ഇ കെ ഹസന്‍ മുസ്‌ലിയാര്‍ എന്ന ആശയം

കേരളത്തിലെ സലഫികള്‍ക്ക്, അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആത്മവിശ്വാസം കൈമുതലായി ഉണ്ടായിരുന്ന കാലത്താണ് ഹസന്‍ മുസ്‌ലിയാര്‍ ഒറ്റയാള്‍ പട്ടാളം എന്ന കണക്കെ അവരെ നേരിട്ടത് എന്നോര്‍ക്കണം. സലഫികള്‍ക്കെതിരെയുള്ള ഏതൊരു വിയോജിപ്പും മുസ്‌ലിംകളുടെ സാമൂഹിക വികാസത്തിന് നേരെയുള്ള കൊഞ്ഞനം കുത്തലായി വായിക്കപ്പെട്ട കാലം. സുന്നികള്‍ക്കെതിരെ അവസാന തുള്ളി രക്തവും ചിന്തും എന്നു പറയാന്‍ മുസ്‌ലിം ലീഗിന്റെ നിയമസഭാ സാമാജികന് മറ്റൊന്നും ആലോചിക്കേണ്ടാത്ത കാലം. ഒരു മുസ്‌ലിയാര്‍ ആവുന്നത് തന്നെ അങ്ങേയറ്റം കുറച്ചിലുള്ള കാര്യമായി ആളുകള്‍ തെറ്റിദ്ധരിച്ച കാലം. അങ്ങനെയൊരു കാലത്ത് സലഫികളെ ആദര്‍ശപരമായി നേരിടാന്‍ വര്‍ധിച്ച ആത്മവിശ്വാസം ആവശ്യമായിരുന്നു. അത് ഉസ്താദിന് ഉണ്ടായിരുന്നു. അതുകൊണ്ടാണ് പരിഭ്രമം എന്തെന്നറിയാത്ത ആത്മവിശ്വാസി എന്ന് അദ്ദേഹത്തെ സമകാലികര്‍ വിശേഷിപ്പിച്ചത്.
സമസ്ത കേന്ദ്ര മുശാവറ അംഗം, ജനറൽ സെക്രട്ടറി, ജാമിഅ ഹസനിയ പാലക്കാട്, 
Posted on: July 23, 2017 6:41 pm | Last updated: July 23, 2017 at 6:41 pm

കേരളത്തിലെ സലഫീ പ്രസ്ഥാനങ്ങള്‍ ഏറ്റവുമധികം പ്രതിരോധത്തിലായ സന്ദര്‍ഭങ്ങളില്‍ നിര്‍ണായകമായ ഒന്ന് സുന്നി പണ്ഡിതനും സംഘാടകനുമായ മര്‍ഹൂം ശൈഖുനാ ഇ കെ ഹസന്‍ മുസ്‌ലിയാരുടെ ജീവിത കാലത്തായിരുന്നുവെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുകൊണ്ടു തന്നെ, ശൈഖുനാ ഇല്ലാത്ത കേരളീയ മുസ്‌ലിം പരിസരം ആയിരുന്നു സലഫികളുടെ എക്കാലത്തെയും വലിയ സ്വപ്‌നം. ആ സ്വപ്‌നം നിറവേറ്റാന്‍ അവര്‍ പലവഴിക്കും അധ്വാനിക്കുകയും അതിനുവേണ്ടിയുള്ള പരിശ്രമങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. ആദര്‍ശ സംരക്ഷണത്തിന് വേണ്ടി ഊണും ഉറക്കവുമില്ലാതെ കഠിനാധ്വാനം ചെയ്ത സുന്നികളുടെ പ്രിയങ്കരനായ ആ നേതാവിനു നേരെ പല സന്ദര്‍ഭങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെച്ചു നടന്ന വധശ്രമങ്ങള്‍, ആ ആദര്‍ശ ധീരനെ സലഫീ പ്രസ്ഥാനം എത്രമാത്രം ഭയപ്പെട്ടിരുന്നു എന്നതിന്റെ ഉദാഹരണമാണ്. സംഘടനാ പ്രവര്‍ത്തനത്തിന്റെയോ, തീര്‍ഥാടനത്തിന്റെയോ ഭാഗമായി ഹസനുസ്താദ് കേരളത്തിന് പുറമേക്ക് ദീര്‍ഘ യാത്രചെയ്യുന്ന സന്ദര്‍ഭങ്ങള്‍ പോലും അക്കാലത്തെ സലഫികളെ ആഹ്ലാദഭരിതരാക്കി. ഉസ്താദിന്റെ ഇത്തരം യാത്രാവേളകളാണ് സുന്നികളെ ആശയ സംവാദത്തിന് വെല്ലുവിളിക്കാനുള്ള സുരക്ഷിതമായ സമയം എന്നവര്‍ കരുതിപ്പോന്നു. അല്‍പ്പനേരത്തേക്കെങ്കിലും ഹസന്‍ മുസ്‌ലിയാര്‍ എന്ന പ്രിയങ്കരനായ നേതാവ് സുന്നികളുടെ കണ്‍മുന്നില്‍ നിന്നു മാറി നില്‍ക്കുമ്പോഴേക്കും സലഫികള്‍ സംവാദത്തിനുള്ള വെല്ലുവിളിയുമായി വരും. അങ്ങനെയുള്ള ഒരുകൂട്ടര്‍ക്ക് ഹസന്‍ മുസ്‌ലിയാരുടെ ദേഹ വിയോഗത്തെക്കാള്‍ സന്തോഷിക്കാനുള്ള മറ്റേതൊരു സന്ദര്‍ഭമാണ് വീണു കിട്ടാനുള്ളത്?

സ്വാഭാവികമായും ശൈഖുനാക്ക് രോഗം അലട്ടിയ അവസാന കാലവും ഒടുവില്‍ മരണവും സലഫികള്‍ ആഘോഷിക്കുക തന്നെ ചെയ്തു. ഒരു കൗശലം എന്ന നിലയില്‍ പോലും ആ സന്തോഷം മറച്ചുവെക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. രോഗാതുരനായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇ കെ യുടെ ‘ദയനീയ മുഖം’ ഒപ്പിയെടുക്കാന്‍ സലഫികള്‍ക്കു മേല്‍ക്കൈ ഉണ്ടായിരുന്ന ചന്ദ്രിക ദിനപത്രം ഒരു ഫോട്ടോഗ്രാഫറെ തന്നെ പറഞ്ഞയച്ചു. പത്രങ്ങളില്‍ ഫോട്ടോ ചെലവേറിയ ഏര്‍പ്പാടായിരുന്ന ഒരു കാലത്താണ് ഇപ്പണി എന്നോര്‍ക്കണം. ജീവിതത്തില്‍ തോല്‍പ്പിക്കാന്‍ കഴിയാതെ പോയ, കേരളീയ മുസ്‌ലിംകള്‍ സമാദരണീയനാണെന്നു കരുതി ബഹുമാനിച്ചുപോന്ന ഒരു പണ്ഡിതന് മരണത്തിലെങ്കിലും ഒരു തൊഴി കൊടുക്കുക എന്നതായിരുന്നു സലഫികളുടെ മാനസികാവസ്ഥ. ആശയ സംവാദങ്ങളില്‍ ശൈഖുനാ സലഫികളില്‍ ഏല്‍പ്പിച്ച ആഘാതം അത്രമേല്‍ മാരകമായിരുന്നുവെന്നു സാരം.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ സാവിത്രി വാര്‍ഡിലെ ഒന്നാം നമ്പര്‍ മുറിയിലേക്ക് ഫോട്ടോഗ്രാഫറെ ഒളിച്ചുകടത്താനാകുമോ എന്ന് മുസ്‌ലിം ലീഗിലെ സലഫീ നേതാക്കള്‍ ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുമ്പോള്‍, ഹസനുസ്താദിന്റെ പുളിക്കലിനടുത്തുള്ള ഐക്കരപ്പടിയിലെ പുത്തൂപ്പാടം വീടിന് പുറത്തും കോഴിക്കോട് ഹല്‍വ ബസാറിലെ സുന്നി വോയ്‌സ് ഓഫീസിലും നൂറുകണക്കിന് സുന്നീയുവാക്കള്‍ തമ്പടിച്ചു നില്‍ക്കുകയായിരുന്നു. ‘മുസ്‌ലിം