മീനങ്ങാടിയില്‍ ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ വൈദികന്‍ അറസ്റ്റില്‍

Posted on: July 18, 2017 10:09 am | Last updated: July 18, 2017 at 2:27 pm

വയനാട്: മീനങ്ങാടിയില്‍ ബാലഭവനിലെ ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ വൈദികന്‍ അറസ്റ്റില്‍. കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശി ഫാ.സജി ജോസഫാണ് മംഗളൂരുവില്‍ നിന്ന് അറസ്റ്റിലായത്. പോക്‌സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. മീനങ്ങാടിയിലെത്തിച്ച വൈദികനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

പ്രതിയായ വൈദികന്‍ കഴിഞ്ഞ മൂന്നു ദിവസമായി ഒളിവിലായിരുന്നു. ഇതേതുടര്‍ന്ന് പൊലീസ് സംസ്ഥാനത്തിനകത്തും പുറത്തും തിരച്ചില്‍നടത്തിയിരുന്നു. കഴിഞ്ഞ അക്കാദമിക് വര്‍ഷത്തിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മീനങ്ങാടി സെന്റ്. വിന്റ്‌സെന്റ് ബാലഭവനിലായിരുന്നു ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചത് എന്നാണ് ആരോപണം.

രണ്ടു കുട്ടികളാണ് പീഡനവിവരം രക്ഷിതാക്കളെ അറിയിച്ചത്. തുടര്‍ന്ന് രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനെ അറിയിക്കുകയും കൗണ്‍സിലിങ്ങിന് ശേഷം റിപ്പോര്‍ട്ട് പൊലീസിന് സമര്‍പ്പിക്കുകയുമായിരുന്നു.