ഹര്‍മന്‍പ്രീത് തകര്‍ത്താടി; ഇന്ത്യ ഫൈനലില്‍

Posted on: July 21, 2017 9:02 am | Last updated: July 21, 2017 at 11:10 am

ഡെര്‍ബി: നിലവിലെ ചാമ്പ്യന്മാരായ ആസ്‌ത്രേലിയയെ 36 റണ്‍സിന് കീഴടക്കി ഇന്ത്യ ഐ സി സി വനിതാ ലോകകപ്പിന്റെ ഫൈനലില്‍ കടന്നു. ഇന്ത്യ മുന്നോട്ടുവെച്ച 281 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 40.1 ഓവറില്‍ 245 റണ്‍സിന് പുറത്തായി. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും.

ഓസീസ് നിരയില്‍ ബ്ലാക്‌വെല്‍ (56 പന്തില്‍ 90), വില്ലിനി (58 പന്തില്‍ 75) എന്നിവര്‍ തിളങ്ങി. അവസാന വിക്കറ്റില്‍ ബ്ലാക്‌വെല്ലും ബീംസും ചേര്‍ന്ന് 76 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, വിജയിക്കാന്‍ അത് മതിയായിരുന്നില്ല. ഇന്ത്യക്ക് വേണ്ടി ദീപ്തി ശര്‍മ മൂന്നും ശിഖ പാണ്ഡെ, ജുലന്‍ ഗോസാമി എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി.

നേരത്തെ, മഴമൂലം 42 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍,ഹര്‍മന്‍പ്രീത് കൗറിന്റെ വിശ്വോത്തര ഇന്നിംഗ്‌സാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 115 പന്തുകളില്‍ പുറത്താകാതെ 171 റണ്‍സാണ് കൗര്‍ അടിച്ചുകൂട്ടിയത്. ആസ്‌ത്രേലിയയുടെ പേരുകേട്ട ബൗളിംഗ് നിരക്ക് മുന്നില്‍ ഇന്ത്യ ചീട്ടുകൊട്ടാരമാകുമെന്ന തോന്നലുളവാക്കി. പക്ഷേ, ഹര്‍മന്‍പ്രീത് കൗറിന്റെ ശൗര്യമുള്ള ഇന്നിംഗ്‌സിന്റെ ബലത്തില്‍ ഇന്ത്യ കരകയറി, നില മെച്ചപ്പെടുത്തി, ഒടുവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സ് എന്ന ടോട്ടല്‍ ഉയര്‍ത്തി.
നാലാമതായി ബാറ്റിംഗിനിറങ്ങിയ ഹര്‍മന്‍പ്രീത് കൗര്‍ ഇരുപത് ഫോറും ഏഴ് സിക്‌സറും ഉള്‍പ്പടെയാണ് തന്റെ വീരോചിത ഇന്നിംഗ്‌സ് പൂര്‍ത്തിയാക്കിയത്. 148.69 ആണ് സ്‌ട്രൈക്ക് റേറ്റ്. വനിതാ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്നായി ഇത് രേഖപ്പെടുത്തിക്കഴിഞ്ഞു. കൗര്‍ കളിയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.
ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഓപണര്‍മാരായ മന്ധാനയെ ആറ് റണ്‍സിന് നഷ്ടമായി. പൂനം റാവുത്തിന് പതിനാല് റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 24 പന്തുകളാണ് റാവുത്ത് കളിച്ചത്. രണ്ട് ബൗണ്ടറികള്‍ നേടി. സ്‌കോര്‍ ബോര്‍ഡില്‍ 35 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും രണ്ട് ഓപണര്‍മാരെയും നഷ്ടമായ ഇന്ത്യയുടെ നില പരുങ്ങലില്‍.
ക്യാപ്റ്റന്‍ മിഥാലി രാജും ഹര്‍മന്‍പ്രീത് കൗറും ക്രീസില്‍ ഒത്തുചേര്‍ന്നതോടെ കഥ മാറി. ദൃഢനിശ്ചയത്തോടെ ഇരുവരുംബാറ്റ് വീശി. ടീം സ്‌കോര്‍ നൂറ് കടന്നു. എന്നാല്‍, നൂറ്റിയൊന്നില്‍ മിഥാലി രാജ് വീണു. ടൂര്‍ണമെന്റില്‍ മിന്നുന്ന ബാറ്റിംഗ് ഫോം പ്രദര്‍ശിപ്പിച്ച മിഥാലിയുടെ പുറത്താകല്‍ ഇന്ത്യന്‍ ക്യാമ്പിനെ ഞെട്ടിക്കുന്നതായി.

61 പന്തുകളില്‍ രണ്ട് ബൗണ്ടറികള്‍ ഉള്‍പ്പടെ 36 റണ്‍സായിരുന്നു മിഥാലിയുടെ സംഭാവന. ഹര്‍മന്‍പ്രീത് കൗറിനെ ശ്രദ്ധയോടെ ബാറ്റ് വീശാന്‍ ഇടക്കിടെ നിര്‍ദേശം നല്‍കിയ മിഥാലി ബീംമ്‌സിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. ദീപ്തി ശര്‍മയാണ് അടുത്തതായി ക്രീസിലെത്തിയത്.
സ്‌കോറിംഗ് വേഗം കുറയാതെ നോക്കി ദീപ്തി. 35 പന്തുകളില്‍ 25 റണ്‍സെടുത്ത ദീപ്തിയെ വിലാനി ക്ലീന്‍ ബൗള്‍ഡാക്കിയത് ഇന്ത്യക്ക് മറ്റൊരു ഷോക്കായി.
വേദ കൃഷ്ണമൂര്‍ത്തി വിക്കറ്റ് നഷ്ടപ്പെടുത്താതെ ഹര്‍മന്‍പ്രീതിന് ഉറച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യ ഭേദപ്പെട്ട ടോട്ടല്‍ സ്വന്തമാക്കി. പത്ത് പന്തില്‍ പതിനാറ് റണ്‍സാണ് വേദയുടെ സംഭാവന.
ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ വനിതകള്‍ ലോകകപ്പ് ഫൈനലില്‍ പ്രവേശിക്കുന്നത്. 2005ല്‍ ഫൈനലിലെത്തിയെങ്കിലും ആസ്‌ത്രേലിയയോട് തോല്‍ക്കുകയായിരുന്നു.