ചേളാരി മദ്‌റസകളില്‍ പരീക്ഷാ ഫീസടച്ചാല്‍ ബാലവേദി മെമ്പര്‍ഷിപ്പ് ഫ്രീ

Posted on: July 27, 2017 10:59 am | Last updated: July 27, 2017 at 10:59 am
SHARE

കോഴിക്കോട്: ചേളാരി മദ്രസാ ബോര്‍ഡിന്റെ കീഴിലുള്ള മദ്രസകളില്‍ പരീക്ഷാ ഫീസ് നല്‍കുമ്പോള്‍ സുന്നി ബാലവേദിയുടെ മെമ്പര്‍ഷിപ്പും എടുക്കണം. അഞ്ച് രൂപയാണ് മെമ്പര്‍ഷിപ്പ് തുക. വിദ്യാര്‍ഥികളറിയാതെയാണ് മെമ്പര്‍ഷിപ്പ് തുക ഈടാക്കുന്നത്. വിവിധ ക്ലാസുകളിലേക്കുള്ള പരീക്ഷാ ഫീസ് ഇത്ര രൂപയാണെന്ന് നിശ്ചയിച്ചിട്ടുണ്ട്. ഇതില്‍ മെമ്പര്‍ഷിപ്പും പെടുന്നു.

ചേളാരി മദ്രസകളില്‍ പഠിക്കുന്ന എല്ലാ ആണ്‍കുട്ടികളും പെണ്‍കുട്ടികളും വ്യത്യാസമില്ലാതെ അവരറിയാതെ എസ് ബി വിയിലും അംഗമാവുകയാണ്. ഒന്നാം ക്ലാസിലേക്ക് 105 രൂപയാണ് ഫീസ്. ഇതില്‍ 45 രൂപയാണ് കേന്ദ്ര ഫീസ്. 15 രൂപ കേന്ദ്ര ക്ഷേമനിധി ബാഡ്ജിനത്തിലും 20 രൂപ ജില്ലാ വിഹിതവും 20 രൂപ റെയിഞ്ച് വിഹിതവുമാണ്. രണ്ട് വിഷയങ്ങളില്‍ മാത്രമാണ് ഒന്നാം ക്ലാസിലേക്ക് പരീക്ഷ നടത്തേണ്ടത്. മൂന്ന് ടേമുകളിലായി ആറ് പരീക്ഷയാണുണ്ടാവുക. ഇതിനാണ് ഇത്രയും കൂടുതല്‍ തുക ഈടാക്കുന്നത്. രണ്ടാം ക്ലാസില്‍ 120രൂപയും മൂന്നിലും നാലിലും 135 രൂപയും അഞ്ചില്‍ 120രൂപയുമാണ് ഫീസ്. ആറില്‍ 150, ഏഴിലും പത്താം ക്ലാസിലും 140, എട്ട്, ഒന്‍പത്, പതിനൊന്ന് ക്ലാസുകളില്‍ 165, പന്ത്രണ്ടാം ക്ലാസില്‍ 160 എന്നിങ്ങിനെയാണ് ആകെ ഫീസ്.

നേരത്തെയും പരീക്ഷാ ഫീസിലെ കൊള്ളക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിന് പുറമെ മദ്രസാ വിദ്യാര്‍ഥികളില്‍ നിന്ന് പല പേരുകളിലും ഫീസ് പിരിച്ചെടുക്കുന്നുണ്ട്. എന്നാല്‍, സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ള മദ്രസകളില്‍ പരീക്ഷ ഫീസിനത്തില്‍ ഒന്നാം ക്ലാസില്‍ ആകെ ഈടാക്കുന്നത് 20 രൂപ മാത്രമാണ്. പത്ത് രൂപയാണ് കേന്ദ്ര ഫീസ്. രണ്ടാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെ ആകെ 25 രൂപയാണ് ഫീസ്. 8,9,10 ക്ലാസുകളില്‍ 30 രൂപയും പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളില്‍ 25 രൂപയുമാണ് അടക്കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here