ശ്രീലങ്കന്‍ പര്യടനം : മുരളിക്ക് പകരം ശിഖര്‍ ധവാന്‍

Posted on: July 18, 2017 7:42 am | Last updated: July 18, 2017 at 9:47 am

ന്യൂഡല്‍ഹി: ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ് സ്‌ക്വാഡില്‍ നിന്ന് പരുക്കേറ്റ ഓപണിംഗ് ബാറ്റ്‌സ്മാന്‍ മുരളി വിജയ് പുറത്ത്. പകരക്കാരനായി ശിഖര്‍ ധവാനെ ഉള്‍പ്പെടുത്തി. ആസ്‌ത്രേലിയന്‍ ടീമിനെതിരെ കളിക്കുമ്പോള്‍ മുരളിയുടെ കൈക്കുഴക്ക് പരുക്കേറ്റിരുന്നു.
പിന്നീട് സന്നാഹ മത്സരം കളിച്ചപ്പോഴും വേദന മുരളിയെ അലട്ടിയിരുന്നു.

ഇതേ തുടര്‍ന്നാണ് പരുക്ക് പൂര്‍ണമായും ഭേദമാകുവാന്‍ ബി സി സി ഐ മുരളിക്ക് വിശ്രമം നിര്‍ദേശിച്ചത്. 2016 ഒക്ടോബറിന് ശേഷം ആദ്യമായാണ് ശിഖര്‍ ധവാന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തുന്നത്. മുപ്പത്തൊന്നുകാരനായ ധവാന്‍ ഏകദിന ടീമില്‍ സ്ഥിരാംഗമാണ്. 23 ടെസ്റ്റുകളില്‍ 38.52 ശരാശരിയില്‍ 1464 റണ്‍സാണ് ധവാന്‍ സ്‌കോര്‍ ചെയ്തത്.

ശ്രീലങ്കന്‍ പര്യടനത്തില്‍ മൂന്ന് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും ഒരു ടി20യുമാണ് ഇന്ത്യ കളിക്കുക.
ഈ മാസം 26ന് പരമ്പര ആരംഭിക്കും. ഗാലെയിലാണ് ഒന്നാം ടെസ്റ്റ്. ആഗസ്റ്റ് മൂന്ന് മുതല്‍ ഏഴ് വരെ കൊളംബോയില്‍ രണ്ടാം ടെസ്റ്റും ആഗസ്റ്റ് 12-16 വരെ കാന്‍ഡിയില്‍ മൂന്നാം ടെസ്റ്റും നടക്കും.
21-22ന് കൊളംബോയില്‍ സന്നാഹ മത്സരം നിശ്ചയിച്ചിട്ടുണ്ട്.