Connect with us

Gulf

സഞ്ചാരികളുടെ പ്രിയ ഇടമായി ബലദ്‌നാ ഫാം

Published

|

Last Updated

ബലദ്‌നാ ഫാമിലെ കാഴ്ച

ദോഹ: രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് നാലായിരം പശുക്കളെ ഇറക്കുമതി ചെയ്യുമെന്ന് പ്രഖ്യാപിച്ച് ലോക മാധ്യമങ്ങളില്‍ വരെ നിറഞ്ഞുനിന്ന ഖത്വരി ഉമടസ്ഥതയിലുള്ള ബലദ്‌ന ഫാം സഞ്ചാരികളുടെ പ്രിയ ഇടമായി മാറുന്നു. വാരാന്ത്യങ്ങളില്‍ നിരവധി പേരാണ് ഇവിടേക്കെത്തുന്നത്. ശമാല്‍ റോഡില്‍ അല്‍ ഖോര്‍ റൂട്ടിലാണ് 3840 ഹെക്ടറില്‍ ഫാം സ്ഥിതി ചെയ്യുന്നത്. ദോഹ നഗരത്തില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണിത്.

സ്ലൈഡും ഊഞ്ഞാലുമായി കുട്ടികള്‍ക്കുള്ള കളിസ്ഥലവും പൂന്തോട്ടവുമുണ്ട് ഫാമില്‍. നിരവധി മൃഗങ്ങളുള്ള മൃഗശാല പ്രത്യേകതയാണ്. ഫാമിലേക്കുള്ള പ്രവേശനം സൗജന്യമാണ്. മൃഗങ്ങളുടെ പരിപാലനവും പാല്‍ കറന്നെടുക്കുക തുടങ്ങിയ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കാണാനാകും. ഏത് പ്രായക്കാര്‍ക്കും പ്രത്യേകിച്ച് യുവജനതക്ക് ഒരു വിദ്യാഭ്യാസ ട്രിപ്പ് കൂടിയാകും ഫാമിലേക്കുള്ള യാത്ര.
ഫാമില്‍ ഉത്പാദിപ്പിക്കുന്ന പാല്‍, പാല്‍ക്കട്ടി, മാംസം എന്നിവ ഉപയോഗിച്ചുള്ള ഉത്പന്നങ്ങല്‍ വില്‍ക്കുന്ന ബലദ്‌ന റസ്റ്റോറന്റും ഇവിടെയുണ്ട്. ഫാമിന്റെ പ്രമേയത്തോട് കിടപിടിക്കുന്ന രീതിയിലാണ് റസ്റ്റോറന്റിന്റെ സംവിധാനം. വളരെ ഭംഗിയായ രീതിയില്‍ അലങ്കരിച്ചിട്ടുണ്ട്. തൂങ്ങിക്കിടക്കുന്ന വിളക്കിന്റെ മാതൃകയില്‍ നിര്‍മിച്ച പാല്‍ കാന്‍, പാല്‍ കൊണ്ടുവന്ന താങ്ങുവണ്ടി തുടങ്ങിയ സന്ദര്‍ശകരെ ഫാമിന്റെ സമ്പന്നമായ ഭൂതകാലത്തെ ഓര്‍മിപ്പിക്കുന്നതാണ്. അത്യാധുനിക യന്ത്രസംവിധാനത്തോടെയുള്ള ക്ഷീരകാര്‍ഷികവൃത്തിയുടെ കാലത്ത് പ്രത്യേകിച്ചും ഇവ ഗൃഹാതുരത ഉണര്‍ത്തുന്നു.

വാരാന്ത്യങ്ങളില്‍ നിരവധി പേരാണ് ഇവിടെയെത്തുന്നതെന്ന് ബലദ്‌ന ജനറല്‍ മാനേജര്‍ മഹ്മൂദ് അബ്ദുല്‍ ഹാമിദ് ഖത്വര്‍ ട്രിബ്യൂണിനോട് പറഞ്ഞു. കുട്ടികളുമായി കുടുംബങ്ങളാണ് അധികവുമെത്തുന്നത്. ദിവസം മുഴുവന്‍ അവര്‍ ഫാമില്‍ ചെലവഴിക്കുന്നു. റസ്റ്റോറന്റില്‍ നിന്ന് ആരോഗ്യദായകായ ഭക്ഷണം കഴിച്ചും ഷോപ്പില്‍ നിന്ന് ഒലീവ് ഓയില്‍, തേന്‍ തുടങ്ങിയവ വാങ്ങിച്ചും യാത്ര ആഘോഷിക്കുകയാണ് അവരെന്നും അദ്ദേഹം പറഞ്ഞു.

പാല്‍, തൈര്, മോര്, അറബി നെയ്യ് തുടങ്ങി ബലദ്‌നയുടെ നിരവധി ഉത്പന്നങ്ങള്‍ കാണിക്കുന്ന ഗാലറിയുമുണ്ട്. ജാം, അച്ചാര്‍, ഒലീവ് ഓയില്‍, മാംസം തുടങ്ങിയവയുമുണ്ട്. ശമാല്‍ റോഡിലെ ദീര്‍ഘ യാത്രയുടെ മുഷിപ്പ് ഇല്ലാതാക്കുന്നതിനാല്‍ ബലദ്‌ന ഫാം നിരാശപ്പെടുത്തില്ല. വളര്‍ത്തു മൃഗങ്ങളുമായി കുട്ടികള്‍ക്ക് അടുത്ത് ഇടപഴകാനും പ്രാദേശിക സംസ്‌കാരം പൈതൃകവും മനസ്സിലാക്കാനും സാധിക്കും.