ട്രെയിനുകളില്‍ വിതരണം ചെയ്യുന്നത് മനുഷ്യന് കൊള്ളാത്ത ഭക്ഷണമെന്ന് സിഎജി റിപ്പോര്‍ട്ട്

Posted on: July 21, 2017 9:42 pm | Last updated: July 22, 2017 at 10:02 am

ന്യൂഡല്‍ഹി: ട്രെയിനില്‍ വിതരണം ചെയ്യുന്ന ഭക്ഷണം മനുഷ്യന് ഭക്ഷിക്കാന്‍ കൊള്ളാത്തതെന്ന് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട്. രാജ്യത്തെ 74 റെയില്‍വേ സ്‌റ്റേഷനുകളിലും 80 ട്രെയിനുകളിലും പരിശോധന നടത്തിയ ശേഷമാണ് സിഎജി ഇക്കാര്യം വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് ഇന്നലെ പാര്‍ലിമെന്റിന്റെ മേശപ്പുറത്ത് വെച്ചു.

ട്രെയിനില്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷണം തയ്യാറാക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ട്രെയിനുകളിലെയും റെയില്‍വേ സ്‌റ്റേഷനുകളിലേയും കാറ്ററിംഗ് യൂണിറ്റുകളില്‍ വൃത്തി സൂക്ഷിക്കുന്നില്ല, പാനീയങ്ങള്‍ തയ്യാറാക്കാന്‍ ശുദ്ധീകരിക്കാത്ത പൈപ്പ് വെള്ളമാണ് ഉപയോഗിക്കുന്നത്, വേസ്റ്റ് ബാസ്‌കറ്റുകള്‍ തുറന്നിട്ടിരിക്കുന്നു, ഭക്ഷണ പഥാര്‍ഥങ്ങള്‍ തുറന്നിട്ടിരിക്കുന്നു, എലികളും പാറ്റകളും യഥേഷ്ടം സൈ്വര്യവിഹാരം നടത്തുന്നു…. എന്നിങ്ങനെ പോകുന്നു സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍.

മാലിന്യം കലര്‍ന്ന ഭക്ഷണ പഥാര്‍ഥങ്ങളാണ് ട്രെയിനുകളില്‍ വിതരണം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പഴയ ഭക്ഷണം വീണ്ടും ചൂടാക്കി വിതരണം ചെയ്യുന്നുമുണ്ട്. കാലാവധി കഴിഞ്ഞ ഉത്പന്നങ്ങളാണ് ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്നതെന്നും പരിശോധനയില്‍ വ്യക്തമായി.