International
വീണ്ടും ഇസ്‌റാഈല്‍ പ്രകോപനം; അഖ്‌സയില്‍ സി സി ടിവികളും സ്ഥാപിച്ചു


ഇസ്‌റാഈല്‍വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി മസ്ജിദുല്‍ അഖ്‌സക്ക് മുന്നില്‍ നിന്ന് നിസ്‌കരിക്കുന്ന ഫലസ്തീന്‍ കുടുംബം
ജറൂസലേം: രാജ്യവ്യാപക പ്രക്ഷോഭത്തിനിടെയും മസ്ജിദുല്‍ അഖ്‌സയിലെ പ്രകോപന നടപടിയുമായി ഇസ്‌റാഈല്‍. മസ്ജിദുല്‍ അഖ്‌സയിലെത്തുന്ന വിശ്വാസികളെ കുറ്റവാളികളായി ചിത്രീകരിക്കാന്‍ മെറ്റല്‍ഡിറ്റക്ടറടക്കുള്ള സുരക്ഷാ സംവിധാനങ്ങളുമായി മുന്നോട്ടുപോകൂമെന്ന് അധികൃതര്‍ വ്യക്തമാക്കി. മെറ്റല്‍ഡിറ്റക്ടറുകള്‍ സ്ഥാപിച്ചതിന് പുറമെ പള്ളിയിലേക്കുള്ള പ്രധാന കവാടത്തില്‍ സി സി ടി വി ക്യാമറകളും സ്ഥാപിച്ചു. മുസ്‌ലിംകളുടെ പുണ്യകേന്ദ്രമായ അഖ്‌സയിലെ അനധികൃത ഇസ്‌റാഈല്‍ ഇടപടെലില്‍ വ്യാപക പ്രതിഷേധം നിലനില്‍ക്കെയാണ് സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ച് കൊണ്ട് പുതിയ പ്രകോപന നടപടിയുമായി ഇസ്‌റാഈല്‍ രംഗത്തെത്തിയത്.
ഫലസ്തീനിലെ മുസ്‌ലിം ഭരണപ്രദേശങ്ങളില്‍ നിയന്ത്രണം വ്യാപിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് മസ്ജിദുല്‍ അഖ്‌സയില്‍ സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിച്ചതെന്ന് ഫലസ്തീന്‍ അതോറിറ്റിയും വിശ്വാസികളും വ്യക്തമാക്കുന്നു. ഇസ്‌റാഈല്‍ സൈന്യത്തിന്റെ അതിക്രമത്തില്‍ പ്രതിഷേധിച്ച് നടന്ന വെടിവെപ്പില്‍ മസ്ജിദുല്‍ അഖ്‌സയില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുതിയ ഇടപെടലുമായി ഇസ്‌റാഈല്‍ അധികൃതര്‍ രംഗത്തെത്തിയത്. ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണെന്ന ന്യായീകരണമാണ് ഇസ്‌റാഈല്‍ മുന്നോട്ടുവെച്ചത്.
അതിനിടെ, ഇസ്‌റാഈല്‍ ഇടപെടലിനെതിരെ നടക്കുന്ന പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമര്‍ത്തുന്ന രീതി സൈന്യം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. തെരുവില്‍ കൂട്ടമായി നിസ്‌കരിച്ചും പ്രാര്‍ഥന നടത്തിയും സമാധാനപരമായി സമരം ചെയ്യുന്നവരെ തല്ലിച്ചതച്ചാണ് ഇസ്‌റാഈല്‍ സൈന്യം പ്രതികരിക്കുന്നത്. കിഴക്കന്‍ ജറുസലേമിലും വെസ്റ്റ് ബേങ്കിലും പ്രക്ഷോഭം ശക്തമാണ്. പോലീസ് ആക്രമണത്തില്‍ മൂന്ന് ഫലസ്തീന്‍ പൗരന്മാരാണ് കൊല്ലപ്പെട്ടത്. നൂറോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.