കേരളത്തിന്റെ പ്രിയങ്കരനും സുന്നീ പ്രസ്ഥാനത്തിന്റെ സര്‍വസ്വവുമായ മൗലാനാ ഇ കെ ഹസന്‍ മുസ്‌ലിയാര്‍ക്കു മൂന്നു കുപ്പി ബി നെഗറ്റീവ് രക്തം ആവശ്യമുണ്ട്’ എന്ന സുന്നി വോയ്‌സിലെ അറിയിപ്പ് കണ്ടു വന്നവരായിരുന്നു അവര്‍. രക്ത ദാനം ഇന്നത്തെപ്പോലെ എളുപ്പവും അതേക്കുറിച്ചുള്ള ബോധം വ്യാപകവുമല്ലാതിരുന്ന കാലത്താണ് ഹസന്‍ മുസ്‌ലിയാര്‍ക്ക് രക്തം നല്‍കാന്‍ സുന്നിയുവത കോഴിക്കോട്ടേക്ക് ഒഴുകിയത്. അവരില്‍ കാസര്‍കോട് മുതല്‍ പാലക്കാടുവരെയുള്ളവര്‍ ഉണ്ടായിരുന്നതായി അന്നവിടെ ഉണ്ടായിരുന്ന നേതാക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. ഹസന്‍ മുസ്‌ലിയാര്‍ മരിച്ചു കാണണം എന്നാഗ്രഹിച്ചവര്‍ക്കുള്ള, മറുപടിയായിരുന്നു ഹസന്‍ മുസ്‌ലിയാര്‍ ഇനിയും ജീവിച്ചുകാണണം എന്നാഗ്രഹിച്ചു കോഴിക്കോട്ടേക്കും പുത്തൂപ്പാടത്തേക്കും ഒഴുകിയെത്തിയ ആ വലിയ ജന സമൂഹം.

ജീവിതകാലത്ത് താന്‍ പോരാടിയ ആദര്‍ശ ശത്രുക്കളെ പക്ഷേ, ഹസന്‍ മുസ്‌ലിയാര്‍ തന്റെ മരണക്കിടക്കയിലും നേരിട്ടു. മറ്റൊന്നിനും ആവതില്ലാത്ത സമയത്തും ആദര്‍ശ ശത്രുക്കള്‍ക്കെതിരെ ആശുപത്രിക്കിടക്കയിലും അദ്ദേഹം മുഖം തിരിച്ചു. അവരില്‍ വലിയ സമുദായ സ്‌നേഹികള്‍ എന്ന് അക്കാലത്ത് പുകള്‍പെറ്റവര്‍ പോലും ഉണ്ടായിരുന്നു. ആദര്‍ശത്തിനു മുന്നില്‍ ആ മഹാനുഭാവന് വലിപ്പച്ചെറുപ്പം ഉണ്ടായിരുന്നില്ല. ആരോഗ്യ കാലത്തു പുലര്‍ത്തിപ്പോന്ന അതേ ഉശിരോടെ തന്നെ ആപത്തു കാലത്തും അദ്ദേഹം ശത്രുക്കളെ നേരിട്ടു. കഷ്ടപ്പാടുകളുടെയും വേദനകളുടെയും കാലത്തെ പ്രലോഭനങ്ങള്‍ ഒന്നു പോലും അദ്ദേഹത്തെ തൊട്ടു തീണ്ടിയതേ ഇല്ല. ജീവിത കാലം മുഴുവന്‍ ഹസന്‍ മുസ്‌ലിയാരുടെ രക്തത്തിനു വേണ്ടി അത്യധ്വാനം ചെയ്തവര്‍ ഏര്‍പ്പാടാക്കിയ ചിലര്‍ ഹസന്‍ മുസ്‌ലിയാര്‍ക്ക് രക്തം ദാനം ചെയ്യാന്‍ എന്ന വ്യാജേന മെഡിക്കല്‍ കോളജില്‍ എത്തി. ഇ കെ ഹസന്‍ മുസ്‌ലിയാരുടെ ‘സുന്നി രക്തത്തില്‍ അല്‍പ്പമെങ്കിലും സലഫീ രക്തം കലര്‍ത്തുക’ എന്ന ഉത്തരവാദിത്വമായിരുന്നു പ്രസ്ഥാനം അവരെ ഏല്‍പ്പിച്ചത്. അവര്‍ സാവിത്രി വാര്‍ഡിനു മുന്നില്‍ കാവല്‍ കിടന്നു. പക്ഷേ, വേദനക്കിടയിലും ഉസ്താദ് അതൊക്കെയും മനസ്സിലാക്കി. ആദര്‍ശത്തില്‍ താന്‍ പുലര്‍ത്തിപ്പോന്ന കാര്‍ക്കശ്യത്തില്‍ അല്‍പ്പമെങ്കിലും വെള്ളം ചേരുന്നത് ശത്രുക്കളെ എത്രമേല്‍ സന്തോഷഭരിതരാക്കും എന്നു അദ്ദേഹത്തിന് അറിയാമായിരുന്നു. അതുകൊണ്ടു തന്നെ ശത്രുക്കള്‍ക്കു സന്തോഷിക്കാനുള്ള ഒരവസരവും ഒരുക്കിക്കൊടുക്കരുത് എന്ന നിര്‍ബന്ധം അദ്ദേഹം പുലര്‍ത്തി. സഹായവുമായി വന്ന ഓരോരുത്തരെയും മരണക്കിടക്കയില്‍ വെച്ച് വരെ അദ്ദേഹം ആദര്‍ശ വിചാരണ നടത്തി. തന്റെ വിശ്വാസ ആദര്‍ശങ്ങളെ പിന്തുണക്കുന്നവരുടെ കൈത്താങ്ങ് മാത്രം മതി എന്ന നിലപാടുകാരനായിരുന്നു അദ്ദേഹം. സ്വാഭാവികമായ അവസ്ഥകള്‍ ഉള്ളപ്പോഴല്ല, മറിച്ചു ആപത്തോ, അത്യാഹ്ലാദമോ വന്നു പെടുമ്പോള്‍ ഒരാള്‍ എന്തു നിലപാടെടുക്കുന്നു എന്നതാണല്ലോ പ്രധാനം. ഹസന്‍ മുസ്‌ലിയാര്‍ അത്തരം എല്ലാ പ്രതിസന്ധികളെയും പ്രലോഭനങ്ങളെയും അതിജയിച്ച നേതാവായിരുന്നു.

ഹസന്‍ ഉസ്താദിന്റെ വിയോഗം സലഫികള്‍ പ്രധാനമായും ആഘോഷിച്ചത് ചന്ദ്രിക ദിനപത്രത്തില്‍ ആയിരുന്നു. ആശുപത്രിക്കിടക്കയില്‍ നിന്നു പകര്‍ത്തിയ ദൈന്യത നിറഞ്ഞു നില്‍ക്കുന്ന ചിത്രമായിരുന്നു, അന്ന് ലഭ്യമായിരുന്ന അദ്ദേഹത്തിന്റെ മറ്റെല്ലാ ചിത്രങ്ങളും മാറ്റിവെച്ച് ആ പത്രം നല്‍കിയത്. വിഷാദത്തോടെയുള്ള അദ്ദേഹത്തിന്റെ മുഖം ഒരിക്കലെങ്കിലും സലഫീ വായനക്കാരെ കാണിച്ച്, അവര്‍ക്ക് ആത്മ നിര്‍വൃതി നല്‍കണമെന്ന് അവര്‍ ആഗ്രഹിച്ചു കാണണം. ഉള്ളാള്‍ തങ്ങളുടെയും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെയും നേതൃത്വത്തില്‍ സമസ്തയെ പുനഃസംഘടിപ്പിക്കുന്നതിനും ഏഴ് വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇക്കാര്യങ്ങളൊക്കെയും സംഭവിച്ചത്. സമസ്തയോട് അടിസ്ഥാനപരമായി തങ്ങള്‍ക്കുള്ള സമീപനം എന്താണെന്ന് വ്യക്തമാക്കുകയായിരുന്നു ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്‌ലിയാരുടെ സഹോദരന്‍ കൂടിയായ ഇ കെ ഹസന്‍ മുസ്‌ലിയാരോടുള്ള നിലപാടുകളിലൂടെ മുസ്‌ലിം ലീഗും ചന്ദ്രികയും ചെയ്തത്. സമസ്തയില്‍ തങ്ങള്‍ എതിര്‍ക്കുകയും അനുകൂലിക്കുകയും ചെയ്യേണ്ടവരുടെ വംശാവലി ഏതാണെന്നു ലീഗ് കാലേക്കൂട്ടി തീരുമാനിച്ചിരുന്നു. അത് 1989 ലെ പുനഃസംഘാടനത്തിനു ശേഷം പൊടുന്നനെ ഉണ്ടായ ഒരു സമീപനം ആയിരുന്നില്ല.

