കൊടിമരം നിര്‍മാണ രംഗത്ത് ശ്രദ്ധേയനായ മലയാളി യു എ ഇയില്‍

Posted on: July 26, 2017 8:55 pm | Last updated: July 26, 2017 at 8:55 pm

ദുബൈ: ശബരിമലയില്‍ അടക്കം ദേവാലയങ്ങളില്‍ കൊടിമരം നിര്‍മിച്ചു ശ്രദ്ധേയനായ മലയാളി അനു പി അനന്തന്‍ യു എ ഇ യിലും സാന്നിധ്യമുറപ്പിക്കുന്നു. അല്‍ ഐന്‍, ദുബായ് എന്നിവടങ്ങളിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ കൊടിമര നിര്‍മാണം പൂര്‍ത്തിയായതായി അനു അറിയിച്ചു. ആര്‍ട്ടിസാന്‍സ് ഗ്രൂപ് ഓഫ് കമ്പനീസിന്റെ ഡയറക്ടര്‍ എന്ന നിലയിലാണ് അനു യു എ ഇ യില്‍ എത്തിയത്. യു എ ഇ യില്‍ കൊടിമരങ്ങള്‍ വ്യാപകമാവുകയാണെന്നും ചെമ്പ്, പിച്ചള, പഞ്ചലോഹം, സ്വര്‍ണം എന്നിവ യു എ ഇ യിലും ഉപയോഗിക്കുന്നുണ്ടെന്നും അനു പറഞ്ഞു.

ശബരിമലയില്‍ സ്വര്‍ണത്തില്‍ മെര്‍കുറിയുടെ അംശം കണ്ടത് വിവാദമാക്കേണ്ടതില്ല. വിശ്വാസത്തിന്റെ ഭാഗമായി വിളക്കിചേര്‍ക്കുന്നതാകാം. 20 സ്വര്‍ണ കൊടിമരങ്ങള്‍ അടക്കം 1500 ഓളം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അടുത്ത വര്‍ഷത്തോടെ 25 സ്വര്‍ണ കൊടിമരങ്ങള്‍ തീര്‍ക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അനു പറഞ്ഞു. പരുമല കേന്ദ്രീകരിച്ചാണ് ആര്‍ട്ടിസാന്‍സ് ഗ്രൂപ് പ്രവര്‍ത്തിക്കുന്നത്.