സ്വാശ്രയ പ്രവേശനം: മതസംഘടനകളുടെയും മഹല്ലിന്റെയും സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവ് പിന്‍വലിച്ചു

Posted on: July 31, 2017 11:51 pm | Last updated: July 31, 2017 at 11:51 pm

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനത്തിന് മഹല്ല് കമ്മിറ്റികളുടെയും മത സംഘടനകളുടെയും സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിര്‍ദേശം സര്‍ക്കാര്‍ പിന്‍വലിച്ചു. കമ്മ്യൂണിറ്റി ക്വാട്ടയിലെ എം ബി ബി എസ്, ബി ഡി എസ് പ്രവേശനത്തിന് ഓരോ കോളജുകള്‍ക്കും പ്രത്യേകം സംഘടനകളുടെയും മഹല്ല് കമ്മിറ്റി, ഖാസിമാരുടെയും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 29നാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. വില്ലേജ് ഓഫീസുകളില്‍ നിന്ന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന് പുറമെ ഉപവിഭാഗം ഏതെന്ന് തെളിയിക്കാന്‍ മത സാമുദായിക സ്ഥാപനങ്ങളുടെയോ സംഘടനകളുടെയോ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണമെന്നായിരുന്നു ഉത്തരവ്. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതോടെ, മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

മതമോ മതങ്ങളിലെ ഉപ വിഭാഗമോ തെളിയിക്കാന്‍ റവന്യൂ അധികാരിയുടെ സര്‍ട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാല്‍ മതിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുസ്‌ലിം സമുദായത്തിന് ‘മുസ്‌ലിം’ എന്ന ഒറ്റ വിഭാഗമേ ഉണ്ടാകു. 2017 ജൂലൈ 29ന് ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവാണ് പിന്‍വലിക്കുന്നത് . അപാകതകള്‍ ഒഴിവാക്കി ആരോഗ്യ വകുപ്പ് ഉടന്‍ പുതിയ ഉത്തരവ് ഇറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി ക്വാട്ടയില്‍ പ്രവേശനം നേടാന്‍ അതാത് ജില്ലകളിലെ മഹല്ല് ഖാസിമാരുടെയും കൊല്ലം അസീസിയ മെഡിക്കല്‍ കോളജിലെ പ്രവേശനത്തിന് കേരള ജമാഅത്ത് ഫെഡറേഷന്‍, കേരളാ സുന്നി ജമാഅത്ത് യൂനിയന്‍ എന്നീ സംഘടനകളുടെയും ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജിലെ പ്രവേശനത്തിന് കൊല്ലം മുസ്‌ലിം അസോസിയേഷന്റെയും കെ എം സി ടി മെഡിക്കല്‍ കോളജിലെ പ്രവേശനത്തിന് സുന്നി വിഭാഗത്തില്‍ നിന്നുള്ളവര്‍ മഹല്ല് കമ്മിറ്റിയുടെയും മുജാഹിദ് വിഭാഗത്തില്‍ നിന്നുള്ളവര്‍ കെ എന്‍ എം സംസ്ഥാന സമിതിയുടെയും ജമാഅത്തെ ഇസ്‌ലാമിക്കാര്‍ ഹിറാ സെന്ററില്‍ നിന്നുമുള്ള രേഖകള്‍ ഹാജരാക്കണമെന്നാണ് നിര്‍ദേശിച്ചിരുന്നത്.