Connect with us

Kerala

കര്‍ണാടകയ്ക്ക് മാത്രമായി പതാകയുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമം

Published

|

Last Updated

ബെംഗളൂരു: സംസ്ഥാനത്തിന് മാത്രമായി പതാക നേടിയെടുക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ശ്രമം തുടങ്ങി. ജമ്മുകാശ്മീരിന് സ്വന്തമായി സംസ്ഥാന പതാക അനുവദിച്ചത് പോലെ കര്‍ണാടക്കും അനുമതി വേണമെന്നതാണ് സര്‍ക്കാര്‍ ആവശ്യം.

ഇത് സാധ്യമാണോ എന്ന് പരിശോധിക്കാന്‍ സര്‍ക്കാര്‍ ഒമ്പതംഗ കമ്മിറ്റി രൂപവത്കരിച്ചു. ഔദ്യോഗിക പതാക നേടിയെടുക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കണമെന്നാണ് ആവശ്യം. കമ്മിറ്റി മുന്നോട്ട് വയ്ക്കുന്ന ശിപാര്‍ശകള്‍ക്ക് നിയമപരമായ അനുമതി ലഭിച്ചാല്‍ ജമ്മുവിന് പിന്നാലെ സ്വന്തമായി പതാകയുള്ള ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമായി കര്‍ണാടക മാറും. ജൂണ്‍ 6നാണ് സിദ്ധാരാമയ്യ സര്‍ക്കാര്‍ സംസ്ഥാന പതാകയുടെ സാധ്യതയെ കുറിച്ച് പഠിക്കുന്നതിനുള്ള കമ്മിറ്റിയുടെ അധ്യക്ഷനായി സംസ്‌കാരിക പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നിയമിച്ചത്. സംസ്‌കാരിക വകുപ്പ് പുറത്തിറക്കിയ ഉത്തരവിന് ഗവര്‍ണര്‍ അനുമതിയും നല്‍കിയിട്ടുണ്ട്. ഹിന്ദി ഭാഷ നിര്‍ബന്ധമാക്കുന്നതിനെതിരെ സംസ്ഥാനത്ത് വന്‍പ്രക്ഷോഭം ഉടലെടുത്തതിന് പിന്നാലെയാണ് കര്‍ണാടകക്ക് സ്വന്തമായി പതാക വേണമെന്ന ആവശ്യം ഉയര്‍ന്നു വന്നിരിക്കുന്നത്. നിലവില്‍ കോണ്‍ഗ്രസിന് അധികാരമുള്ള ഏറ്റവും വലിയ സംസ്ഥാനമാണ് കര്‍ണാടക. അടുത്തവര്‍ഷം സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പ് അഭിമുഖീകരിക്കാനിരിക്കെയാണ് ഈ നീക്കം. 2012 ല്‍ ബി ജെ പി ഭരിച്ചപ്പോള്‍ കോണ്‍ഗ്രസ് ഈ നിര്‍ദ്ദേശം മുന്നോട്ടു വെച്ചിരുന്നെങ്കിലും അത് പരിഗണിക്കപ്പെട്ടിരുന്നില്ല. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും പ്രത്യേക സംസ്ഥാന പതാക നല്ലതായിരിക്കില്ല എന്ന നിലപാടാണ് അന്ന് ബി ജെ പി സര്‍ക്കാര്‍ സ്വീകരിച്ചത്. ചുവപ്പും മഞ്ഞയും നിറത്തിലുള്ള പതാക സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പതാകയായി പ്രഖ്യാപിക്കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ഇത് അംഗീകരിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി പതാക രൂപവത്കരിക്കാനുള്ള അവകാശം രാജ്യത്തിന്റെ നിയമം അനുശാസിക്കുന്നുണ്ടെന്നാണ് സര്‍ക്കാരിന്റെ വാദം. സംസ്ഥാനത്ത് പ്രത്യേക അധികാരം നല്‍കുന്ന 370 വകുപ്പു പ്രകാരമാണ് ജമ്മു കശ്മീരിന് പ്രത്യേക പതാക എന്ന അനുമതി നല്‍കിയത്.

സംസ്ഥാനത്തിന് മാത്രമായി പതാകയ്ക്ക് രൂപം നല്‍കിയാല്‍ ദേശീയ പതാകയുടെ പ്രാധാന്യം നഷ്ടപ്പെടുമെന്നും ഏകസ്വരമെന്ന തത്വത്തെ അത് ബാധിക്കുകയും ചെയ്യുമെന്ന് സാംസ്‌കാരിക മന്ത്രി ഗോവിന്ദ് എം കജ്രോള്‍ ചൂണ്ടിക്കാട്ടി. ഈ തീരുമാനം സമീപ ഭാവിയില്‍ ജനങ്ങളുടെ മനസില്‍ ഇടുങ്ങിയ വര്‍ഗീയ ചിന്താഗതി സൃഷ്ടിക്കുമെന്നും കജ്രോള്‍ അഭിപ്രായപ്പെട്ടു. മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ ഡി വി സദാനന്ദ ഗൗഡയും ഈ നീക്കത്തെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്.

Latest