‘പശുവിനെ കൊന്നാല്‍ 14 വര്‍ഷം തടവ്; വണ്ടിയിടിച്ച് മനുഷ്യന്‍ മരിച്ചാല്‍ രണ്ട് വര്‍ഷം’

Posted on: July 16, 2017 11:44 pm | Last updated: July 16, 2017 at 11:44 pm

ന്യൂഡല്‍ഹി: പശുവിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങളെയും പശുഹത്യക്കുള്ള ശിക്ഷയെയും വിമര്‍ശിച്ച് ഡല്‍ഹി അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജിയുടെ വിധിപ്രസ്താവം. മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരന്റെ മരണത്തിന് ഇടയാക്കിയ വ്യവസായിയുടെ മകന് ശിക്ഷ വിധിക്കവേയാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജ് സഞ്ജീവ് കുമാര്‍ പശു ഹത്യയെ പരാമര്‍ശിച്ചത്. ‘അഞ്ച് വര്‍ഷം തടവാണ് പശുവിനെ കൊന്നതിന് ശിക്ഷയായി ചില സംസ്ഥാനങ്ങളില്‍ ലഭിക്കുന്നതെങ്കില്‍, ഏഴ് വര്‍ഷവും, പതിനാല് വര്‍ഷവും മറ്റ് ചില സംസ്ഥാനങ്ങളില്‍ ശിക്ഷയായി നല്‍കുന്നു.

പക്ഷേ, അശ്രദ്ധയോടെ വണ്ടിയോടിച്ച് ഒരാളുടെ ജീവന്‍ എടുത്താല്‍ കിട്ടാവുന്ന ശിക്ഷ രണ്ട് വര്‍ഷമാണ്’. സഞ്ജീവ് കുമാര്‍ വിധിപ്രസ്താവത്തില്‍ പറയുന്നു.
2008ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അശ്രദ്ധമായി ബി എം ഡബ്ലിയു കാറോടിച്ച് മോട്ടോര്‍ സൈക്കിള്‍ യാത്രികന്റെ മരണത്തിന് ഇടയാക്കിയ പ്രമുഖ ഹരിയാന വ്യവസായിയുടെ മകന്‍ ഉത്സവ് ഭാസാണ് കേസിലെ പ്രതി. പത്ത് ലക്ഷം രൂപ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിനും രണ്ട് ലക്ഷം രൂപ പരുക്കേറ്റയാളിനും നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി ഉത്തരവിട്ടു.

ബി ബി എ വിദ്യാര്‍ഥിയായിരുന്ന ഭാസിന്‍ ഓടിച്ചിരുന്ന കാര്‍ സൗത്ത് ഡല്‍ഹിയില്‍ വെച്ച് അതിവേഗത്തില്‍ പാഞ്ഞ് വന്ന് അനുജ് ചൗഹാന്‍, മൃഗാഹങ്ക് ശ്രീവാസ്തവ് എന്നിവര്‍ സഞ്ചരിക്കുകയായിരുന്ന ബൈക്കിലിടിക്കുകയായിരുന്നു. ഇവര്‍ കാറിനടിയില്‍ അകപ്പെട്ടു പോയി. അനുജ് ആശുപത്രിയില്‍ മരിക്കുകയായിരുന്നു. പശുഹത്യക്ക് ലഭിക്കുന്ന അമിത പ്രാധാന്യവും റോഡിലെ അശ്രദ്ധമായ ഡ്രൈവിംഗ് പോലുള്ള കുറ്റകൃത്യങ്ങള്‍ക്ക് മതിയായ ശിക്ഷ ലഭിക്കാത്തതും വ്യക്തമാക്കുന്ന സഞ്ജീവ് കുമാറിന്റെ വിധിന്യായം മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഈ വൈരുധ്യം ശ്രദ്ധയില്‍ പെടുത്താന്‍ വിധി പകര്‍പ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയക്കും.