കുഞ്ഞിരാമനും കുടുംബത്തിനും നന്മയുടെ താങ്ങു പകര്‍ന്ന് നാട്ടുകാരുടെ കൂട്ടായ്മ

Posted on: July 18, 2017 1:59 pm | Last updated: July 18, 2017 at 1:32 pm

വണ്ടൂര്‍: പോരൂര്‍ രവിമംഗലത്തെ കുഞ്ഞിരാമന്റെയും കുടുംബത്തിന്റെയും ദുരവസ്ഥ മനസ്സിലാക്കി നന്മയുടെ താങ്ങുമായി നാട്ടുകാര്‍.

അര്‍ബുദം ബാധിച്ച കുഞ്ഞിരാമനും രോഗിയായ സഹോദരിക്കും ഭാര്യക്കുമൊപ്പം വലിച്ചു കെട്ടിയ പ്ലാസ്റ്റിക് ഷീറ്റിനുള്ളില്‍ ദുരിത ജീവിതം നയിച്ച വാര്‍ത്തയറിഞ്ഞ്് സാന്ത്വന ഹസ്തവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. കുഞ്ഞിരാമന്റെയും കുടുംബത്തിന്റെയും ദുരിത ജീവിതം സിറാജ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാലു വര്‍ഷം മുമ്പുണ്ടായ മഴയിലാണ് ഇവര്‍ തമാസിച്ചിരുന്ന വീട് തകര്‍ന്നത്. പിന്നീട് തൊട്ടടുത്ത് പ്ലാസ്റ്റിക്ക് ഷീറ്റ് വലിച്ചു കെട്ടി ഇതിലേക്ക് താമസം മാറിയ കുടുംബത്തിന് കുഞ്ഞിരാമന് അര്‍ബുദം കൂടിയെത്തിയതോടെ ഇവരുടെ സ്വപ്‌നങ്ങള്‍ കരിഞ്ഞുണങ്ങി. ദുരിതം പെയ്തിറിങ്ങിയ കുടിലിലെ ദുരവസ്ഥ പുറം ലോകമറിഞ്ഞതോടെ നാട്ടുകാര്‍ കൈകോര്‍ത്തു.
കഴിഞ്ഞ ദിവസം പോരൂരിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത് കുഞ്ഞിരാമന്‍ നായര്‍ കുടുംബ സഹായ സമിതി രൂപവത്കരിച്ചു പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. പഞ്ചായത്തംഗം ശങ്കരനാരായണന്‍ ചെയര്‍മാനും, കെ കെ വിജയരാജന്‍ കണ്‍വീനറും, എം അജയകുമാര്‍ ട്രഷറുമായിട്ടുള്ള 25 അംഗ കമ്മിറ്റി നിലമ്പൂര്‍ കോ – ഓപറേറ്റീവ് അര്‍ബന്‍ ബേങ്കിന്റെ ചെറുകോട് ബ്രാഞ്ചില്‍ 02101080000042 നമ്പറില്‍ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്(Ifcfdrloncub01).

പ്ലാസ്റ്റിക് ഷെഡില്‍ നിന്നും കുടുംബത്തെ താത്കാലികമായി സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റി പാര്‍പ്പിക്കാന്‍ സമിതി തീരുമാനിച്ചെങ്കിലും, ജനിച്ചു വളര്‍ന്ന മണ്ണ് വിട്ടു പോകാന്‍ ഇവര്‍ താത്പര്യം പ്രകടിപ്പിച്ചില്ല. ഇതോടെ പുതിയ വീട് യാഥാര്‍ഥ്യമാകുന്നതുവരെ നിലവിലുള്ള ഷെഡ് ചോര്‍ച്ചയടച്ച് സുരക്ഷിതമാക്കി നിര്‍ത്താനാണ് തീരുമാനം. വാര്‍ത്ത ശ്രദ്ധയില്‍പെട്ട നാട്ടിലും വിദേശത്തുമുള്ള സഹായമനസ്‌കരായ നിരവധി പേര്‍ സമിതിയെ ബന്ധപ്പെടുന്നുണ്ട്. സഹായമെത്തിക്കാന്‍ താത്പര്യമുള്ളവര്‍ 9656923698 നമ്പറില്‍ ബന്ധപെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.