ചര്‍ച്ചയിലേക്ക് മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

Posted on: July 31, 2017 2:01 pm | Last updated: July 31, 2017 at 3:04 pm

തിരുവനന്തപുരം: അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സിപിഎം-ബിജെപി- ആര്‍എസ് എസ് നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയിലേക്ക് മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്.

മസ്‌ക്കറ്റ് ഹോട്ടലില്‍ നടത്തിയ യോഗത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ എടുക്കാന്‍ പോലും ആര്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിപ്പ് നല്‍കിയിരുന്നില്ല. മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഇത്തരമൊരു ചര്‍ച്ച നടത്താന്‍ കഴിയില്ല. മുഖ്യമന്ത്രിയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും വരുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ യോഗം നടക്കുന്ന ഹാളിന് അകത്തായിരുന്നു. അതു കൊണ്ട് അവരോട് പുറത്തു പോകാന്‍ പറയുകയായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

യോഗം നടക്കുന്നതിന്റെ തൊട്ടുമുമ്പ് ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി പിണറായി വിജയന്‍ കടക്കെടാ പുറത്ത് എന്ന് പറഞ്ഞത് വിവാദമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയോട് യോഗ ശേഷം മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും പിണറായി പ്രതികരിച്ചിരുന്നില്ല.