്വദേശികളണ് മുന്നില്‍ ചൈനക്കാരുടെ എണ്ണത്തിലും കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ചു വര്‍ധനവ് കൈവരിച്ചു. ഹോട്ടല്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തും ബ്രിട്ടന്‍ മൂന്നാം സ്ഥാനവും കൈവരിച്ചു. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിലും 28 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. 100,087 ടൂറിസ്റ്റുകളാണ് എത്തിയത്. 32 ശതമാനം അതിഥികളും ഹോട്ടലില്‍ താമസിച്ചു.

കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ആരംഭിച്ച അബുദാബി ആഗോള ലക്ഷ്യബോധവത്കരണ പരിപാടി ഈ വര്‍ഷം വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിക്കുവാന്‍ കാരണമായി. കൂടാതെ രണ്ടാമത്തെ മികച്ച നഗരമായി ജീവിക്കാനും ജോലി ചെയ്യാനും ബിസിനസ് ചെയ്യാനും അബുദാബി അവസരമൊരുക്കുന്നതും അതിഥികളുടെ എണ്ണം വര്‍ധിക്കുവാന്‍ കാരണമായി. ഏപ്രില്‍ മാസത്തില്‍ ഏറ്റവും സുരക്ഷിത നഗരമായി അബുദാബിയെ തിരഞ്ഞെടുത്തതും കാരണമാണെന്ന് അബുദാബി ടൂറിസം ആന്‍ഡ് കള്‍ചറല്‍ അതോറിറ്റി അറിയിച്ചു.
അബുദാബി യുടെ സാംസ്‌കാരിക പൈതൃക സ്വഭാവം, അല്‍ ഐനില്‍ യുനെസ്‌കോ വേള്‍ഡ് ഹെറിറ്റേജ് പ്രദേശം എന്നിവ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം 44 ലക്ഷം ഹോട്ടല്‍ അതിഥികളാണ് അബുദാബിയിലെത്തിയത്. ഈ വര്‍ഷം ഇതിനേക്കാള്‍ കൂടുതല്‍ അതിഥികളെത്തുമെന്ന പ്രതീക്ഷയിലാണ് അബുദാബി ടൂറിസം കള്‍ചറല്‍ അതോറിറ്റി.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest