ഈദ് ചാരിറ്റിയുടെ പാര്‍പ്പിട പദ്ധതി പ്രയോജനപ്പെട്ടത് 12 ലക്ഷം സിറിയന്‍ പൗരന്മാര്‍ക്ക്‌

Posted on: July 19, 2017 4:09 pm | Last updated: July 19, 2017 at 4:09 pm

ദോഹ: സിറിയയില്‍ നടപ്പാക്കിയ ശൈഖ് ഈദ് ചാരിറ്റി ഫൗണ്ടേഷന്റെ പാര്‍പ്പിട പദ്ധതിയുടെ പ്രയോജനം ലഭിച്ചത് 2.40 ലക്ഷം സിറിയന്‍ കുടുംബങ്ങള്‍ക്ക്. 108 മില്യന്‍ ഖത്വര്‍ റിയാല്‍ ചെലവായ പദ്ധതി 12 ലക്ഷം പേര്‍ക്ക് ഉപകാരപ്പെട്ടു. ആറ് വര്‍ഷം കൊണ്ടാണ് ഈദ് ചാരിറ്റി പാര്‍പ്പിട പദ്ധതി നടപ്പാക്കിയത്.

രാജ്യത്തെ കാരുണ്യമനസ്‌കരുടെ സംഭാവനകളാണ് പദ്ധതിക്കായി ചെലവഴിച്ചത്. സിറിയ ഉള്‍പ്പടെ എട്ട് രാജ്യങ്ങളിലായാണ് പദ്ധതികള്‍ പൂര്‍ത്തീകരിച്ചത്. ഈ രാജ്യങ്ങളിലെ സിറിയന്‍ അഭയാര്‍ഥി കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിച്ചു.

ജോര്‍ദാന്‍, ലബനാന്‍, തുര്‍ക്കി, ഇറാഖ്, മാഴ്‌സിഡോണിയ, ഹംഗറി, ഗ്രീസ് എന്നിവിടങ്ങളിലാണ് അഭയാര്‍ഥികുടുംബങ്ങള്‍ക്ക് പാര്‍പ്പിടങ്ങള്‍ നിര്‍മിച്ചു നല്‍കിയത്. രണ്ട് ലക്ഷം ചതുരശ്ര മീറ്ററിലായി ആയിരം ടെന്റുകള്‍ നിര്‍മിച്ചിരുന്നു.

അലപ്പോയില്‍ നിന്നും പുനരധിവസിപ്പിക്കപ്പെട്ട 6000 പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. നൂറുകണക്കിന് കുടുംബങ്ങള്‍ക്കായി 1500 കാരവാനുകള്‍, 680 കോണ്‍ക്രീറ്റ് റൂമുകള്‍, റെന്റ് അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവ നിര്‍മിച്ചു.