ആധാറിന് പ്രവാസികള്‍ അര്‍ഹരല്ല

Posted on: July 27, 2017 7:46 pm | Last updated: July 31, 2017 at 6:54 pm

അബുദാബി: ആധാര്‍ കാര്‍ഡിന് നോണ്‍ റസിഡന്റ് ഇന്‍ഡ്യന്‍സിന് (എന്‍ ആര്‍ ഐ) അര്‍ഹതയില്ലെന്ന് യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ സിഇഒ ഡോ. അജയ് ഭൂഷണ്‍ പാണ്ഡെ പറഞ്ഞു. ഒരു പ്രാദേശിക പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്‍ഡ്യന്‍ സ്ഥാപനങ്ങളോ ബേങ്കുകളോ ആധാര്‍ കാര്‍ഡ് ആവശ്യപ്പെടുകയാണെങ്കില്‍, പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് ആധാര്‍ തിരിച്ചറിയല്‍ കാര്‍ഡിന് അര്‍ഹരല്ലെന്ന് അറിയിക്കണം, അദ്ദേഹം പറഞ്ഞു. എന്‍ ആര്‍ ഐക്കാര്‍ ആധാര്‍ കാര്‍ഡിന് അര്‍ഹരല്ലെന്ന് അറിയിച്ചാല്‍ കാര്‍ഡിന് നിര്‍ബന്ധിക്കില്ല. ഇന്ത്യയുടെ തനതായ തിരിച്ചറിയല്‍ സംവിധാനം ആധാര്‍ സംവിധാനത്തിലൂടെ ആക്കിയിരിക്കുകയാണ് ആധാര്‍ കാര്‍ഡ്

ഇന്ത്യയുടെ ഏകീകൃത തിരിച്ചറിയല്‍ ഡാറ്റാ റിപോസിറ്ററി പരിപാലിക്കുകയും ചെയ്യുന്നു, അദ്ദേഹം പറഞ്ഞു. കോടിക്കണക്കിന് വിദേശ ഇന്ത്യക്കാര്‍ നിലവില്‍ ആധാര്‍ കാര്‍ഡ് ഇല്ലാത്തവരാണ്. ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാത്തത് കാരണം നിയമ പ്രശ്‌നമുണ്ടാകുമോ എന്ന സംശയത്തിനാണ് ഇതോടെ പരിഹാരമായത്.

ആധാര്‍ നിയമം അനുസരിച്ച് ഇന്ത്യയില്‍ താമസിക്കുന്നവര്‍ മാത്രമാണ് തനതായ ആധാര്‍ നമ്പറിന് അര്‍ഹതയുള്ളത്.വിദേശത്തു ജീവിക്കുന്ന ദശലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാര്‍ക്ക് ആധാര്‍ കാര്‍ഡ് ബാധകമല്ല, അദ്ദേഹം വ്യക്തമാക്കി. ആധാര്‍ ഭാവിയില്‍ എന്‍ആര്‍ഐകള്‍ക്കുള്ള പരിധി നീട്ടാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിലവിലുള്ള നിയമം പാര്‍ലമെന്റ് ഭേദഗതി ചെയ്യണം. ഗവണ്‍മെന്റിന്റെ നിയമങ്ങള്‍ മാത്രം ഭേദഗതി ചെയ്യുന്നത് മതിയായതല്ല, ഡോ. പാണ്ഡെ വിശദീകരിച്ചു.