Connect with us

Articles

സെന്‍കുമാര്‍, ഇത് വേണ്ടായിരുന്നു

Published

|

Last Updated

കേരള സമൂഹത്തില്‍ മാന്യമായ സ്ഥാനമലങ്കരിച്ചിരുന്ന ഒരു പേരായിരുന്നു ടി പി സെന്‍കുമാറിന്റേത്. ആയിരുന്നുവെന്ന് പറയാന്‍ കാരണം, ഇപ്പോള്‍ അങ്ങനെയല്ലാതായി എന്നതുകൊണ്ടാണ്. ഒരു മതേതര സമൂഹത്തില്‍ ഉന്നത വ്യക്തിത്വങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്ന ചിലതുണ്ട്. അഥവാ പ്രതീക്ഷിക്കാത്ത ചില പ്രതികരണങ്ങളുണ്ട്. അതുണ്ടായാല്‍, മുന്‍കാല ചെയ്തികള്‍ എത്രയൊക്കെ വാഴ്ത്തപ്പെട്ടവയാണെങ്കിലും ഒരൊറ്റ രാത്രികൊണ്ട് വില്ലനായി പരിവര്‍ത്തനം ചെയ്യപ്പെടും. സെന്‍കുമാറിന് സംഭവിച്ചതതാണ്.

കേരളത്തില്‍ മുസ്‌ലിം ജനസംഖ്യവര്‍ധിക്കുന്നു, ജിഹാദിന്റെ പേരില്‍ ഇതര മനുഷ്യരെ കൊല്ലുന്നു, ലൗജിഹാദ് യാഥാര്‍ഥ്യമാണ് തുടങ്ങിയ ഗുരുതര അസംബന്ധ പരാമര്‍ശങ്ങളാണ് ഏവരേയും ഞെട്ടിച്ചുകൊണ്ട് സെന്‍കുമാര്‍ പറഞ്ഞുകളഞ്ഞത്. ഒരു വാരികക്കു ഔദ്യോഗികമായി നല്‍കിയ അഭിമുഖത്തിലാണ് പരാമര്‍ശങ്ങള്‍ ഉണ്ടായത്. ലേഖകന്‍ തന്നെ ഞെട്ടിപ്പോയ സെന്‍ സൂക്തങ്ങള്‍ പിന്നീട് കേരളത്തില്‍ വലിയ പൊട്ടിത്തെറികള്‍ക്കു വഴിവെച്ചു. പ്രസിദ്ധീകരിക്കാന്‍ വേണ്ടി പറഞ്ഞവയല്ലെന്നും സ്വകാര്യസംഭാഷണത്തില്‍ പറഞ്ഞ വാക്കുകളാണെന്നുമുള്ള സെന്‍കുമാറിന്റെ വിശദീകരണം ഒരു കുറ്റസമ്മത മൊഴിയായിട്ടാണ് പോലീസ് പരിഗണിച്ചത്.

സംസ്ഥാനത്തെ ഏറ്റവും ജനപ്രിയ പോലീസ് മേധാവി എന്ന സ്ഥാനമാണ് യഥാര്‍ഥത്തില്‍ സെന്‍കുമാറിനുണ്ടായിരുന്നത്. എന്നാല്‍, സമൂഹത്തില്‍ വര്‍ഗീയ, വിഭാഗീയതകള്‍ക്കു വഴിമരുന്നിടാന്‍ മാത്രം ഉതകുന്ന വാക്കുകള്‍ സ്വകാര്യ സംഭാഷണത്തില്‍ ആണെങ്കില്‍ പോലും സെന്‍കുമാറിനെപ്പോലൊരാള്‍ പറയണമായിരുന്നോ? അത്തരം പരാമര്‍ശങ്ങളിലൂടെ സെന്‍ യഥാര്‍ഥത്തില്‍ ലക്ഷ്യം വെക്കുന്നതെന്ത്? സംഘ്്പരിവാറിനെ പ്രീണിപ്പിക്കാന്‍ വേണ്ടി അസത്യജടിലമായ കാര്യങ്ങള്‍ വിളമ്പിയതാണോ? അതോ, അങ്ങനെയൊക്കെ വിശ്വസിക്കുന്നുണ്ടോ?

കേരളത്തില്‍ മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുന്നുവെന്ന് ഏത് കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഒരു മുന്‍ പോലീസ് മേധാവി ആരോപിക്കുന്നത്? അങ്ങനെയൊരു കാനേഷുമാരി റിപ്പോര്‍ട്ടു വന്നിട്ടില്ല. അഥവാ ഇനി മുസ്‌ലിം ജനവിഭാഗങ്ങളോ മറ്റേതെങ്കിലും മതസ്ഥരോ എണ്ണത്തില്‍ വര്‍ധിച്ചാല്‍ തന്നെ എന്താണ് കുഴപ്പം? മുസ്‌ലിം മതവിശ്വാസികള്‍ തീവ്രവാദികളും അപകടകാരികളുമാണെന്ന സംഘ്പരിവാറിന്റെ നീചമായ പ്രചാരണമന്ത്രം ഏറ്റെടുത്ത് പാടാന്‍ സെന്‍ തയ്യാറായത് അദ്ദേഹത്തിനെതിരായ സംശയം ബലപ്പെടുത്തുന്നു. ബി ജെ പി നേതാക്കളുമായുള്ള സെന്നിന്റെ അവിശുദ്ധ ബന്ധവും ചര്‍ച്ചകളുമാണ് അതിന് വഴിവെച്ചതെന്ന ആരോപണം അതിശക്തമാണിന്ന്.