കേരളത്തിലെ സലഫികള്‍ക്ക്, അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആത്മവിശ്വാസം കൈമുതലായി ഉണ്ടായിരുന്ന കാലത്താണ് ഹസന്‍ മുസ്‌ലിയാര്‍ ഒറ്റയാള്‍ പട്ടാളം എന്ന കണക്കെ അവരെ നേരിട്ടത് എന്നോര്‍ക്കണം. സലഫികള്‍ക്കെതിരെയുള്ള ഏതൊരു വിയോജിപ്പും മുസ്‌ലിംകളുടെ സാമൂഹിക വികാസത്തിന് നേരെയുള്ള കൊഞ്ഞനം കുത്തലായി വായിക്കപ്പെട്ട കാലം. സുന്നികള്‍ക്കെതിരെ അവസാന തുള്ളി രക്തവും ചിന്തും എന്നു പറയാന്‍ മുസ്‌ലിം ലീഗിന്റെ നിയമസഭാ സാമാജികന് മറ്റൊന്നും ആലോചിക്കേണ്ടാത്ത കാലം. ഒരു മുസ്‌ലിയാര്‍ ആവുന്നത് തന്നെ അങ്ങേയറ്റം കുറച്ചിലുള്ള കാര്യമായി ആളുകള്‍ തെറ്റിദ്ധരിച്ച കാലം. അങ്ങനെയൊരു കാലത്ത് സലഫികളെ ആദര്‍ശപരമായി നേരിടാന്‍ വര്‍ധിച്ച ആത്മവിശ്വാസം ആവശ്യമായിരുന്നു. അത് ഉസ്താദിന് ഉണ്ടായിരുന്നു. അതുകൊണ്ടാണ് പരിഭ്രമം എന്തെന്നറിയാത്ത ആത്മവിശ്വാസി എന്നു അദ്ദേഹത്തെ സമകാലികര്‍ വിശേഷിപ്പിച്ചത്.

സലഫികള്‍ക്കെതിരെയുള്ള ഉസ്താദിന്റെ വാദങ്ങള്‍ മുഴുവനും മതകീയമായ അടിത്തറയില്‍ നിന്നുകൊണ്ടുള്ളതായിരുന്നു. ഇന്നത്തെപ്പോലെ, സലഫികളെ രാഷ്ട്രീയമായി നേരിടാനുള്ള പഴുതുകള്‍ ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല, രാഷ്ട്രീയ സാഹചര്യങ്ങള്‍ അവര്‍ക്കു അനുകൂലമായിരുന്നു താനും. സുന്നികള്‍ക്കെതിരെയുള്ള ആദര്‍ശപരമായ വിയോജിപ്പുകളെ രാഷ്ട്രീയ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തിയും രാഷ്ട്രീയപരമായ വാദങ്ങള്‍ ഉയര്‍ത്തിയും ആണ് അക്കാലത്ത് സലഫികള്‍ നേരിട്ടത്. ശംസുദ്ദീന്‍ പാലത്തുമാരായിരുന്നില്ല, അവരുടെ പൂര്‍വികരായ കെ എം സീതിമാരായിരുന്നു അക്കാലത്തെ സലഫിസത്തിന്റെ മുഖം. അങ്ങനെ എല്ലാ നിലക്കും ആത്മവിശ്വാസം കെട്ടുപോകുമായിരുന്ന ഒരു കാലത്ത് സുന്നികളെ തല ഉയര്‍ത്തി നില്‍ക്കാന്‍ പഠിപ്പിച്ചു എന്നതാണ് ഹസന്‍ മുസ്‌ലിയാര്‍ കേരളീയ സുന്നി സമൂഹത്തിനു നല്‍കിയ ഏറ്റവും വലിയ സംഭാവന. യഥാര്‍ഥത്തില്‍ സുന്നികളെ തീയില്‍ കുരുപ്പിക്കുകയായിരുന്നു ആ മഹാനുഭാവന്‍. അതുകൊണ്ടുതന്നെ ഹസന്‍ മുസ്‌ലിയാര്‍ക്ക് ശേഷം ഇനിയെന്ത് എന്ന ആശങ്ക സുന്നികള്‍ക്ക് ഒട്ടുമേ ഉണ്ടായിരുന്നില്ല. കാരണം, വെയിലത്ത് വാടാതിരിക്കാനുള്ള ആത്മവിശ്വാസവും പരിശീലനവും അവര്‍ നേടിക്കഴിഞ്ഞിരുന്നു. ഹസന്‍ മുസ്‌ലിയാര്‍ ഇല്ലാത്ത കാലത്തും എങ്ങനെ സുന്നികള്‍ ജീവിക്കും എന്നു കൂടി സുന്നികളെ പരിശീലിപ്പിച്ച ശേഷമായിരുന്നു അദ്ദേഹം വിടവാങ്ങിയത്.

