ശശികലയുടെ വിഐപി പരിഗണന പുറത്തുകൊണ്ടുവന്ന ജയില്‍ ഡിഐജിക്ക് സ്ഥലംമാറ്റം

Posted on: July 17, 2017 2:04 pm | Last updated: July 17, 2017 at 4:28 pm

ബംഗളുരു: പരപ്പന അഗ്രഹാര ജയിലില്‍ ശശികലക്ക് പ്രത്യേക സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ജയില്‍ ഉദ്യോഗസ്ഥര്‍ ഇതിനായി രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്നും റിപ്പോര്‍ട്ട് നല്‍കിയ ജയില്‍ ഡിഐജി. ഡി രൂപയെ സ്ഥലംമാറ്റി. ട്രാഫിക് വിംഗിലേക്കാണ് സ്ഥലംമാറ്റിയത്.

രൂപയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ജയില്‍ ഡിജിപി എച്ച് എസ്എന്‍ റാവു, രൂപയുടെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ നിഷേധിച്ച് രംഗത്തുവന്നുവെങ്കിലും രൂപ നിലപാടില്‍ ഉറച്ചുനിന്നു. ഇതിന് പിന്നാലെയാണ് സ്ഥലംമാറ്റം.

ശശികലയുടെ സെല്ലില്‍ പ്രത്യേക അടുക്കള ഒരുക്കിയിട്ടുണ്ടെന്നും രണ്ട് തടവുകാരെ ഭക്ഷണം തയ്യാറാക്കാന്‍ നിയോഗിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജയില്‍ ഡിജിപി, എച്ച്എസ് സത്യനാരായണ റാവുവും കീഴുദ്യോഗസ്ഥരും രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയാണ് വി ഐ പി സൗകര്യങ്ങള്‍ ഒരുക്കിയതെന്നും രൂപയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ജയിലില്‍ രഹസ്യ സന്ദര്‍ശനം നടത്തിയാണ് ഡി ഐ ജി രൂപ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറലിനും, ആഭ്യന്തര സെക്രട്ടറിക്കും അഴിമതി നിരോധന ബ്യൂറോ്ക്കുമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്.