വനിതാ ലോകകപ്പ് : ഫൈനല്‍ തേടി ഇന്ത്യ ഇന്നിറങ്ങും

Posted on: July 20, 2017 8:55 am | Last updated: July 20, 2017 at 9:37 am

ഡെര്‍ബി: ഐ സി സി വനിതാ ലോകകപ്പ് സെമിഫൈനലില്‍ ഇന്ന് ആസ്‌ത്രേലിയ-ഇന്ത്യ പോരാട്ടം. മിഥാലി രാജിനും സംഘത്തിനും കലാശക്കളിക്ക് യോഗ്യത നേടണമെങ്കില്‍ അട്ടിമറി പ്രകടനം തന്നെ പുറത്തെടുക്കേണ്ടതുണ്ട്. ആസ്‌ത്രേലിയക്കെതിരെ മുന്‍ കാല അനുഭവങ്ങള്‍ കയ്‌പേറിയതാണ്. 42 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 34ലും തോറ്റ ചരിത്രമാണ് ഇന്ത്യക്കുള്ളത്.
ഐ സി സി ലോകകപ്പ് ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമാണ് ഇന്ത്യന്‍ വനിതകള്‍ ഫൈനല്‍ കളിച്ചത്. 2005 ലായിരുന്നു ആ ഫൈനല്‍ പ്രവേശം. ദക്ഷിണാഫ്രിക്കയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ആസ്‌ത്രേലിയക്ക് മുന്നില്‍ ഇന്ത്യ കിരീടം കൈവിട്ടു. അന്നത്തെ എതിരാളി ഇന്നും വിലങ്ങുതടിയായി മുന്നിലുണ്ട്.

റൗണ്ട് റോബിന്‍ ലീഗില്‍ മൂന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിഫൈനലിന് യോഗ്യത നേടിയത്. അഞ്ച് ജയവും രണ്ട് തോല്‍വിയുമാണ് ഇന്ത്യക്ക്. ഏഴ് മത്സരങ്ങളില്‍ ആറിലും ജയിച്ച ആസ്‌ത്രേലിയ രണ്ടാം സ്ഥാനക്കാരായാണ് സെമി ബെര്‍ത് കരസ്ഥമാക്കിയത്. ഇന്ന് സെമി നടക്കുന്ന ഗ്രൗണ്ട് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഹോം ഗ്രൗണ്ടാണ്. ടൂര്‍ണമെന്റിലെ നാല് മത്സരങ്ങളും ഇന്ത്യ ഡെര്‍ബിയിലാണ് കളിച്ചത്. ആസ്‌ത്രേലിയയാകട്ടെ ഇവിടെ ആദ്യമായിട്ട് കളിക്കാനിറങ്ങുകയാണ്. ഈ പരിചയക്കുറവ് ഓസീസിന് തിരിച്ചടിയാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ക്യാമ്പ്.
റൗണ്ട് റോബിന്‍ ലീഗില്‍ ആസ്‌ത്രേലിയക്കെതിരെ സെഞ്ച്വറി നേടിയ മിഥാലി രാജിന്റെ ബാറ്റിംഗ് ഫോം നിര്‍ണായകമാകും. പൂനം റാവുത്തും സെഞ്ച്വറിഫോമിലാണ്.

ന്യൂസിലാന്‍ഡിനെതിരെ ഏറെ സമ്മര്‍ദം നിറഞ്ഞ മത്സരത്തിലും മിഥാലി സെഞ്ച്വറി നേടിയിരുന്നു. വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുക്കുന്ന വേദ കൃഷ്ണമൂര്‍ത്ത്ിയും പ്രതീക്ഷ നല്‍കുന്നു. അര്‍ധസെഞ്ച്വറികളുമായി തിളങ്ങുന്ന ഹര്‍മന്‍പ്രീത് കൗറിനും തന്റെതായ ദിവസം എതിരാളിയെ തറപറ്റിക്കാനാകും.ന്യൂസിലാന്‍ഡിനെ 79 റണ്‍സിന് ആള്‍ ഔട്ടാക്കിയതാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മികച്ച ബൗളിംഗ് പ്രകടനം.

ഏഴ് ലീഗ് മത്സരങ്ങളിലും നിലവിലെ ചാമ്പ്യന്‍മാര്‍ക്കൊത്ത പ്രകടനമാണ് ആസ്‌ത്രേലിയ കാഴ്ചവെച്ചത്. എലിസെ പെറിയുടെ ബാറ്റിംഗ് ഫോം എതിരാളികളുടെ ഉറക്കം കെടുത്തും. തുടരെ അഞ്ച് അര്‍ധസെഞ്ച്വറികളാണ് എലിസെ പെറി നേടിയത്. ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ അര്‍ധസെഞ്ച്വറി 31 ഇന്നിംഗ്‌സുകളില്‍ പെറിയുടെ ഇരുപതാമത്തേതായിരുന്നു. ഇതോടെ, റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്ക് കയറാനും പെറിക്ക് സാധിച്ചു. ലോകകപ്പില്‍ ഏഴ് ഇന്നിംഗ്‌സുകളില്‍ 366 റണ്‍സാണ് പെറി നേടിയത്.

ആസ്‌ത്രേലിയ (സാധ്യതാ ടീം): ബെത് മൂണി, നികോള്‍ ബോള്‍ട്ടന്‍, മെഗ് ലാനിംഗ് (ക്യാപ്റ്റന്‍), എലിസെ പെറി, എലിസെ വിലാനി, അലക്‌സ് ബ്ലാക് വെല്‍, അലിസ ഹീലി (വിക്കറ്റ് കീപ്പര്‍), ആഷ്‌ലി ഗാര്‍ഡ്‌നര്‍, ജെസ് ജോനസെന്‍, മെഗാന്‍ ഷുട്, ക്രിസ്റ്റന്‍ ബീംസ്.

ഇന്ത്യ (സാധ്യതാ ടീം): സ്മൃതി മന്ദാന, പൂനം റാവുത്ത്, മിഥാലി രാജ് (ക്യാപ്റ്റന്‍), ഹര്‍മന്‍പ്രീത് കൗര്‍, വേദ കൃഷ്ണമൂര്‍ത്തി, ദീപ്തി ശര്‍മ, ശിഖ പാണ്ഡെ, സുഷമ വര്‍മ, ജുലന്‍ ഗോസാമി, രാജേശ്വരി ഗെയ്ക് വാദ്, പൂനം യാദവ്.