കേള്‍വിക്കാര്‍ക്കും വായനക്കാര്‍ക്കും ഒറ്റനോട്ടത്തില്‍, വിചിത്രമെന്നോ അനുചിതമെന്നോ തോന്നിയേക്കാവുന്ന നിലപാടുകള്‍ ആ മഹാനുഭാവന്‍ ഉറക്കെ പറയുമായിരുന്നു. സാധാരണക്കാര്‍ക്ക് ഖുര്‍ആന്‍ അര്‍ഥം അറിയല്‍ സുന്നത്ത് പോലുമില്ല എന്ന നിലപാട് ഉദാഹരണം. ഖുര്‍ആന്‍ പരിഭാഷ സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ ഹസന്‍ മുസ്‌ലിയാര്‍ ഈ നിലപാട് മുറുകെപ്പിടിച്ചു. ഖുര്‍ആന്‍ പരിഭാഷക്ക് വേണ്ടിയുള്ള വാദം, കേവലം ഖുര്‍ആന്റെ അര്‍ഥം മനസ്സിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമല്ല എന്നു തിരിച്ചറിയാനുള്ള ബോധ്യം ഇ കെ സഹോദരന്മാര്‍ക്ക് ഉണ്ടായിരുന്നു. ഇഷ്ടത്തിന് അനുസരിച്ച് ഖുര്‍ആന്‍ വ്യാഖാനിക്കാനുള്ള ആദ്യ ചവിട്ടുപടിയായിരുന്നു പരിഭാഷാ വാദം. ഇക്കാലത്ത് ഇ കെ അബൂബക്കര്‍ മുസ്‌ലിയാരും പരിഭാഷക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചു. ‘അല്ലാഹുവിന്റെ നാമത്തെ കരുണാകരനും കണാരനും ആക്കുന്നവരോട്’ എന്നായിരുന്നു അക്കാലത്ത് ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ എഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ട് തന്നെ. സുന്നി വിരുദ്ധമായ ആശയങ്ങളുടെ പോക്ക് എങ്ങോട്ടേക്കാണ് എന്നു തിരിച്ചറിയുന്നതില്‍ സവിശേഷമായ ഒരു സിദ്ധി തന്നെ ശൈഖുനാക്ക് ഉണ്ടായിരുന്നു.

