Connect with us

Kerala

മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം: സെന്‍കുമാറിനെ ചോദ്യം ചെയ്തു

Published

|

Last Updated

കൊച്ചി: മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്ന കേസില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് എസ്പി. പി മുഹമ്മദ് ഷബീറിന്റെ നേതൃത്വത്തിലാണ് സെന്‍കുമാറിന്റെ മൊഴി രേഖപ്പെടുത്തിയത്.

മതവിദ്വേഷം വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും ലേഖകന്റെ ചോദ്യങ്ങള്‍ക്ക് വസ്തുതകളുടെ അടിസ്ഥാനത്തില്‍ മറുപടി നല്‍കുക മാത്രമാണ് ഉണ്ടായതെന്നും സെന്‍കുമാര്‍ പറഞ്ഞു. കേസില്‍, സെന്‍കുമാറിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

ഐപിസി 153 എ പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് സൈബര്‍ പോലീസ് സെന്‍കുമാറിനെതിരെ കേസെടുത്തത്. വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച വാരികക്കെതിരെയും കേസെടുത്തിരുന്നു.

സമകാലിക മലയാളം വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് സെന്‍കുമാര്‍ മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയത്. ഇസിലിനെയും ആര്‍എസ്എസിനെയും ഒരേപോലെ കാണാന്‍ കഴിയില്ലെന്നും കേരളത്തില്‍ മുസ്‌ലിം ജനനസംഖ്യ വര്‍ധിക്കുന്നുന്നത് ആശങ്കാജനകമാണെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു.

കേരളത്തിലെ ഇപ്പോഴത്തെ ജനസംഖ്യാ ഘടന നോക്കൂ. നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ 42 മുസ്‌ലിം കുട്ടികളാണ്. മുസ്‌ലിം ജനസംഖ്യ 27 ശതമാനമാണ്. 54 ശതമാനമുള്ള ഹിന്ദുക്കളുടെ ജനന നിരക്ക് 48 ശതമാനത്തില്‍ താഴെയാണ്. 19.5 ശതമാനമുള്ള ക്രിസ്ത്യാനികളുടെ ജനന നിരക്ക് 15 ശതമാനം. ഭാവിയില്‍ വരാന്‍ പോകുന്നത് ഏത് രീതിയിലുള്ള മാറ്റമായിരിക്കുമെന്നും സെന്‍കുമാര്‍ ചോദിച്ചിരുന്നു.

മത തീവ്രവാദം നേരിടാന്‍ ആദ്യം വേണ്ടത് ആരോപണ വിധേയമാകുന്ന സമുദായത്തിന്റെ പൂര്‍ണ പിന്തുണയാണ്. മുസ്‌ലിം സമുദായത്തിലും നല്ല ആളുകളുണ്ട്. അവരെ ഉപയോഗിച്ചു വേണം മത തീവ്രവാദം നിയന്ത്രിക്കാന്‍.
പശുവിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങളല്ല, അതിനെതിരെ പ്രസംഗിക്കുന്നതാണ് കുഴപ്പമെന്നും സെന്‍കുമാര്‍ പറയുന്നു.

---- facebook comment plugin here -----

Latest