ബാണാസുരസാഗര്‍ അണക്കെട്ടില്‍ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി

Posted on: July 19, 2017 9:26 am | Last updated: July 19, 2017 at 1:26 pm

കല്‍പ്പറ്റ: ബാണാസുരസാഗര്‍ അണക്കെട്ടില്‍ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് നെല്ലിപ്പൊയില്‍ മണിത്തൊട്ടി മെല്‍വിന്‍ (34), തരിയോട് സിങ്കോണ പടിഞ്ഞാറേക്കുടിയില്‍ വില്‍സണ്‍ (44) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. മറ്റ് രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

കൊച്ചിയില്‍ നിന്നെത്തിയ നാവിക സേനയുടെ വിദ്ഗ്ധരടങ്ങുന്ന പ്രത്യേക സംഘമാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. മഴയും ശക്തമായ കാറ്റുമാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നത്. പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് അണക്കെട്ടില്‍ തിരച്ചില്‍ ദുഷ്‌കരമായതിനാലാണ് നാവികസേനയുടെ അടിയന്തര സഹായം ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടത്.

ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് മത്സ്യബന്ധനത്തിനായി അണക്കെട്ടിലിറങ്ങിയ ഏഴംഗസംഘം അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച കൊട്ടത്തോണി മുങ്ങുകയായിരുന്നു. കോഴിക്കോട് തുഷാരഗിരി ചെമ്പൂക്കടവ് നെല്ലിപ്പൊയില്‍ സച്ചിന്‍(20), മോളക്കുന്നില്‍ ബിനു(42), മണിത്തൊട്ടി മെല്‍വിന്‍(34), എന്നിവരെയാണ് കാണാതായത്. തുഷാരഗിരി ചിറ്റിലപ്പള്ളി ജോബി(35), കോടഞ്ചേരി കൂരാന്തോട് ജോബിന്‍ (22), ചെമ്പൂക്കടവ് പുലക്കുടിയില്‍ മിഥുന്‍(19) എന്നിവര്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.