ദളിത് ഭവനത്തില്‍ വീണ്ടും അമിത് ഷായുടെ ഭക്ഷണം

Posted on: July 24, 2017 10:43 am | Last updated: July 24, 2017 at 10:43 am

ജെയ്പൂര്‍: ദളിത് വീട്ടില്‍ ഭക്ഷണം കഴിച്ച് വീണ്ടും അമിത് ഷാ. മൂന്ന് ദിവസത്തെ രാജസ്ഥാന്‍ പര്യടനത്തിന്റെ അവസാന ദിനമായ ഇന്നലെ ജെയ്പൂരിലെ സുശീല്‍പുരയിലാണ് ബി ജെ പി പ്രസിഡന്റ് അമിത് ഷാ ദളിത് പ്രീണനത്തിന്റെ പതിവ് മാതൃക പുറത്തെടുത്തത്. യുവമോര്‍ച്ച പ്രാദേശിക നേതാവ് രമേഷ് പച്ചാരിയയുടെ വീട്ടിലാണ് കനത്ത സരുക്ഷാ സന്നാഹങ്ങളോടെ അമിത് ഷായും മുഖ്യമന്ത്രി വസുന്ധരാ രാജെയും എത്തിയത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അശോക് പര്‍ണാമി, ഭൂപേന്ദ്ര യാദവ് എം പി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ഷാ വരുന്നതിന് മുന്നോടിയായി ഭക്ഷണം തയ്യാറാക്കുന്നതും മറ്റ് ക്രമീകരണങ്ങളും പാര്‍ട്ടി നേതാക്കളെത്തി നിരവധി തവണ പരിശോധിച്ചിരുന്നു. അതേസമയം, ദളിത് കുടുംബമായത് കൊണ്ടല്ല, പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായത് കൊണ്ടാണ് അമിത് ഷാ അവിടെയെത്തിയതെന്ന് സംസ്ഥാന സാമൂഹിക നീതി മന്ത്രി അരുണ്‍ ചതുര്‍വേദി പറഞ്ഞു.

കര്‍ണാടകയില്‍ ബി ജെ പി നേതാവ് യദിയൂരപ്പ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പിന്റെ ഭാഗമായി ദളിത് വീട് സന്ദര്‍ശിച്ചത് വന്‍ വിവാദത്തിന് വഴിതെളിയിച്ചിരുന്നു. ഹോട്ടലില്‍ നിന്ന് കൊണ്ടുവന്ന ഭക്ഷണം വീട്ടില്‍ വെച്ച് കഴിക്കുകയായിരുന്നു യെദിയൂരപ്പയെന്ന് പിന്നീട് പുറത്തുവന്നതാണ് പാര്‍ട്ടിക്ക് നാണക്കേടായത്.