International
മസ്ജിദുല്‍ അഖ്‌സയിലെ ഡിറ്റക്ടറുകള്‍ നീക്കി

ജറൂസേലം: മുസ്‌ലിം വിശ്വാസികളെ പരിശോധിക്കാന്‍ മസ്ജിദുല്‍ അഖ്‌സക്ക് മുന്നിലേര്‍പ്പെടുത്തിയ മെറ്റല്‍ ഡിറ്റക്ടര്‍ എടുത്തുകളയാന്‍ ഇസ്‌റാഈല്‍ തീരുമാനിച്ചു. വിശ്വാസികളെ കുറ്റവാളികളും തീവ്രവാദികളുമായി ചിത്രീകരിക്കാനുള്ള ഇസ്‌റാഈല്‍ നടപടിക്കെതിരെ പൊതുജനത്തിന്റെ പ്രക്ഷോഭം ശക്തമായതോടെയാണ് നിലപാട് തിരുത്തി ഇസ്‌റാഈല്‍ അധികൃതര്‍ മുട്ടുമടക്കിയത്. ഫലസ്തീന്‍ ജനതക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലും സ്ഥാപനങ്ങളിലും കൈകടത്തല്‍ നടത്തുന്നതിന്റെ ഭാഗമായാണ് ഇസ്‌റാഈല്‍ സൈന്യം മസ്ജിദുല്‍ അഖ്‌സയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നത്. അതേസമയം, മെറ്റല്‍ ഡിറ്റക്ടറിന് പുറമെ ഏര്‍പ്പെടുത്തിയ സി സി ടിവി ക്യാമറകളും അനുബന്ധ സുരക്ഷാ സംവിധാനങ്ങളും കൂടി എടുത്തുകളയാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് ഫലസ്തീന്‍ നേതൃത്വം വ്യക്തമാക്കി.
മന്ത്രിസഭയില്‍ വോട്ടിംഗിനിട്ടതിന് ശേഷമാണ് ഡിറ്റക്ടറുകള്‍ എടുത്തുകളയുമെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയത്. മുസ്‌ലിം വിശ്വാസികളുടെ ആവശ്യം പൂര്‍ണമായും അംഗീകരിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നും ഇസ്‌റാഈലിന്റെ പരിശോധനാ സംവിധാനങ്ങള്‍ മസ്ജിദുല്‍ അഖ്‌സയില്‍ അനുവദിക്കില്ലെന്നും മസ്ജിദിന്റെ ഡയറക്ടര്‍ ശൈഖ് നജീഹ് ബകിറാത് വ്യക്തമാക്കി. ജുലൈ 14ന് ശേഷം അഖ്‌സയില്‍ കൊണ്ടുവന്ന മുഴുവന്‍ പരിഷ്‌കരണവും മാറ്റാതെ ഫലസ്തീന്‍ ജനത തൃപ്തരാകില്ലെന്ന് മസ്ജിദുല്‍ അഖ്‌സ വക്താവ് ശൈഖ് റഈദ് സ്വാലിഹ് വ്യക്തമാക്കി. അഖ്‌സക്ക് സമീപം നടന്ന ആക്രമണത്തില്‍ രണ്ട് ഇസ്‌റാഈല്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മെറ്റല്‍ ഡിറ്റക്ടര്‍ സംവിധാനം ഏര്‍പ്പെടുത്തി അഖ്‌സയില്‍ അനധികൃത ഇടപെടല്‍ നടന്നത്.
അല്‍ അഖ്‌സ പള്ളിയിലെ ചരിത്രപരവും മതപരവുമായ അവകാശം സംരക്ഷിക്കപ്പെടണമെന്നും ഇസ്‌റാഈലിന്റെ അഖ്‌സയിലേക്കുള്ള കുടിയേറ്റ ശ്രമം സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നും ഫലസ്തീന്‍ പ്രധാനമന്ത്രി റമി ഹംദല്ല വ്യക്തമാക്കി. ജൂലൈ 14ന് മുമ്പ് അഖ്‌സയിലുണ്ടായിരുന്ന സാഹചര്യം തിരിച്ചുകൊണ്ടുവരണമെന്നും ആരാധനാലയത്തിലെ ഇസ്‌റാഈല്‍ കടന്നു കയറ്റം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഖ്‌സയില്‍ സൈനികരെ കൂടുതലായി വിന്യസിപ്പിക്കാനും കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കാനുമാണ് പദ്ധതിയിടുന്നത്. ഇത് ഭാവിയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
പ്രക്ഷോഭം മുമ്പത്തെ രീതിയില്‍ തന്നെ തുടരുമെന്നും പള്ളിയില്‍ കയറാതെ പുറത്ത് നിന്ന് വിശ്വാസികള്‍ പ്രാര്‍ഥന നിര്‍വഹിക്കണമെന്നും ഫലസ്തീന്‍ നേതാക്കള്‍ ആഹ്വാനം നല്‍കി. അതേസമയം, പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള ശ്രമം ഇസ്‌റാഈല്‍ തുടരുകയാണ്. കൂടുതല്‍ സൈനികരെയും പോലീസുകാരെയും വിന്യസിച്ച് അഖ്‌സ പരിസരത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. പ്രക്ഷോഭകര്‍ക്ക് നേരെ ഗ്രാനേഡുകളും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചിട്ടുണ്ട്. ജറൂസേലമില്‍ ഒരാഴ്ചയായി തുടരുന്ന പ്രക്ഷോഭത്തില്‍ ഇതുവരെ അഞ്ച് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നൂറോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും അത്രതന്നെ പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് വക്താക്കള്‍ അറിയിച്ചു. ഇസ്‌റാഈലുമായുള്ള എല്ലാ ബന്ധവും മരവിപ്പിക്കാന്‍ ഫലസ്തീന്‍ നേതാക്കളോട് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.