ജീന്‍പോള്‍ ലാലിനെതിരായ കേസ്: ‘ഹണീബി ടു’ വിന്റെ സെന്‍സര്‍ കോപ്പി പരിശോധിക്കാന്‍ തീരുമാനം

Posted on: July 29, 2017 9:29 am | Last updated: July 29, 2017 at 11:50 am

കൊച്ചി: സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരായ കേസില്‍ ‘ഹണീബി ടു’ എന്ന സിനിമയുടെ സെന്‍സര്‍ ചെയ്യാത്ത പകര്‍പ്പ് പോലീസ് പരിശോധിക്കും. മറ്റാരുടേയോ ശരീരഭാഗങ്ങള്‍ ചിത്രീകരിച്ച് തന്റേതാണെന്ന മട്ടില്‍ സിനിമയില്‍ കാണിച്ചെന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. സെന്‍സര്‍ ബോര്‍ഡിന് നല്‍കിയ കോപ്പിയാകും പരിശോധിക്കുക.

പരാതിക്കാരിയായ നടിയുടെ മൊഴി കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നടന്ന മൊഴിയെടുക്കല്‍ മൂന്ന് മണിക്കൂര്‍ നീണ്ടു നിന്നു. മാസങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവത്തില്‍ പരാതി നല്‍കാന്‍ ഇത്രയും കാലതാമസമെടുത്തതു സംബന്ധിച്ചുള്ള കാര്യങ്ങളില്‍ വ്യക്തത ലഭിക്കാനാണ് പോലീസ് നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്.

സിനിമ കണ്ട ശേഷം ചില സുഹൃത്തുക്കള്‍ വിളിച്ചു പറഞ്ഞപ്പോഴാണ് തന്റെ കഥാപാത്രം ഡ്യൂപ് ഉപയോഗിച്ച ചിത്രീകരിച്ച കാര്യം മനസിലായത്. പ്രതിഫലം നല്‍കാതിരിക്കുകയും തന്നോടു ചോദിക്കാതെ ഡ്യൂപിനെ ഉപയോഗിച്ചതുമാണ് പരാതി നല്‍കാനുള്ള കാരണമായി നടി പറഞ്ഞത്. അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിഫലം ചോദിച്ചപ്പോള്‍ അശ്ലീലമായി സംസാരിച്ചെന്നും നടി വ്യക്തമാക്കി. യുവനടന്‍ ശ്രീനാഥ് ഭാസിയുടെ പേരു പരാതി നല്‍കിയപ്പോള്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും വിശദമായ മൊഴിയില്‍ നടന്റെ പേര് പരാമര്‍ശിച്ചിട്ടില്ല. ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷം തുടര്‍ നടപടികളിലേക്കു കടക്കുമെന്നു അന്വേഷണ ഉദ്യോഗസ്ഥനായ എ സി പി. പി പി ഷംസ് പറഞ്ഞു.

നടിയില്‍നിന്ന് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇപ്പോള്‍ കേസില്‍ പ്രാഥമിക അന്വേഷണം നടത്തുകയാണ്. ഇതു പൂര്‍ത്തിയായ ശേഷം പരാതിയില്‍ പറഞ്ഞിരിക്കുന്ന ജീന്‍ പോളടക്കമുള്ളവരെ വിളിച്ചു വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.