ഉത്തര കൊറിയക്ക് മറുപടി; കൊറിയക്ക് മുകളില്‍ അമേരിക്കന്‍ ബോംബറുകള്‍

Posted on: July 30, 2017 2:16 pm | Last updated: July 31, 2017 at 1:42 pm

സിയൂള്‍: അമേരിക്കയുടെ ഭൂരിഭാഗം സ്ഥലങ്ങളും പരിധിയില്‍ വരുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഉത്തരകൊറിയ പരീക്ഷിച്ചതിന് പിന്നാലെ യുഎസ് കൊറിയന്‍ ഉപദ്വീപിന് മുകളില്‍ ബോംബര്‍ വിമാനങ്ങള്‍ പറത്തി. ബി-1ബി ഇനത്തില്‍പ്പെട്ട രണ്ട് ബോംബറുകളാണ് കൊറിയക്ക് മുകളില്‍ നിരീക്ഷണ പറക്കല്‍ നടത്തിയത്. ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണത്തിനുള്ള മറുപടിയായാണ് അമേരിക്കയുടെ നീക്കം.

ഗുവാമിലെ യുഎസ് വ്യോമതാവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ബോംബറുകള്‍ ജപ്പാന്റെയും ദക്ഷിണ കൊറിയയുടെയും ജെറ്റുകള്‍ക്ക് ഒപ്പം സൈനികാഭ്യാസത്തില്‍ പങ്കെടുത്തു. മേഖലയുടെ സ്ഥിരതക്ക് ഭീഷണി ഉയര്‍ത്തുന്ന രത്തിലുള്ള നീക്കങ്ങള്‍ ഉത്തര കൊറിയ തുടര്‍ന്നാല്‍ അതിനോട് ശക്തമായി തിരിച്ചടിക്കാന്‍ തയ്യറാണെന്ന് പസഫിക് എയര്‍ഫോഴ്‌സ് കമാന്‍ഡര്‍ ജനറല്‍ ടെറന്‍സ് ജെ ഒഷൗഗ്‌നെസ്സി പറഞ്ഞു.

വെള്ളിയാഴ്ച രാത്രിയാണ് ശക്തമായ ഭൂഖണ്ഡാന്തര മിസൈല്‍ ഉത്തര കൊറിയ പരീക്ഷിച്ചത്. അമേരിക്കയെ പൂര്‍ണമായും തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ഈ മിസൈലെന്ന് വിലയിരുത്തപ്പെടുന്നു.