Connect with us

Sports

ഡല്‍ഹിക്ക് റയല്‍ മാഡ്രിഡ് കോച്ച്‌

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ് ഡല്‍ഹി ഡൈനമോസ് പുതിയ പരിശീലകനെ പ്രഖ്യാപിച്ചു. റയല്‍ മാഡ്രിഡിന്റെ മുന്‍ താരം മിഗ്വേല്‍ ഏഞ്ചല്‍ പോര്‍ച്ചുഗല്‍. കഴിഞ്ഞ സീസണില്‍ ഇറ്റലിയുടെ ജിയാന്‍ലൂക സംബ്രോട്ടയായിരുന്നു ഡല്‍ഹിയുടെ പരിശീലകന്‍.

അള്‍ജീരിയന്‍ ക്ലബ്ബ് സ്‌പോര്‍ട്ടിഫ് കോണ്‍സ്റ്റാന്റിനോയിസിന്റെ മുഖ്യപരിശീലകനായിട്ടാണ് അവസാനമായി പ്രവര്‍ത്തിച്ചത്. അറുപത്തൊന്നു വയസുള്ള പോര്‍ച്ചുഗല്‍ 21 വര്‍ഷമായി പരിശീലക കരിയറിലുണ്ട്.
റയല്‍ മാഡ്രിഡിന്റെ സി, ബി ടീമുകളുടെ പരിശീലകനായിരുന്നു. സ്പാനിഷ് ലാ ലിഗ ക്ലബ്ബ് റേസിംഗ് ഡി സാന്റന്‍ഡെര്‍, ക്ലബ്ബ് ബൊളിവിയര്‍ (ബൊളിവിയ), ബ്രസീല്‍ ക്ലബ്ബ് അത്‌ലറ്റിക്കോ പാരനിയന്‍സെ എന്നിവിടങ്ങളിലും പരിശീലകനായിരുന്നു.
റയല്‍ മാഡ്രിഡിന്റെ ടെക്‌നിക്കല്‍ ഡയറക്ടറായി രണ്ട് വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്.

കളിച്ചിരുന്നപ്പോള്‍ നാല് വര്‍ഷം റയല്‍ മാഡ്രിഡിന്റെ മിഡ്ഫീല്‍ഡിലെ സാന്നിധ്യമായിരുന്നു. 1979-80 സീസണില്‍ റയലിനൊപ്പം സ്‌പെയ്‌നില്‍ ഇരട്ട കിരീടം നേടി.
ഇന്ത്യന്‍ ഫുട്‌ബോളിനെ കുറിച്ച് യൂറോപ്പിലെ ചില പരിശീലകര്‍ നല്‍കിയ സൂചന അതിശയിപ്പിക്കുന്നതാണ്. വളരെ വേഗം മുന്നോട്ട് കുതിക്കുന്ന ഫുട്‌ബോള്‍ രാജ്യമാണ് ഇന്ത്യ. നല്ല നിലവാരമുള്ള, പ്രതിഭകളായ താരങ്ങള്‍ വളര്‍ന്നു വരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ വലിയ ഉയരത്തിലെത്തും. അതിന്റെ ഭാഗമാകുവാനുള്ള അവസരം ഭാഗ്യമായി കരുതുന്നു – പോര്‍ച്ചുഗല്‍ പറഞ്ഞു.

ഐ എസ് എല്‍, ഐ ലീഗ് മത്സരങ്ങള്‍ താന്‍ ധാരാളം കണ്ടിട്ടുണ്ട്. ഇന്ത്യന്‍ കളിക്കാരില്‍ വേഗതയും നിലവാരവും കളിയോടുള്ള താത്പര്യവും വ്യക്തമാണ്.
പരിശീലകന്‍ എന്ന നിലയില്‍ ഈ ഗുണങ്ങളെല്ലാം കളിക്കാരില്‍ വളര്‍ത്തിയെടുക്കാനാണ് താന്‍ പരിശ്രമിക്കുക – കോച്ച് പോര്‍ച്ചുഗല്‍ പറഞ്ഞു.
സംബ്രോട്ടക്ക് കീഴില്‍ കഴിഞ്ഞ സീസണില്‍ ഡല്‍ഹി മൂന്നാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്. സെമിഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോട് 3-0ന് പരാജയപ്പെട്ടു.
ഇത്തവണ ഡല്‍ഹി ഡൈനമോസ് ഇന്ത്യന്‍ താരങ്ങളെ നിലനിര്‍ത്തിയിട്ടില്ല. മിലന്‍ സിംഗ്, സൗവിക് ചക്രവര്‍ത്തി, അനസ് എടത്തൊടിക എന്നിങ്ങനെ ഇന്ത്യന്‍ ഫുട്‌ബോളിലെ മികച്ച കളിക്കാരെ ഡല്‍ഹി നിലനിര്‍ത്താഞ്ഞത് ആശ്ചര്യപ്പെടുത്തുന്നതായി.

ദോഹ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എസ്പയര്‍ അക്കാദമിയുമായി ടെക്‌നിക്കല്‍ പങ്കാളിത്തത്തിനും ഡൈനമോസ് മാനേജ്‌മെന്റ് ധാരണയിലെത്തിയിട്ടുണ്ട്.

Latest