Connect with us

Gulf

ഖത്വറുമായി നല്ല ബന്ധം തുടരുമെന്ന് ട്രംപ്

Published

|

Last Updated

ദോഹ: ഖത്വറുമായി മികച്ച ബന്ധം തുടരാന്‍ കഴിയുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അയല്‍ രാജ്യങ്ങളുടെ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ യു എസ് സൈനിക താവളം ഖത്വറില്‍ നിന്ന് മാറ്റാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞു.
യു എസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ മേഖലയിലെ ആസ്ഥാനമായ ഖത്വറിലെ സൈനിക താവളത്തില്‍ 10,000ലധികം അമേരിക്കന്‍ സൈനികരുടെ സാന്നിധ്യമുണ്ട്.

ഖത്വറുമായി നല്ല ബന്ധം തുടരും. സൈനിക താവളത്തിന് പ്രശ്‌നമൊന്നുമുണ്ടാവുമെന്ന് കരുതുന്നില്ല ബുധനാഴ്ച സി ബി എന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. താവളം മാറ്റേണ്ടി വരികയാണെങ്കില്‍ മറ്റൊന്ന് സ്ഥാപിക്കാന്‍ 10 രാജ്യങ്ങള്‍ തയ്യാറായി നില്‍പ്പുണ്ട്. അവര്‍ തന്നെ അതിന് വേണ്ട പണം മുടക്കും. ഇത്തരം ആവശ്യങ്ങള്‍ക്ക് വേണ്ടി അമേരിക്ക വന്‍തോതില്‍ പണം മുടക്കേണ്ടി വരുന്ന കാലം കഴിഞ്ഞുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മാസം അയല്‍ രാജ്യങ്ങള്‍ ഉപരോധം ആരംഭിച്ചതിന് തൊട്ടുപിന്നാലെ ട്രംപ് നടത്തിയ ട്വീറ്റുകളില്‍ അതിനെ പിന്തുണക്കുന്നതായി സൂചിപ്പിച്ചിരുന്നു.
തന്റെ മിഡില്‍ ഈസ്റ്റ് യാത്രയ്ക്ക് ഫലം കണ്ടു തുടങ്ങിയെന്നും തീവ്ര പ്രത്യയശാസ്ത്രങ്ങള്‍ക്ക് ഫണ്ട് ലഭിക്കുന്നത് അവസാനിക്കണമെന്നുമായിരുന്നു ട്രംപിന്റെ ട്വീറ്റ്.

സഊദി അറേബ്യ അമേരിക്കയില്‍ നിന്ന് കോടികളുടെ സൈനിക ഉപകരണങ്ങള്‍ വാങ്ങുന്ന കാര്യം ട്രംപ് അഭിമുഖത്തില്‍ എടുത്തു പറഞ്ഞു. ട്രംപിന്റെ സന്ദര്‍ശന സമയത്ത് 11000 കോടി ഡോളറിന്റെ സൈനിക കരാറിലാണ് സഊദി ഒപ്പിട്ടത്.
വ്യാഴാഴ്ച സഊദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി ഫോണില്‍ സംസാരിച്ച ട്രംപ് ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്ന കാര്യം ചര്‍ച്ച ചെയ്തതായി വൈറ്റ് ഹൗസ് അറിയിച്ചു.