Connect with us

Gulf

അലഞ്ഞുതിരിഞ്ഞ 121 മൃഗങ്ങളെ പിടികൂടി; ഉടമസ്ഥര്‍ക്ക് പിഴ

Published

|

Last Updated

റാസ് അല്‍ ഖൈമ: എമിറേറ്റിലെ വിവിധ റോഡുകളില്‍ അലഞ്ഞുതിരിഞ്ഞു നടന്ന 121 മൃഗങ്ങളെ പിടികൂടി. ഒട്ടകങ്ങളും ആടുകളുമടക്കമുള്ള മൃഗങ്ങള്‍ റോഡ് മുറിച്ചുകടക്കുന്നത് കാരണം വാഹനാപകടങ്ങളുണ്ടാകുന്നുവെന്ന താമസക്കാരുടെ പരാതിയെ തുടര്‍ന്നാണ് പൊതുമരാമത്ത് വിഭാഗം മൃഗങ്ങളെ പിടികൂടിയത്. റാഖിബ് എന്ന പേരില്‍ ആരംഭിച്ച പരിശോധനയില്‍ 19 ആടുകളുടെ ഉടമകള്‍ക്ക് പിഴ ചുമത്തിയതായി വകുപ്പ് മാനേജര്‍ അഹ്മദ് ഹമദ് അല്‍ ശിഹി പറഞ്ഞു. മൃഗങ്ങളെ കൂടെയാരുമില്ലാതെ റോഡുകളില്‍ അഴിച്ചു വിടില്ലെന്ന കാര്യം ഉടമസ്ഥരില്‍ നിന്ന് പേപ്പറില്‍ ഒപ്പിട്ട് എഴുതി വാങ്ങുകയും ചെയ്തിട്ടുണ്ട്.

മൃഗങ്ങള്‍ റോഡ് മുറിച്ചുകടക്കുന്നതുമൂലമുണ്ടാകുന്ന അപകടങ്ങള്‍ക്കെതിരെ നിരവധി കാമ്പയിനുകളാണ് എമിറേറ്റില്‍ നടത്തിയത്. ലംഘനം ആവര്‍ത്തിച്ചാല്‍ പിടികൂടുന്ന മൃഗങ്ങളെ വിട്ടുകൊടുക്കില്ലെന്നും കനത്ത പിഴ ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു. പിടികൂടുന്ന മൃഗങ്ങളെ ജീവകാരുണ്യ സംഘടനകള്‍ക്ക് അറുക്കാനായി നല്‍കും. ഇതിന്റെ ഇറച്ചി എമിറേറ്റിലെ പാവങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നും അഹ്മദ് അല്‍ ശിഹി പറഞ്ഞു.
പിടികൂടുന്ന മൃഗങ്ങളെ സൂക്ഷിക്കാന്‍ അല്‍ ജസീറ അല്‍ ഹംറ, ശാം, അല്‍ ഖിറാന്‍, സുഹബഹൈല്‍, അല്‍ ദഖ്ദഖ, അല്‍ സെയ്ദി, ശമാല്‍ എന്നിവിടങ്ങളില്‍ പുതിയ ആല നിര്‍മിച്ചിട്ടുണ്ട്.
അധികൃതരുടെ പരിശോധനയില്‍ 2,440 പരിസ്ഥിതി നിയമലംഘനങ്ങളും റാസ് അല്‍ ഖൈമയില്‍ കണ്ടെത്തി. നിര്‍മാണ മേഖലകളില്‍ നിന്നും വാഹനങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ റോഡില്‍ തള്ളിയതാണ് അധികവും. ഇത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാക്കുന്നതോടൊപ്പം നഗരത്തിന്റെ സൗന്ദര്യത്തിന് കോട്ടംതട്ടുമെന്നും അധികൃതര്‍ വ്യക്തമാക്കി. ബീച്ചുകളില്‍ പ്ലാസ്റ്റിക് കവറുകളും കുപ്പികളും അലക്ഷ്യമായിടുകയും ബാര്‍ബിക്യൂ പാചകം ചെയ്ത് കരി അവിടെ തന്നെ കുഴിച്ചിട്ട 529 പേര്‍ക്ക് പിഴ ചുമത്തിയതായും അല്‍ ശിഹി പറഞ്ഞു.