Ongoing News
ചിത്രയെ തഴഞ്ഞത് വിവാദമായി

ന്യൂഡല്‍ഹി/തിരുവനന്തപുരം: അത്‌ലറ്റിക്‌സ് ലോകചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് കേരളത്തിന്റെ പി യു ചിത്രയെ തഴഞ്ഞ അത്‌ലറ്റിക് ഫെഡറേഷന്റെ നടപടിയുമായി ബന്ധപ്പെട്ട് അവസരം നിഷേധിക്കപ്പെട്ട താരത്തിന് നീതി ലഭ്യമാക്കാന്‍ ഇടപെടുമെന്ന് എം ബി രാജേഷ് എം പിക്ക് കേന്ദ്ര കായിക മന്ത്രി വിജയ്‌ഗോയലിന്റെ ഉറപ്പ്.
ഇതേകുറിച്ച് അത്‌ലറ്റിക് ഫെഡറേഷനുമായി സംസാരിക്കാമെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ എം ബി രാജേഷ് എം പിക്ക് ഉറപ്പ് നല്‍കി.
അത്‌ലറ്റിക് ഫെഡറേഷനോട് വിശദീകരണം ചോദിക്കുമെന്നും വിജയ് ഗോയല്‍ അറിയിച്ചു. ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ സ്വര്‍ണ നേട്ടക്കാരെല്ലാം ലോക ചാംപ്യന്‍ഷിപ്പിന് അര്‍ഹതയുള്ളവരാണെന്നിരിക്ക ചിത്രക്ക് ഫെഡറേഷന്‍ അവസരം നിഷേധിക്കുകയായിരുന്നു.
ലണ്ടനിലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള 24 അത്‌ലറ്റിക് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ചിത്ര, സുധാ സിംഗ്, അജയ്കുമാര്‍ സരോജ് എന്നിവരെയാണ് പുറത്താക്കിയത്. ഇതിനിടെ പി യു ചിത്രയെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഫിഷ്യലുകള്‍ക്ക് പോകാന്‍ വേണ്ടിയാണ് തീരുമാനമെങ്കില്‍ അത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് പിന്നാലെയാണ് എം ബി രാജേഷ് എംപി കായികമന്ത്രിയെ കണ്ടത്. അതേസമയം ലോക റാങ്കിംഗില്‍ ചിത്രയുടെ പ്രകടനം 200ാ-മത് മാത്രമാണെന്നും പ്രകടനത്തിന് സ്ഥിരതയില്ലെന്നും മെഡല്‍ നേടാന്‍ സാധ്യതയില്ലെന്നുമാണ് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനും സെലക്ടര്‍മാരും വാദിക്കുന്നതങ്കിലും മികച്ച താരങ്ങളെ ടീമില്‍ നിന്ന് ഒഴിവാക്കിയത് ഒഫിഷ്യല്‍സിന് ലണ്ടന്‍ യാത്ര തരപ്പെടുത്താനാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
24 അംഗ ഇന്ത്യന്‍ അത്‌ലറ്റിക് സംഘത്തിന് അകമ്പടി സേവിക്കുന്നത് 13 ഒഫിഷ്യലുകളാണ്.
എന്നാല്‍ ഫെഡറേഷനില്‍ പ്രമുഖ മലയാളികളാരും ചിത്രക്കായി സംസാരിച്ചില്ലെന്ന് ചിത്രയുടെ പരിശീലകന്‍ എന്‍ എസ് സിജിന്‍ കുറ്റപ്പെടുത്തി.
അതിനിടെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലിന് കത്ത് നല്‍കി. ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ ഷിപ്പില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടിയത് കൂടാതെ നിരവധി ദേശീയ അന്തര്‍ ദേശീയ മത്സരങ്ങളില്‍ മെഡലുകള്‍ വാരിക്കൂട്ടിയിട്ടുള്ള പി യു ചിത്രക്ക് ഒരു ലോക അത്‌ലറ്റിക് മീറ്റ് പോലുള്ള അന്താരാഷ്ട്ര മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുകാനുള്ള അവസരം നിഷേധിക്കരുതെന്ന് ചെന്നിത്തല കത്തില്‍ സൂചിപ്പിക്കുന്നു. ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ എന്ന നിലയില്‍ അന്താരാഷ്ട്ര അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാനുള്ള യോഗ്യതയും അവര്‍ക്കുണ്ട്.
അതൊന്നും പരിഗണിക്കാതെ ഇന്ത്യന്‍ ടീമില്‍ അവരെ ഉള്‍പ്പെടുത്താതിരിക്കാനുള്ള ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്റെ നീക്കം ആ കായിക താരത്തിന്റെ മനോവീര്യം തകര്‍ക്കുന്നതിനും ഇന്ത്യയുടെ ഒരു മെഡല്‍ പ്രതീക്ഷ ഇല്ലായ്മചെയ്യുന്നതിനും മാത്രമേ ഉപകരിക്കൂ.
അതുകൊണ്ട് അടിയന്തിര സാഹചര്യം പരിഗണിച്ച് പി യു ചിത്രക്ക് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള അവസരം ഉണ്ടാക്കണമെന്നും ചെന്നിത്തല കത്തില്‍ പറയുന്നു.