സലഫിസം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടികള്‍ നേരിടുകയും കേരളത്തില്‍ വരെ സലഫികള്‍ സ്വന്തം പേരും ആദര്‍ശവും വരെ പുറത്ത് പറയാന്‍ മടിക്കുകയും ചെയ്യുന്ന ഒരു കാലമാണല്ലോ ഇത്. സത്യത്തില്‍ സലഫീ വിരുദ്ധ ചേരിയിലുള്ള പണ്ഡിതന്മാരെ ശക്തിപ്പെടുത്തുന്നതില്‍ വലിയ ത്യാഗം സഹിച്ച ഇ കെ ഹസന്‍ മുസ്‌ലിയാരെ പോലുള്ള സമുദായ നേതാക്കളോട് പൊതുസമൂഹം പുലര്‍ത്തിയ അജ്ഞത നിറഞ്ഞ നിലപാട് തിരുത്താനുള്ള ഒരവസരം കൂടിയാണിത്. വഹാബികള്‍ മുതല്‍ മോഡേണ്‍ എയ്ജ് സൊസൈറ്റി വരെയുള്ള, വിശാല സലഫി ധാരക്ക് നേരെ ഹസ്സന്‍ മുസ്‌ലിയാര്‍ എഴുപതുകളില്‍ ഉയര്‍ത്തിയ മതകീയ വാദങ്ങളാണ് അവരുടെ രാഷ്ട്രീയ മേല്‍ക്കോയ്മയുടെ വേരറുത്തത്. സുന്നികള്‍ക്കെതിരെ അവസാന തുള്ളി ചോരയും ചിന്തും എന്നു വീമ്പിളക്കിയവരുടെ പിന്‍തലമുറക്കാര്‍, സുന്നികളുടെ താവളങ്ങളില്‍ അഭയം തേടിയെത്തുന്നത് നാം കണ്ടു. ഈ നിലക്ക് സലഫിസത്തിന്റെ വളര്‍ച്ചയെ മുരടിപ്പിച്ചതില്‍ പ്രധാനപങ്ക് വഹിച്ചത് ഹസ്സന്‍ മുസ്‌ലിയാര്‍ ആയിരുന്നു. മലബാറിന്റെ പരിധിയില്‍ നിന്ന് പുറത്തേക്കു സുന്നീ സംഘടനകളുടെ പ്രവര്‍ത്തന മേഖല വ്യാപിപ്പിക്കുന്നതിലും അദ്ദേഹം മുഖ്യ പങ്കു വഹിച്ചു. ഇ കെ ഹസ്സന്‍ മുസ്‌ലിയാരും എ പി അബൂബക്കര്‍ മുസ്‌ലിയാരും നേതൃത്വം നല്‍കിയ കാലത്താണ് സമസ്ത കേരള സുന്നി യുവജന സംഘം ജനകീയാടിത്തറയുള്ള പ്രസ്ഥാനമായി മാറിയത്.

1974ല്‍ ഹസന്‍ ഉസ്താദ്, ഹജ്ജിനു പോയ തക്കം നോക്കി ഒരിക്കല്‍ സലഫികള്‍ സുന്നികളെ വെല്ലുവിളിച്ചു. ആ വെല്ലുവിളിയേറ്റെടുക്കാന്‍ ആരും ഉണ്ടാകില്ലെന്ന വിശ്വാസമായിരുന്നു അവര്‍ക്ക്. ഹസന്‍ മുസ്‌ലിയാരുടെ അഭാവത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സംവാദത്തിനു പോകട്ടെ എന്നു സമസ്ത മുശാവറ തീരുമാനിച്ചു. അങ്ങനെ കാന്തപുരം ഉസ്താദ് പാലക്കാട് പൂടൂരില്‍ വഹാബികളുമായി സംവദിച്ചു. ഹസന്‍ മുസ്‌ലിയാര്‍ ഒരു വ്യക്തിയല്ല എന്നു ആ സംവാദം സലഫികളെ ബോധ്യപ്പെടുത്തി. ഹസന്‍ മുസ്‌ലിയാര്‍ എന്ന ആശയത്തിന്റെ താവഴി എങ്ങനെയായിരിക്കും എന്നതിലേക്കും ആ സംവാദം സൂചനകള്‍ നല്‍കി. ഹസ്സന്‍ മുസ്‌ലിയാര്‍ക്ക് ശേഷം വിശാല സലഫി ഐക്യ നിരയുടെ വേട്ടക്ക് ഏറ്റവും കൂടുതല്‍ ഇരയാകേണ്ടി വന്ന പണ്ഡിതന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആയത് ഒട്ടും യാദൃച്ഛികം അല്ല തന്നെ. ഇ കെ ഹസന്‍ മുസ്‌ലിയാരുടെ ആദര്‍ശത്തെയും നിലപാടുകളെയും നെഞ്ചേറ്റിയ അനുയായികള്‍ക്ക് സ്വാഭാവികമായും കടന്നുപോകേണ്ടിവരുന്ന ചില വേട്ടയാടലുകള്‍ ഉണ്ടാകുമല്ലോ. അതനുഭവിക്കേണ്ടി വരുന്നത് കൊണ്ടുകൂടിയാണല്ലോ ഇ കെ ഹസന്‍ മുസ്‌ലിയാര്‍ നമ്മുടെ നേതാവും നാം അവിടുത്തെ പിന്‍ഗാമികളും ആയിത്തീരുന്നത്.