സിപിഎമ്മും ബിജെപിയും സംയമനം പാലിക്കണമെന്ന് രമേശ് ചെന്നിത്തല

Posted on: July 28, 2017 10:29 am | Last updated: July 28, 2017 at 1:34 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് സംഘര്‍ഷം പടരാതിരിക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും സംയമനം പാലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

പാര്‍ട്ടി ഓഫീസുകളും വീടുകളും ആക്രമിക്കുന്നതും അക്രമം അഴിച്ചു വിടുന്നതും ജനാധിപത്യ സംവിധാനത്തില്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്. ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടാണ് നേരിടേണ്ടത്. അല്ലാതെ കായികമായി നേരിടുന്നത് കാടത്തമാണ്. അക്രമം ഒന്നിനും പരിഹാരമല്ല. ഇത്തരം അക്രമങ്ങളെ ശക്തമായി നേരിടാനുള്ള നടപടികള്‍ പൊലീസ് സ്വീകരിക്കണം. പൊലീസ് നോക്കുകുത്തികളായി മാറുന്നതിനാലാണ് സ്ഥിതി വഷളാവുന്നത്. അക്രമം അമര്‍ച്ച ചെയ്യുന്നതിന് മുഖം നോക്കാതെ നടപടി എടുക്കുന്നതിനുള്ള സ്വാതന്ത്ര്യം പൊലീസിന് സര്‍ക്കാര്‍ നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.