Connect with us

Malappuram

മന്ത്രി കെടി ജലീലിനെതിരെ തുറന്ന പോരിനൊരുങ്ങി ജില്ലാ പഞ്ചായത്ത്‌

Published

|

Last Updated

മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീലിനെതിരെ തുറന്ന പോരുമായി ജില്ലാപഞ്ചായത്ത് ഭാരവാഹികള്‍. സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമല്ലെന്നും ഓഡിറ്റിന് വിധേയമാക്കിയില്ലെന്നുമുള്ള പരാമര്‍ശങ്ങള്‍ക്കെതിരെ ജില്ലാ പഞ്ചായത്ത് മറുപടിയുമായി രംഗത്തെത്തി.

10 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുവാനോ നടത്തിപ്പിലെ അപാകതകള്‍ തിരുത്തുവാനോ ലക്ഷ്യംവെച്ചല്ല മന്ത്രിയുടെ പ്രതികരണങ്ങളെന്ന് ജില്ലാപഞ്ചായത്ത് അംഗം ഉമ്മര്‍ അറക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സദുദ്ദേശത്തോടെയാണെങ്കില്‍ പോരായ്മകള്‍ രഹസ്യമായി ചൂണ്ടിക്കാണിക്കുകയാണ് വേണ്ടത്.
ജില്ലാ പഞ്ചായത്തിനെയും ഇതിലേക്ക് സഹായം നല്‍കുന്ന ജനങ്ങളെയും ഇതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് പ്രവര്‍ത്തകരെയുമെല്ലാം സംശയത്തിന്റെ നിഴലിലേക്ക് തള്ളിവിടുന്നതാണ് മന്ത്രിയുടെ പ്രസ്താവനകള്‍. സൊസൈറ്റിയുടെ പ്രവര്‍ത്തനം സുതാര്യമല്ല, പാര്‍ട്ടിസെല്‍ പോലെയാണ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്, അക്കൗണ്ട് ഓഡിറ്റ് നടക്കുന്നില്ല തുടങ്ങിയ മന്ത്രിയുടെ ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞു.

സൊസൈറ്റി രജിസ്‌ട്രേഷന്‍ ആക്ട് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന എന്ന നിലയില്‍ ചാര്‍ടേഡ് അക്കൗണ്ടന്റ് എല്ലാ വര്‍ഷത്തേയും വരവു ചെലവു കണക്കുകള്‍ ഓഡിറ്റു ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ അനുമതിപ്രകാരമാണ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ ‘ഭരണ സ്ഥാപനങ്ങള്‍ ഫണ്ടനുവദിക്കുന്നത്. ഈ ഫണ്ടിന്റെ വിനിയോഗം സ്റ്റാറ്റിയൂട്ടറി ഓഡിറ്റിനു വിധേയമാക്കണമെന്ന് ഇതുവരെ നിര്‍ദേശിച്ചിട്ടില്ല. പകരം പണം നല്‍കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സൊസൈറ്റി നടത്തുന്ന ഓഡിറ്റിന്റെ അടിസ്ഥാനത്തില്‍ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് നിര്‍ദേശം.

ഇത് യഥാസമയം ചെയ്യുന്നുണ്ട്. വരവു ചെലവു കണക്കുകള്‍ റിപ്പോര്‍ട്ടു ബുക്കായി അച്ചടിച്ച് വിതരണം ചെയ്യാറാണ് പതിവ്. ജനകീയ സംവിധാനത്തിന് ജനകീയ ഓഡിറ്റംഗാണ് നടക്കുന്നതെന്നും സഹായം നല്‍കുന്നവരുടെ പേരുകള്‍ പ്രസിദ്ധപ്പെടുത്താത്തത് രോഗികളോടുള്ള മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണെന്നും ഇത് ആവശ്യമെങ്കില്‍ പ്രസിദ്ധപ്പെടുത്തുന്നതിന് ഒരുക്കമാണെന്നും രോഗികള്‍ക്ക് സഹായം നല്‍കുന്ന പദ്ധതിയില്‍ അനര്‍ഹര്‍ വിഹിതം പറ്റുന്നു എന്ന മന്ത്രിയുടെ പ്രസ്ഥാവന പ്രതിഷേധാര്‍ഹമാണെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

ഒരു സന്നദ്ധ സംഘടനക്കും നിര്‍വഹണ ഉദ്യോഗസ്ഥരുണ്ടാവില്ല. ഭാരവാഹികളാണുണ്ടാവുക, അതു പ്രകാരം ജില്ലാ കലക്ടര്‍ കിഡ്‌നി സൊസൈറ്റിയുടെ രക്ഷാധികാരിയും ജില്ലാ പഞ്ചായത്ത് സെക്രട്ടറി എക്‌സിക്യൂട്ടീവ് അംഗവുമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറാണ് ഇവിടെയുള്ള നിര്‍വഹണ ഉദ്യോഗസ്ഥ. ഫണ്ട് നിഷേധിക്കുന്നതിന് സര്‍ക്കാര്‍ ഉയര്‍ത്തിയ സംശയങ്ങള്‍ക്കു മറുപടി നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ല. ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയതാണ്. സൊസൈറ്റിയെ എതിര്‍ക്കുന്നതിനു പിന്നില്‍ മന്ത്രിക്കുള്ള താല്‍പര്യം വ്യക്തല്ലെന്നും അവര്‍ പറഞ്ഞു. സൊസൈറ്റി ചെയര്‍മാന്‍ ഡോ. എ മജീദ്, ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ അറക്കല്‍, ഖജാന്‍ജി ഡോ അബൂബക്കര്‍ തയ്യില്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ വി സുധാകരന്‍, എക്‌സി്ക്യൂട്ടീവ് അംഗം എ കെ അബ്ദുര്‍റഹ്മാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Latest