രണ്ടാമത്തെ തെറ്റായ ആരോപണം ജിഹാദിന്റെ പേരില്‍ അന്യമതസ്ഥരെ കൊല്ലുന്നുവെന്നതാണ്. ശുദ്ധ നുണ പറഞ്ഞ സെന്നിനെതിരെ പോലീസ് നടപടി തീര്‍ച്ചയായും വേണം. കേരളത്തില്‍ അങ്ങനെയൊരു കൊലപാതകം നടന്നതായി കേട്ടുകേള്‍വിപോലുമില്ല. സംസ്ഥാനത്തിന്റെ ഡി ജി പി യായിരുന്ന ഒരാള്‍ ഇല്ലാത്ത ഒരു കാര്യം കെട്ടിച്ചമച്ച് പറയുന്നതിലെ ദുരുദ്ദേശ്യങ്ങള്‍ ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ കഴിയും. അതിനെതിരെ കേരള പോലീസ് ഐ പി സി 153 (എ), 153 (എ1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് സെന്നിനെതിരായി എഫ് ഐ ആര്‍ തയ്യാറാക്കി കേസ്സെടുത്തത്. ആ നടപടി പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. ഉന്നത സ്ഥാനത്തിരിക്കുന്ന ആളുകള്‍ പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ തീര്‍ച്ചയായും അര്‍ഹമായ ശിക്ഷ നല്‍കണമെന്ന നിര്‍ദ്ദേശം നടപ്പാക്കപ്പെടണമെന്ന കാര്യം അടിവരയിടുന്നതാണ് മേല്‍ നടപടി.

മതസ്പര്‍ധ വളര്‍ത്തുന്ന മറ്റൊരു കാര്യം കൂടി അഭിമുഖത്തില്‍ ടി പി സെന്‍കുമാര്‍ പറഞ്ഞിരുന്നു. ഫോണ്‍ രേഖകളില്‍ അതു വ്യക്തവുമാണ്. കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടത്രെ! അതു കൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നതെന്താണ്? ഹിന്ദുപെണ്‍കുട്ടികളെ പ്രേമവലയില്‍ വീഴ്ത്തി ഇസ്‌ലാമിക തീവ്രവാദത്തിലേക്ക് ആനയിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചുകൊണ്ട് ഹിന്ദു – മുസ്‌ലിം പ്രണയവും സാഹോദര്യവും തകര്‍ക്കുക എന്നതാണ് സംഘ്പരിവാറിന്റെ വര്‍ഗീയ അജന്‍ഡകളിലൊന്ന്. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ കാലങ്ങളായി വര്‍ഗീയ വിഷം ചീറ്റുന്ന പ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നുമുണ്ട്. താങ്കള്‍, ലൗ ജിഹാദ് എന്ന വര്‍ഗീയ ക്യാമ്പയിന്റെ വലയില്‍ വീണുപോയതാണോ? വസ്തുതകള്‍ പഠിക്കാതെ പറഞ്ഞതാണോ? അതോ, സാമൂഹിക ജീവിതത്തെ സംബന്ധിച്ചും ഇവിടെ നില നില്‍ക്കേണ്ട മനുഷ്യ സാഹോദര്യത്തെക്കുറിച്ചും തീരെ അജ്ഞനാണോ?

ആരുടെതായാലും, ഏതു പ്രസ്താവനയുടേയും ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യേണ്ടി വരുന്ന സന്ദര്‍ഭം മനഃപ്രയാസമുണ്ടാക്കുന്നതുതന്നെയാണ്. വസ്തുതകള്‍ അറിയുന്ന ഒരാള്‍, അസത്യങ്ങള്‍ വിളിച്ചു പറയുമ്പോഴാണ് ഉദ്ദേശ്യശുദ്ധി സംശയത്തിന്റെ നിഴലില്‍ ആവുന്നതും ചോദ്യം ചെയ്യപ്പെടുന്നതും. തീര്‍ച്ചയായും ധാര്‍മികതയുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നം കൂടിയാണിത്. സമൂഹ ഗാത്രത്തിന് പരുക്കുകള്‍ സംഭവിക്കാന്‍ സാധ്യതയുള്ള വാക്കുകള്‍ ആരു തന്നെയായാലും – വിശേഷിച്ചും ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവര്‍ പരസ്യമായി പറയാന്‍ പാടില്ല. രഹസ്യമായി പറയാമോ എന്നു ചോദിച്ചാല്‍ അതയാളുടെ നീതിബോധവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്. തെറ്റിദ്ധാരണമൂലം, നിഷ്‌കളങ്കമായി അബദ്ധങ്ങള്‍ പറഞ്ഞുപോകുന്നവരുണ്ട്. വസ്തുതകള്‍ അറിയുമ്പോള്‍ അവര്‍ ആ തെറ്റ് തിരുത്തുകയും ചെയ്യും. സെന്‍കുമാര്‍ ആ ഗണത്തില്‍ വരുന്നില്ലായെന്ന് ഇതിനകം തെളിയിച്ചു കഴിഞ്ഞു.

