Connect with us

Gulf

'വിദേശ ഇന്ത്യക്കാരുടെ ബേങ്ക് വിവരങ്ങള്‍ നികുതി റിട്ടേണില്‍ നല്‍കണം'

Published

|

Last Updated

വിദേശ ഇന്ത്യക്കാര്‍ നാട്ടില്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുമായി ബന്ധപ്പെട്ട് അതോടൊപ്പം ചേര്‍ക്കേണ്ട ബേങ്ക് അക്കൗണ്ടുകളുടെയും വിവിധ ആസ്തികളെയും സംബന്ധിച്ചു ആശങ്ക അവസാനിച്ചിട്ടില്ലെന്ന് എമിറേറ്റ്‌സ് ചാര്‍ട്ടേര്‍ഡ് ഗ്രൂപ്പ് സി ഇ ഒ മനു നായര്‍.
വിദേശ ഇന്ത്യക്കാര്‍ക്ക് ഇന്ത്യയില്‍ നിന്നുള്ള വരുമാനം, 2,50,000 രൂപയില്‍ കൂടുതലാണെങ്കില്‍ മാത്രമേ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട കാര്യമുള്ളൂ. ഇത് അവര്‍ക്ക് വാടക ഇനത്തിലോ പലിശ ഇനത്തിലോ മറ്റേതെങ്കിലും തരത്തില്‍ ഇന്ത്യയിലുള്ള വരുമാനമാകാം. അത്തരത്തിലുള്ള വിദേശ ഇന്ത്യക്കാര്‍ ജൂലൈ 31ന് മുമ്പായിട്ട് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതാണ്. എന്നാല്‍ വിദേശത്തുള്ള വരുമാനത്തില്‍ പ്രവാസികള്‍ ഇന്ത്യയില്‍ നികുതി അടക്കേണ്ട കാര്യമില്ല. റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഇ- ഫയലിംഗ് ഓപ്ഷന്‍ ആണ് നികുതി ദായകര്‍ ഉപയോഗപ്പെടുത്തേണ്ടത്. ഇതിനുവേണ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നയാളിന്റെ നേരിട്ടുള്ള സാന്നിധ്യം നാട്ടില്‍ ആവശ്യമില്ല.
അതേസമയം നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ പ്രവാസികളും തങ്ങളുടെ വിദേശ ബേങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കേണ്ടതാണ്. ഇതാണ് പ്രവാസികള്‍ക്ക് ഇപ്പോള്‍ വെല്ലുവിളി ആയിരിക്കുന്നത്. നാലു വിവരങ്ങളാണ് ഇവര്‍ നല്‍കേണ്ടത്. വിദേശത്തുള്ള ബേങ്കിന്റെ പേര്, ബേങ്ക് അക്കൗണ്ട് നമ്പര്‍, ഐ ബി എ എന്‍/ സ്വിഫ്റ്റ് കോഡ്, ഏത് രാജ്യത്താണ് ബേങ്ക് അക്കൗണ്ട് ഒപ്പണ്‍ ചെയ്തിരിക്കുന്നത് എന്നീ വിവരങ്ങള്‍. വിദേശത്തുള്ള എല്ലാ ബേങ്ക് അക്കൗണ്ടുകളുടെയും വിവരങ്ങള്‍ നല്‍കേണ്ടതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ഉള്ള ബേങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കുന്നത് പുറമെയാണ് വിദേശത്തുള്ള ബേങ്ക് അക്കൗണ്ട് വിവരങ്ങളും ആരായുന്നത്.