മതസ്പര്‍ധ വളര്‍ത്തുന്ന കുറ്റകൃത്യമായതിനാല്‍ കേസ് ഡി വൈ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ കീഴില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. നിയമത്തിന്റെ മുന്നില്‍ കുറ്റക്കാരനായി തെളിഞ്ഞാല്‍ സെന്‍കുമാറിന് ശിക്ഷലഭിക്കാന്‍ ഇടയുള്ള ക്രൈം തന്നെയാണിത്. പോലീസ് മേധാവിമാരെപ്പോലെ പറഞ്ഞാല്‍, നിയമം അതിന്റെ വഴിയ്ക്കു പൊയ്‌ക്കോട്ടെ. എന്നാല്‍, സാമൂഹിക മണ്ഡലങ്ങളില്‍ അതുണ്ടാക്കിയ പ്രതിധ്വനികള്‍, രാഷ്ട്രീയ രംഗത്തെ പ്രതിലോമചലനങ്ങള്‍, വര്‍ഗീയ വാദികള്‍ക്കു മുതലെടുപ്പിന് അവസരമൊരുക്കിയത് എന്നിവയൊക്കെയാണ് പ്രധാന പ്രത്യാഘാതങ്ങളായി ഗണിക്കാവുന്ന കാര്യങ്ങള്‍.

നമ്മുടെ സമൂഹം എത്രമേല്‍ വര്‍ഗീയമായ ചേരിതിരിവുകളിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നുവെന്നതിന്റെ പ്രത്യക്ഷോദാഹരണമായി സെന്‍കുമാര്‍ സംഭവത്തെ വിലയിരുത്താവുന്നതാണ്. മനസ്സില്‍ ഒരു തുള്ളി വിഷം അറിയാതെ വീണുപോയാല്‍ അത് മറ്റെല്ലാ നാഡീഞരമ്പുകളിലേക്കും അതിവേഗം പ്രവഹിക്കും. മനുഷ്യന്‍ എന്ന നല്ല ഗുണങ്ങളുടെ ഉടമ, സഹോദരന് മേല്‍ കത്തിയെടുക്കാന്‍ പിന്നെ അധിക സമയം വേണ്ടി വരില്ല. ടി പി സെന്‍കുമാര്‍ എന്ന നല്ല മനുഷ്യന്‍, നിയമരംഗത്തെ പോരാട്ടത്തിലൂടെ, കേരള സമൂഹത്തിന്റെ പൂര്‍ണ പിന്‍ബലത്തോടെ ഡി ജി പി കസേരയില്‍ തിരിച്ചു വന്നപ്പോള്‍ സമൂഹത്തിലെ എല്ലാ തട്ടുകളിലും പെട്ട ജനങ്ങള്‍ക്കുണ്ടായ ആഹ്ലാദം അതൊന്നുമാത്രം തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ സംഘ്പരിവാര്‍ എന്ന മനുഷ്യ വിരുദ്ധ പ്രസ്ഥാനത്തിന്റെ ചട്ടുകമായി തരം താഴുന്ന അവസ്ഥയില്‍ നിന്ന് രക്ഷപ്പെടാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. ഇനി പശ്ചാത്താപത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും നാളുകളായിരിക്കണം. നിയമത്തിന്റെ മുന്നില്‍ ശിക്ഷ ലഭിക്കുന്നതിനെക്കാള്‍ പ്രധാനം മനസ്സിന്റെ ശുദ്ധീകരണമാണ്. കാര്യങ്ങള്‍ നേര്‍വഴിക്കു നയിക്കാനും സമൂഹത്തെ – ജാതി മതങ്ങള്‍ക്കപ്പുറം നയിക്കാനും കഴിയുന്ന ചൈതന്യമുള്ള ചിന്തകള്‍ മനസ്സില്‍ പൊട്ടി വിടരട്ടെ. അതൊരു സെന്‍കുമാറില്‍ മാത്രമല്ല, എല്ലാ ഹിന്ദു- മുസ്‌ലിം – മതേതര വിശ്വാസികളിലും മനുഷ്യസാഹോദര്യത്തിന്റെ ഉദാത്ത ഭാവങ്ങളായി പരിലസിക്കപ്പെടണം. വര്‍ഗീയ വാദത്തെ തുടച്ചുനീക്കാന്‍ മറ്റ് വഴികളില്ല.

Latest