ഇത്തരത്തിലുള്ള പുതിയ നിബന്ധനകള്‍ പ്രവാസികള്‍ വളരെ ആശങ്കയോടെയാണ് കാണുന്നത്. ഭാവിയില്‍ വിദേശത്തുള്ള വരുമാനത്തിനും ഇന്ത്യയില്‍ നികുതി അടക്കേണ്ടി വരുമോ എന്നുള്ളതാണ് ഭൂരിപക്ഷത്തിന്റെയും ആശങ്ക. വിദേശത്തുള്ള വസ്തു വകകളുടെ മുഴുവന്‍ വിവരങ്ങളും ഇന്ത്യയില്‍ താമസിക്കുന്നവര്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ഇപ്പോള്‍തന്നെ സമര്‍പിക്കേണ്ടതാണ്. എന്നാല്‍ പ്രവാസികള്‍ തങ്ങളുടെ വിദേശത്തുള്ള വസ്തുവകകളുടെ വിവരങ്ങള്‍ ഇപ്പോള്‍ നല്‍കേണ്ടതില്ല. അത്തരത്തിലുള്ള പ്രചാരണം വാസ്തവ വിരുദ്ധമാണ്. ഇന്ത്യയില്‍ റസിഡന്റ് ആയിട്ടുള്ളവര്‍ക്ക് മാത്രമേ ഈ നിബന്ധന ബാധകമാകുന്നുള്ളൂ. എന്നാല്‍ ഭാവിയില്‍ വിദേശത്തുള്ള ആസ്തി വിവരങ്ങള്‍ പ്രവാസികളും നല്‍കേണ്ടി വരുമോ എന്നുള്ളതാണ് മുഖ്യമായും ഉയരുന്ന ചോദ്യം. ഇതാണ് പ്രവാസി സമൂഹത്തെ ഇപ്പോള്‍ കൂടുതല്‍ ആശങ്കയില്‍ ആക്കിയിരിക്കുന്നതായി അദ്ദേഹം പറഞ്ഞു.
മേല്‍ പറഞ്ഞ, ഇന്ത്യക്കു പുറത്തുള്ള ബേങ്ക് വിവരങ്ങള്‍ നല്‍കണമെന്നുള്ള നിബന്ധന ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫോമില്‍ മാത്രം വരുത്തിയ മാറ്റമാണ്. സാധാരണയായി ഇത്തരം മാറ്റങ്ങള്‍ വരുത്തുമ്പോള്‍ അധികാരികള്‍ അതുമായി ബന്ധപ്പെട്ടു നോട്ടിഫിക്കേഷന്‍ ഇറക്കാറുണ്ടെങ്കിലും ഇത്തവണ അതുണ്ടായില്ല.
നാട്ടില്‍ ആദായ പരിധിക്കുമേല്‍ (2,50,000 രൂപ) വരുമാനമില്ലാത്ത വിദേശ ഇന്ത്യക്കാര്‍ക്കും ഇന്‍കം ടാക്‌സ് ഓഫീസില്‍ നിന്ന് പാന്‍കാര്‍ഡ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാനായി ഇ മെയില്‍ വരുന്നുണ്ടെന്നുള്ള പരാതിയും ഉയര്‍ന്നു കേള്‍ക്കുന്നതായി അദ്ദേഹം സൂചിപ്പിച്ചു. ഇത്തരത്തിലുള്ളവരുടെ ഇന്ത്യയിലുള്ള വരുമാനം 2016- 2017 സാമ്പത്തിക വര്‍ഷത്തില്‍ 2,50,000 രൂപയില്‍ താഴെയാണെങ്കില്‍ നികുതി റിട്ടേണ്‍ സമര്‍പിക്കേണ്ട കാര്യമില്ല. അതേസമയം അത്തരക്കാരുടെ ഇന്ത്യയിലുള്ള വരുമാനത്തില്‍ ടാക്‌സ് കിഴിച്ച (ടി ഡി എസ്) ശേഷമാണ് അവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തുക ഇന്ത്യയില്‍ കിട്ടിയതെങ്കില്‍ അവര്‍ റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ മാത്രമേ അവര്‍ക്ക് ഇന്‍കം ടാക്‌സ് ഓഫില്‍ നിന്ന് റീഫണ്ട് തുക തിരിച്ചു പിടിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

---- facebook comment plugin here -----

Latest